മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടുകളിലൊന്നാണ് രണ്ടാമൂഴം. എം.ടി. വാസുദേവന്‍ നായര്‍ രചിച്ച നോവല്‍ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മഹാഭാരതത്തെ ഭീമന്റെ വീക്ഷണകോണിലൂടെ കാണുന്ന നോവലാണ് രണ്ടാമൂഴം. ഒരുപാട് കാലമായി രണ്ടാമൂഴം സിനിമയാകുകയാണെന്ന് സിനിമാലോകത്ത് ഉയര്‍ന്നുകേള്‍ക്കുന്ന വാര്‍ത്തയാണ്.
മോഹന്‍ലാലാകും ചിത്രത്തിലെ നായകനെന്നായിരുന്നു അടുത്തകാലം വരെ കേട്ടിരുന്നത്. എന്നാല്‍ അടുത്തിടെ രണ്ടാമൂഴത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നുകേട്ടത് മറ്റൊരു പേരായിരുന്നു. കന്നഡ താരം റിഷബ് ഷെട്ടി രണ്ടാമൂഴത്തില്‍ നായകനായേക്കുമെന്നായിരുന്നു റൂമറുകള്‍. ഇപ്പോഴിതാ റിഷബ് ഷെട്ടി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.
കഴിഞ്ഞദിവസം ന്യൂസ് 18 ചാനല്‍ സംഘടിപ്പിച്ച അവാര്‍ഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്താര 2ന് ശേഷം അടുത്ത പ്രൊജക്ടുകള്‍ ഏതൊക്കെയാണെന്ന് റിഷബിനോട് അവതാരകര്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം തന്റെ ലൈനപ്പുകള്‍ താരം വ്യക്തമാക്കി. സംവിധാനത്തിലേക്ക് അടുത്തൊന്നും കടക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘കാന്താരക്ക് വേണ്ടി മാത്രം നാലുവര്‍ഷത്തോളം സംവിധാനത്തില്‍ മാത്രം ശ്രദ്ധ നല്‍കി. ഇനി കുറച്ചുകാലത്തേക്ക് ഡയറക്ഷന്‍ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ല. നടനായി കുറച്ച് സിനിമകള്‍ ചെയ്യാനാണ് ഇപ്പോള്‍ പ്ലാന്‍. അതില്‍ ആദ്യത്തേത് ജയ് ഹനുമാനാണ്. ആ സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം ആ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
റിഷബ് ഷെട്ടി Photo: Screen grab/ News 18 Clik
അതിന് ശേഷം ഒരു സിനിമ കൂടി ചെന്നുണ്ട്. എന്നിട്ട് മാത്രമേ സംവിധാനത്തിലേക്ക് കടക്കുകയുള്ളൂ. ഒരു പ്രൊജക്ട് ഏറെക്കുറെ കണ്‍ഫേമായി. അതിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് വന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകുള്ളൂ. മിത്തോളജിക്കല്‍ സബ്ജക്ട് തന്നെയാണ് ആ സിനിമക്കും,’ റിഷബ് ഷെട്ടി പറഞ്ഞു.
ഇതോടെ രണ്ടാമൂഴം സംവിധാനം ചെയ്യുന്നത് റിഷബ് തന്നെയാണെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. നായകവേഷം അദ്ദേഹം തന്നെ കൈകാര്യം ചെയ്യുമോ എന്ന് മാത്രമാണ് പലരും ഉറ്റുനോക്കുന്നത്. മലയാളത്തിലെ ഹിറ്റ് നോവലിന് എം.ടി ഒരുക്കിയ സ്‌ക്രിപ്റ്റിനെ റിഷബ് എങ്ങനെ സമീപിക്കുമെന്നും പലരും ആകാംഷയോടെ നോക്കുന്നുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം സംവിധാനം ചെയ്‌തേക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഒടിയന്റെ റിലീസിന് ശേഷം എം.ടി ശ്രീകുമാര്‍ മേനോനില്‍ നിന്ന് സ്‌ക്രിപ്റ്റ് തിരിച്ചുവാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. രണ്ടാമൂഴം സിനിമയാകുമോ ഇല്ലയോ എന്ന് വരുംദിവസങ്ങളില്‍ അറിയാനാകും.
Content Highlight: Rishab Shetty gives hint that he might direct Randamoozham