കൈരാന: വോട്ടെണ്ണല്‍ പുരോഗമിക്കവേ കൈരാനയില്‍ ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബസും ഹസന് മുന്നേറ്റം. 12790 വോട്ടുകളാണ് ഹസന് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മൃഗംഗ സിങ്ങിന് 8029 വോട്ടുകളും ലഭിച്ചു.

2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.പിയില്‍ രൂപംകൊണ്ട പ്രതിപക്ഷ ഐക്യം തെരഞ്ഞെടുപ്പില്‍ ഏതുതരത്തില്‍ പ്രതിഫലിക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാവും ഈ ഉപതെരഞ്ഞെടുപ്പ് എന്ന വിലയിരുത്തലുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പിയെ സംബന്ധിച്ച് ഈ സീറ്റ് നഷ്ടമാകാതെ നിലനിര്‍ത്തുകയെന്നത് ആവശ്യമായിരുന്നു.

ബി.ജെ.പി എം.പി ഹുക്കും സിങ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് കൈരാനയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഹുക്കുംസിങ്ങിന്റെ മകളാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.


Also Read:ആര്‍.എസ്.എസിന്റെ ക്ഷണം സ്വീകരിച്ചത് വിഷയമല്ല; അവരുടെ തെറ്റുകള്‍ പറഞ്ഞുകൊടുക്കണമെന്ന് പ്രണബ് മുഖര്‍ജിയോട് ചിദംബരം


 

കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെയാണ് തബസും ഹസന്‍ മത്സരിക്കുന്നത്.

ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 746 വോട്ടിന്റെ ഭൂരിപക്ഷം ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കുണ്ടായിരുന്നു. പോസ്റ്റല്‍ ബാലറ്റുകളിലും ബി.ജെ.പിയാണ് മുന്നിട്ടു നിന്നത്.

മെയ് 28നാണ് കൈരാനയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2014നുശേഷം യു.പിയില്‍ നടക്കുന്ന നാലാമത്തെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പാണ് കൈരാനയിലേത്.

ഇ.വി.എം തകരാറിനെത്തുടര്‍ന്ന് കൈരാന വോട്ടെടുപ്പ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ശാംലി ജില്ലയില്‍ ഉള്‍പ്പെടെ പല ബൂത്തുകളിലും കഴിഞ്ഞദിവസം റീ പോളിങ് നടത്തുകയും ചെയ്തിരുന്നു.