500 കോടി വേണമെന്ന് ഹൃതിക്, 350 കോടി മാത്രമേ തരുള്ളൂവെന്ന് യഷ് രാജ് ഫിലിംസ്, ഷൂട്ട് തുടങ്ങും മുന്നേ ക്രിഷ് 4 അനിശ്ചിതത്വത്തില്‍
Indian Cinema
500 കോടി വേണമെന്ന് ഹൃതിക്, 350 കോടി മാത്രമേ തരുള്ളൂവെന്ന് യഷ് രാജ് ഫിലിംസ്, ഷൂട്ട് തുടങ്ങും മുന്നേ ക്രിഷ് 4 അനിശ്ചിതത്വത്തില്‍
അമര്‍നാഥ് എം.
Monday, 9th February 2026, 2:09 pm

ഇന്ത്യന്‍ സൂപ്പര്‍ഹീറോകളില്‍ ഏറ്റവും ആരാധകരുള്ള കഥാപാത്രമാണ് ക്രിഷ്. രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ക്രിഷ് ഫ്രാഞ്ചൈസിയില്‍ ഇതുവരെ മൂന്ന് ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. മൂന്നാം ഭാഗമൊഴികെ ബാക്കി രണ്ട് പാര്‍ട്ടുകളും വന്‍ വിജയമാണ് സ്വന്തമാക്കിയത്. ക്രിഷിന്റെ നാലാം ഭാഗം ഒരുങ്ങുകയാണെന്ന് ഒരുപാട് കാലമായി ഉയര്‍ന്നുകേള്‍ക്കുന്ന വാര്‍ത്തയാണ്.

രാകേഷ് റോഷന് പകരം ഹൃതിക് റോഷന്‍ ക്രിഷ് 4 സംവിധാനം ചെയ്യുകയെന്നും ഇതിനിടയില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നായിരുന്നു പുറത്തുവന്ന വിവരം. ഇപ്പോഴിതാ ചിത്രം മറ്റൊരു പ്രതിസന്ധിയിലായിരിക്കുകയാണ്. ബജറ്റിനെച്ചൊല്ലി സംവിധായകനും നിര്‍മാതാക്കളും തമ്മില്‍ പ്രശ്‌നത്തിലാണെന്നാണ് അഭ്യൂഹങ്ങള്‍.

ചിത്രത്തിനായി ഹൃതിക് റോഷന്‍ ആവശ്യപ്പെട്ടത് 500 കോടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസിന് ഇത്രയും വലിയ ബജറ്റ് താങ്ങാനാകില്ലെന്നും 350 കോടിയില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാരണത്താല്‍ ക്രിഷ് 4 താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

നിലവില്‍ ഹൃതിക്കിന്റെ മുന്നില്‍ രണ്ട് വഴികളുണ്ടെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. ഒന്നുകില്‍ യഷ് രാജ് ഫിലിംസ് പറയുന്ന രീതിയില്‍ ബജറ്റ് കുറവുള്ള തരത്തില്‍ സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തുക. അതല്ലെങ്കില്‍ ഇതേ ബജറ്റ് ഏറ്റെടുക്കാന്‍ കഴിയുന്ന മറ്റേതെങ്കിലും സ്റ്റുഡിയോയെ സമീപിക്കുക എന്നാണ് സിനിമാപേജുകളുടെ അഭിപ്രായം.

ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ സൂപ്പര്‍ഹീറോയുടെ ഭാവി എന്താകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. അപാര പൊട്ടന്‍ഷ്യലുണ്ടായിട്ടും അത് വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നില്ലെന്നാണ് ഹൃതിക് റോഷനെക്കുറിച്ച് ഉയരുന്ന പ്രധാന ആരോപണം. താരത്തിന് അവസാനമായി ക്ലീന്‍ ഹിറ്റ് ലഭിച്ചത് 2019ലാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത വാര്‍ ആണ് ഹൃതിക്കിന്റെ അവസാന ഹിറ്റ്.

വാറിന് ശേഷം ഹൃതിക് നായകനായ വിക്രം വേദ, ഫൈറ്റര്‍, വാര്‍ 2 എന്നീ ചിത്രങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഇപ്പോഴിതാ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിഷ് 4ന്റെ കാര്യവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഹൃതിക്കിനെ സൂപ്പര്‍സ്റ്റാറാക്കി ഉയര്‍ത്തിയത് ക്രിഷ് ഫ്രാഞ്ചൈസായിരുന്നു. 2003ല്‍ പുറത്തിറങ്ങിയ കോയി മില്‍ ഗയ ഇന്നും പലരുടെയും ഫേവറെറ്റാണ്. മൂന്ന് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ക്രിഷും ബ്ലോക്ക്ബസ്റ്ററായി മാറി. എന്നാല്‍ ക്രിഷ് 3 പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാതെ പോയി. നാലാംഭാഗം വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

Content Highlight: Reports that Hrithik Roshan and Yash Raj Films are in dispute over the budget of Krrish 4 movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം