അര്‍ജന്റൈന്‍ സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരസിനായുള്ള ശ്രമങ്ങള്‍ എളുപ്പമാകില്ലെന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗങ്ങള്‍ തേടി എഫ്.സി ബാഴ്‌സലോണ.
ആഴ്‌സണലിന്റെ സ്വീഡിഷ് സ്‌ട്രൈക്കര്‍ വിക്ടര്‍ ഗ്യോക്കറസിനെ ടീമിലെത്തിക്കാന്‍ കറ്റാലന്‍മാര്‍ ശ്രമിക്കുന്നതായി സ്പാനിഷ് മാധ്യമമായ എല്‍ ചിരിംഗ്വിറ്റോ റിപ്പോര്‍ട്ട് ചെയ്തു.
ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഒരു പുതിയ മുന്നേറ്റനിര താരത്തെ സ്വന്തമാക്കാനുള്ള കടുത്ത ശ്രമത്തിലാണ് ലാ ലിഗ ചാമ്പ്യന്മാര്‍.
കരാര്‍ അവസാനിച്ചതിന് പിന്നാലെ ബാഴ്‌സലോണയുടെ പ്രധാന സ്‌ട്രൈക്കറായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ജൂണില്‍ എം.എല്‍.എസ് ക്ലബ്ബായ ഷതിക്കാഗോ ഫയറിലേക്ക് മാറിയിരുന്നു. ഇതിനുപിന്നാലെ ബാക്കപ്പ് ഓപ്ഷനായ ഫെറാന്‍ ടോറസ് പി.എസ്.ജി കരാറിലെത്തി. ഇതോടെയാണ് മുന്നേറ്റനിരയില്‍ ബാഴ്‌സക്ക് ആളില്ലാത്ത അവസ്ഥ വന്നത്.
അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ജൂലിയന്‍ അല്‍വാരസിനെ സ്വന്തമാക്കാനാണ് ബാഴ്‌സ പ്രധാനമായും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ താരത്തെ വിട്ടുകൊടുക്കാന്‍ സ്പാനിഷ് സൂപ്പര്‍ ടീം തയ്യാറാകാത്ത സാഹചര്യത്തിലാണ് ബാഴ്‌സലോണ പുതിയ ഓപ്ഷനുകള്‍ പരിഗണിക്കുന്നത്.
വിക്ടര്‍ ഗ്യോക്കറസ്
സ്പാനിഷ് മാധ്യമമായ എല്‍ ചിരിംഗ്വിറ്റോയിലെ മാധ്യമപ്രവര്‍ത്തകന്‍ ഹോസെ അല്‍വാരസ് നല്‍കുന്ന വിവരമനുസരിച്ച്, ഫെറാന്‍ ടോറസിന്റെ പടിയിറക്കത്തിന് ശേഷം ബാഴ്‌സലോണ ഗ്യോക്കറസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ്.
താരത്തെ വിട്ടുനല്‍കാന്‍ ആഴ്‌സണല്‍ തയ്യാറാണോ എന്ന് അറിയാന്‍ ബാഴ്‌സലോണ ഉടന്‍ തന്നെ ക്ലബ്ബുമായി ബന്ധപ്പെടും.
കഴിഞ്ഞ സമ്മറിലാണ് സ്വീഡിഷ് വണ്ടര്‍ കിഡ് പീരങ്കിപ്പടയ്‌ക്കൊപ്പം ചേര്‍ന്നത്. ഇംഗ്ലീഷ് ക്ലബ്ബിനായുള്ള തന്റെ കന്നി സീസണില്‍ എല്ലാ ടൂര്‍ണമെന്റുകളിലുമായി താരം 21 ഗോളുകള്‍ നേടിയിരുന്നു. ദേശീയ തലത്തില്‍ സ്വീഡന് വേണ്ടിയും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.