കേരളത്തില്‍ വലിയ ഫാന്‍ബോസുള്ള ഡിജിറ്റല്‍ മീഡിയ ക്രിയേറ്റേഴ്‌സാണ് കരിക്ക്. തേരാപാര എന്ന പേരില്‍ യൂട്യൂബിലൂടെ പുറത്തിറങ്ങിയ വെബ് സിരീസിലൂടെ വമ്പന്‍ പ്രേക്ഷകസ്വീകാര്യത നേടിയ കരിക്കിന്റെ ഓരോ എപ്പിസോഡിനായും വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുള്ളത്. എന്നാല്‍ തുടക്കത്തേതില്‍ നിന്നും വ്യത്യസ്തമായി വലിയ ടൈം ഗ്യാപ്പിലാണ് കരിക്കിന്റെ എപ്പിസോഡുകള്‍ സമീപ കാലത്ത് പുറത്തിറങ്ങുന്നത്.

കരിക്ക്. തേരാപാര. Photo: Karikku

ഇത്തരത്തില്‍ വലിയ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം പുറത്തുവന്ന കരിക്കിന്റെ പുതിയ എപ്പിസോഡാണ് ജയില്‍ ചില്‍. ഒരു ജയിലും ഒരു പറ്റം തടവുകാരും ഇവര്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങളും പശ്ചാത്തലമാക്കിയാണ് ജയില്‍ ചില്‍ ഒരുക്കിയിരിക്കുന്നത്. നാല്‍പ്പത് മിനുട്ടിലധികം ദൈര്‍ഘ്യമുള്ള ജയില്‍ ചില്ലിന് രണ്ട് ദിവസത്തിനുള്ളില്‍ അമ്പത് ലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്.

എന്നാല്‍ കരിക്ക് സൃഷ്ടിച്ചുവെച്ച ബെഞ്ച് മാര്‍ക്ക് മീറ്റ് ചെയ്യാന്‍ പുതിയ വീഡിയോക്ക് സാധിച്ചിട്ടില്ലെന്നാണ് പലരുടെയും അഭിപ്രായം. ഫേസ്ബുക്കിലെ സിനിമാ പേജുകളിലൊന്നില്‍ കരിക്കിന്റെ ആരാധകനെന്ന് അവകാശപ്പെടുന്ന വ്യക്തി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പഴയ വീഡിയോസിനെ അപേക്ഷിച്ച് ജയില്‍ ചില്ലിനും അഭിനേതാക്കള്‍ക്കും എവിടെയാണ് പാളിച്ച പറ്റിയതെന്ന പരിശോധനയാണ് പോസ്റ്റിന് ആധാരം.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വീഡിയോ തികച്ചും നിരാശപ്പെടുത്തിയെന്നാണ് കുറിപ്പ് എഴുതിയ ആളുടെ അഭിപ്രായം. കരിക്കിലെ പ്രധാന താരങ്ങളെല്ലാം ജയില്‍ പുള്ളികളും പൊലീസുകാരുമായി വേഷമിട്ട വീഡിയോയില്‍ ലോലന്‍ മാത്രമാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചതെന്നാണ് വിലയിരുത്തല്‍. കഥാപാത്രത്തിന് വേണ്ടി ലോലന്‍ നല്‍കിയ എക്‌സ്‌പ്രെഷനുകളും സൗണ്ട് മോഡുലേഷനും മികച്ചതായിരുന്നു. വീഡിയോയുടെ അവസാന ഭാഗത്ത് സീനിയര്‍ പൊലീസ് ഓഫീസറായെത്തുന്ന ശംഭുവിനും കൈയടികള്‍ ലഭിക്കുന്നുണ്ട്.

എന്നാല്‍ കരിക്കിലെ മറ്റ് പ്രധാന താരങ്ങളായ അര്‍ജുനും ജോര്‍ജും കൃഷ്ണചന്ദ്രനും അടക്കം ആരും ചിരിപ്പിച്ചില്ലെന്നും പല രംഗങ്ങളിലും ഇവരുടെ തമാശകളും എക്‌സ്‌പ്രെഷനുകളും അരോചകരമായിരുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു. ഉണ്ടംപൊരിയുമായി ഉപമിച്ചിട്ടുളള തമാശകള്‍ വലിച്ചുനീട്ടി വെറുപ്പിച്ചെന്നും ആദ്യമായാണ് നല്ല തമാശകളില്ലാതെ ഒരു കരിക്ക് വീഡിയോ കാണുന്നതെന്നും വിമര്‍ശനമുണ്ട്.

കരിക്ക്. Photo: Cinema Express

ജീവിതത്തില്‍ ഡാര്‍ക്ക് അടിച്ചിരുന്ന പല സന്ദര്‍ഭങ്ങളിലും മാനസികമായി ഒരുപാട് സഹായിച്ച കൂട്ടരാണ് കരിക്കെന്നും. ഒരുപാട് റിപ്പീറ്റ് വാല്യൂവുള്ള വീഡിയോസ് കരിക്ക് നല്‍കിയിട്ടുണ്ടെന്നും പോസ്റ്റില്‍ പ്രതിപാദിക്കുന്നു. പഴയ പ്രതാപത്തിലേക്ക് കരിക്ക് ടീം തിരിച്ചുവരുമെന്നും അണിയറയില്‍ ഒരുങ്ങുന്ന കരിക്ക് ടീമിന്റെ കോമഡി ചിത്രം വലിയ വിജയമായി മാറുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് പോസ്റ്റ് അവസാനിക്കുന്നത്.

Content Highlight: Review about Karikku New video Jail Chill goes viral on social media