'മറ്റൊരു ഗ്രഹത്തില്‍ നിന്നുള്ളവന്‍'; റോണോ ഒറ്റയ്ക്ക് കളി ജയിപ്പിക്കുന്നവനെന്ന് പ്രശംസിച്ച് ഇംഗ്ലണ്ട് ഫുട്‌ബോളര്‍
Football
'മറ്റൊരു ഗ്രഹത്തില്‍ നിന്നുള്ളവന്‍'; റോണോ ഒറ്റയ്ക്ക് കളി ജയിപ്പിക്കുന്നവനെന്ന് പ്രശംസിച്ച് ഇംഗ്ലണ്ട് ഫുട്‌ബോളര്‍
ഫസീഹ പി.സി.
Monday, 23rd March 2026, 8:54 pm

ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കവര്‍ന്ന ഇതിഹാസങ്ങളില്‍ ഒരാളാണ് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മൈതാനത്ത് താരം പുറത്തെടുക്കുന്ന കളി മികവ് ഓരോ നിമിഷവും ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. Photo: TCR/x.com

റോണോയുടെ ഷോട്ടുകളും മികവും മാത്രമല്ല, താരത്തെ കുറിച്ച് മറ്റുള്ളവര്‍ പറയുന്ന വാക്കുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതുപോലെ ഒന്നാണ് കഴിഞ്ഞ വര്‍ഷം മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡറും റോണോയുടെ സഹതാരവുമായിരുന്ന റിയോ ഫെര്‍ഡിനാന്‍ഡിന്റെ വാക്കുകള്‍.

ക്രിസ്റ്റ്യാനോ മറ്റൊരു ഗ്രഹത്തില്‍ നിന്നുള്ളവനാണെന്നും ഇങ്ങനെയൊരാളെ കാണുന്നത് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ റയല്‍ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയറില്‍ നിന്നും കിലിയന്‍ എംബാപ്പെയില്‍ നിന്നും റോണോ വളരെ വ്യത്യസ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി മോ ഷോ എന്ന പരിപാടിയില്‍ സംസാരിച്ച റിയോ ഫെര്‍ഡിനാന്‍ ഡിന്റെ വാക്കുകള്‍ ആരാധകര്‍ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണ്.

റിയോ ഫെർഡിനാൻഡ്. Photo: Skysports

‘ക്രിസ്റ്റ്യാനോ ക്രിസ്റ്റ്യാനോ ആയിരുന്നു. അവന്‍ മറ്റൊരു ഗ്രഹത്തില്‍ നിന്നുള്ള ഒരാളെ പോലെ. ഇതുപോലെ വേറെ ഒരാളെ കാണുകയെന്നത് അസാധ്യമാണ്. ഇനി അത് ഒരിക്കലും നടക്കാനും സാധ്യതയില്ല.

യുണെറ്റഡിലെയും റയല്‍ മാഡ്രിഡിലെയും അദ്ദേഹത്തിന്റെ കരിയറുകള്‍ ലോകോത്തര നിലവാരമുള്ളതായിരുന്നു. യുണൈറ്റഡിലായപ്പോള്‍ റോണോ ഗോള്‍ സ്‌കോററും ബാലണ്‍ ഡി ഓര്‍ ജേതാവും ഇടത് വിങ്ങറുമായിരുന്നു. മാഡ്രിഡിലെത്തിയപ്പോള്‍ അദ്ദേഹം ഒറ്റയ്ക്ക് ടീമിനെ ജയിപ്പിക്കുന്നവനുമായി .

അത് ലാമിന്‍ യമാല്‍ ഇപ്പോള്‍ കളിക്കുന്ന പൊസിഷന്‍ മാറി റൈറ്റ് വിങ്ങില്‍ കളിക്കാന്‍ ആവശ്യപ്പെടുന്നതും പിന്നീട് ഹാളണ്ടിനെപ്പോലെ ഒമ്പതാം നമ്പര്‍ കളിക്കാരനായി സെന്റര്‍ ഫോര്‍വേഡിലേക്ക് പോയി കളി ജയിപ്പിക്കാനും ആവശ്യപ്പെടുന്നത് പോലെയുള്ള ഒരു കാര്യമാണ്.

അങ്ങനെയൊന്ന് മറ്റൊരും ചെയ്യുന്നില്ല. വിനീഷ്യസിന്റെ കാര്യത്തില്‍ അങ്ങനെയൊന്ന് സംഭവിക്കുന്നില്ല. അവന്‍ ഒരു ലെഫ്റ്റ് വിങ്ങറും പിന്നീട് ഒമ്പതാം നമ്പര്‍ കളിക്കാരനുമായി മാറുക അസാധ്യമാണ്. എംബാപ്പെയും അത് ചെയ്തിട്ടില്ല,’ റിയോ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo” TCR/x.com

2009ലാണ് ഇംഗ്ലണ്ട് ഫുട്‌ബോളറായ റിയോ ഫെര്‍ഡിനാന്‍ഡ് റൊണാള്‍ഡൊക്കൊപ്പം കളിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലാണ് ഇരുവരും ഒരുമിച്ച് പന്ത് തട്ടിയത്.

അതേസമയം, 1000 ഗോളുകള്‍ എന്ന മാന്ത്രിക സംഖ്യയിലേക്ക് കുതിക്കുകയാണ് റൊണാള്‍ഡോ. നിലവില്‍ താരത്തിന് 965 ഗോളുകളുണ്ട്.

 

Content Highlight: Rio Ferdinand talks about Cristiano Ronaldo

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി