ലാലേട്ടന്റെ നന്ദിനിയല്ല, സല്‍മാന്റെ മാഗി; ചര്‍ച്ചയായി രേവതിയും സല്‍മാന്‍ ഖാനും ഒന്നിച്ച ചിത്രം
Malayalam Cinema
ലാലേട്ടന്റെ നന്ദിനിയല്ല, സല്‍മാന്റെ മാഗി; ചര്‍ച്ചയായി രേവതിയും സല്‍മാന്‍ ഖാനും ഒന്നിച്ച ചിത്രം
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 18th March 2026, 10:00 pm

കിലുക്കം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രേവതി. കിലുക്കത്തിന് ശേഷം ഒട്ടനവധി ചിത്രങ്ങളില്‍ താരം പ്രധാനവേഷത്തിലെത്തിയെങ്കിലും മോഹന്‍ലാലിനൊപ്പമുള്ള കിലുക്കത്തില്‍ ഭ്രാന്തിയായി വേഷമിട്ട നന്ദിനിയോട് പ്രേക്ഷകര്‍ക്ക് എന്നും പ്രത്യേക ഇഷ്ടമാണുള്ളത്. തമിഴ് ചിത്രം മണ്ണ് വാസനൈ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷാ ചിത്രങ്ങളിലും സജീവമായിരുന്നു.

രേവതി. Photo: ParentCircle

സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളില്‍ താരം അഭിനയിച്ച പല വേഷങ്ങളും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമാണെങ്കിലും ഹിന്ദിയില്‍ സല്‍മാന്‍ ഖാന്റെ നായികയായി രേവതി അഭിനയിച്ചതിനെക്കുറിച്ച് പലര്‍ക്കും അറിവില്ല. 1991 ല്‍ പുറത്തിറങ്ങിയ ലവ് എന്ന ചിത്രത്തിലാണ് സല്‍മാനും രേവതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം ബോക്‌സ ഓഫീസില്‍ വേണ്ടത്ര വിജയം കൈവരിച്ചില്ലെങ്കിലും ചിത്രത്തിലെ ഗാനങ്ങള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

1991 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം രണ്ട് തവണയാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്. 2004 ല്‍ പുറത്തിറങ്ങിയ ഫിര്‍ മിലേങ്കെയിലും 2023 ല്‍ പുറത്തിറങ്ങിയ ടൈഗര്‍ 3 യിലും ഇരുവരും പ്രധാനവേഷത്തിലെത്തിയിരുന്നു. 2023ല്‍ ടൈഗറിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു ടെലിവിഷന്‍ ഷോക്കിടെ ഇരുവരും വീണ്ടും കണ്ടുമുട്ടിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ലവ് എന്ന ചിത്രത്തിലെ സാത്തിയ, തുനേ ക്യാ കിയാ എന്ന ഗാനത്തിന് നൃത്തം വെച്ചായിരുന്നു ഇരുവരും ഒത്തുച്ചേരല്‍ അവിസ്മരണീയമാക്കിയത്.

തെലുങ്ക് സംവിധായകനായ സുരേഷ് കൃഷ്ണയുടെ തന്നെ പ്രേമ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ലവ്. ഒറിജിനിലിനെ പോലെ തിയേറ്ററുകളില്‍ വേണ്ടത്ര വിജയം നേടാന്‍ സാധിക്കാതെ പോയ ചിത്രത്തിന്റെ ട്രാജിക്കായ ക്ലൈമാക്‌സ് മാറ്റി വീണ്ടും റിലീസ് ചെയ്‌തെങ്കിലും ചിത്രം പരാജയമാകുകയായിരുന്നു. എന്നാല്‍ എസ്.പി ബാലസുബ്രമണ്യത്തിന്റെയും കെ.എസ് ചിത്രയുടെയും ശബ്ദത്തില്‍ പിറന്ന ഗാനത്തിന് വലിയ ആരാധക കൂട്ടമാണ് ഇപ്പോഴുമുള്ളത്.

ലവ്.. Photo: IMDB

1983 ല്‍ പുറത്തിറങ്ങിയ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് രേവതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തമിഴില്‍ കമല്‍ ഹാസനൊപ്പം അഭിനയിച്ച പുണ്ണഗി മന്നന്‍ എന്ന ചിത്രത്തിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ താരം തമിഴിലെ ഏറ്റവും തിരക്കുള്ള അഭിനേത്രിയായി മാറുകയും ചെയ്തിരുന്നു. കിലുക്കത്തിന് പുറമെ രാവണപ്രഭു, ദേവാസുരം, ഭൂതകാലം, മിഴി രണ്ടിലും, അനന്തഭദ്രം, നന്ദനം, മായാമയൂരം തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു.

Content Highlight: Revathy’s video with Salman Khan goes viral on social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.