ഓള്‍ ഔട്ട് ചരിത്രത്തില്‍ ലോകം കീഴടക്കി റിഷബ് പന്ത്; സിംഹാസനത്തില്‍ ഇനി ഇവന്‍ വാഴും
Cricket
ഓള്‍ ഔട്ട് ചരിത്രത്തില്‍ ലോകം കീഴടക്കി റിഷബ് പന്ത്; സിംഹാസനത്തില്‍ ഇനി ഇവന്‍ വാഴും
ശ്രീരാഗ് പാറക്കല്‍
Wednesday, 19th August 2026, 9:32 pm

ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ലങ്കയുടെ തട്ടകമായ ഗല്ലെയില്‍ നടന്ന മത്സരത്തില്‍ 165 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 372 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 206 റണ്‍സിന് പുറത്താകുകയായിരുന്നു.

സ്‌കോര്‍

ഇന്ത്യ – 462 & 193

ശ്രീലങ്ക – 284 & 206 (T: 372)

ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്താണ്. 69 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 66 റണ്‍സാണ് താരം നേടിയത്. ആദ്യ ഇന്നിങ്‌സില്‍ 62 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 39 റണ്‍സും പന്ത് നേടിയിരുന്നു.

ഇതോടെ ഒരു മിന്നും നേട്ടവും പന്തിന് നേടാന്‍ സാധിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ടീം 200 റണ്‍സിന് താഴെ ഓള്‍ ഔട്ട് ആകുമ്പോള്‍ ഏറ്റവും മികച്ച ബാറ്റിങ് ആവറേജ് ഉള്ള താരമാകാനാണ് പന്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ ലങ്കന്‍ താരം നിരോഷന്‍ ഡിക്‌വെല്ലയെ മറികടന്നാണ് താരം ഒന്നാമനായത്.

Photo: BCCI/x.com

ടെസ്റ്റ് ചരിത്രത്തില്‍ ടീം 200 റണ്‍സില്‍ താഴെ ഓള്‍ഔട്ടായ മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരിയുള്ള താരം

റിഷബ് പന്ത് (ഇന്ത്യ) – 29.2

നിരോഷന്‍ ഡിക്‌വെല്ല (ശ്രീലങ്ക) – 26.5

ബാബര്‍ അസം (പാകിസ്ഥാന്‍) – 26.5

ആഞ്ചലോ മാത്യൂസ് (ശ്രീലങ്ക) – 25.3

ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (വെസ്റ്റ് ഇന്‍ഡീസ്) – 25.2

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഇന്നിങ്‌സിലും മിന്നും ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ ഓള്‍റൗണ്ടര്‍ മാനവ് സുതറാണ്. ആദ്യ ഇന്നിങ്‌സില്‍ 76 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും നേടിയാണ് മാനവ് ലങ്കന്‍ നിരയിലെ തകര്‍ത്തത്.

ഇതിന് പുറമെ ശ്രീലങ്കന്‍ ടെസ്റ്റില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തുന്ന ഇന്ത്യന്‍ താരമാകാനും മാനവിന് സാധിച്ചു (10/ 131). നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 17 വിക്കറ്റാണ് താരം നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയാണ് താരം കരുത്ത് കാട്ടിയത്. 230 പന്തുകളില്‍ നിന്നും 15 ഫോറുകളും ഒരു സിക്സും അടക്കം 167 റണ്‍സാണ് പടിക്കല്‍ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 75 പന്തില്‍ 44 റണ്‍സ് നേടിയും താരം മികവ് പുലര്‍ത്തി. ദേവ്ദത്താണ് മത്സരത്തിലെ താരവും.

ഈ വിജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തുകയും ചെയ്തു. ഓഗസ്റ്റ് 23നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഈ മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ഇന്ത്യ ലക്ഷ്യം വെക്കുക. മറുഭാഗത്ത് പരമ്പര സമനിലയാക്കാന്‍ ലങ്കക്ക് വിജയം അനിവാര്യമാണ്.

Content Highlight: Rishabh Pant In Great Record Achievement In Test Cricket

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ