മൂന്ന് വമ്പന്‍ ചിത്രങ്ങള്‍ ഓണത്തിനെത്തുന്നു എന്ന സന്തോഷത്തിലായിരുന്നു മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം. നിവിന്‍ പോളി, പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരങ്ങള്‍ നായകന്മാരാകുന്ന ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ക്ലാഷ് റിലീസിനെത്തുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നതുമുതല്‍ സിനിമാപേജുകള്‍ സജീവമായിരുന്നു. നിവിന്റെ ബെത്‌ലഹേം കുടുംബ യൂണിറ്റ്, ദുല്‍ഖറിന്റെ ഐ ആം ഗെയിം, പൃഥ്വിയുടെ ഖലീഫ തുടങ്ങിയവയായിരുന്നു ലിസ്റ്റിലെ ചിത്രങ്ങള്‍.

Photo:X.com

എന്നാല്‍ ക്ലാഷ് റിലീസുമായി ബന്ധപ്പെട്ട് വരുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഓഗസ്റ്റ് 20ന് റിലീസ് നിശ്ചയിച്ചിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഐ ആം ഗെയിം റിലീസ് മാറ്റിവെച്ചേക്കുമെന്ന ശക്തമായ അഭ്യൂഹങ്ങളാണ് പ്രധാനപ്പെട്ട സിനിമാ പേജുകളിലെല്ലാം നിറയുന്നത്. ഇന്ന് രാവിലെ മുതല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും അഭ്യൂഹങ്ങള്‍ സ്ഥിരീകരിച്ചോ തള്ളിയോ ചിത്രവുമായി ബന്ധപ്പെട്ട ആരും തന്നെ രംഗത്തെത്തിയിട്ടില്ല.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തിന്റെ ബജറ്റ് 120 കോടിയോളമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു അടുത്തിടെ പുറത്തുവിട്ട ട്രെയ്‌ലറില്‍ കണ്ട വിഷ്വലുകള്‍. ഒരു ഹോളിവുഡ് ചിത്രത്തെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ കാര്‍ ചേസിങ്ങും വമ്പന്‍ ആക്ഷന്‍ രംഗങ്ങളും നിറഞ്ഞതായിരുന്നു ട്രെയ്‌ലര്‍. ഇത്തരത്തില്‍ ഒരു പക്കാ കൊമേഷ്യല്‍ ചിത്രമായി ഒരുക്കുന്നതിനാല്‍ തന്നെ ക്ലാഷ് റിലീസായി ചിത്രം റിലീസ് ചെയ്യുന്നത് ബോക്‌സ് ഓഫീസ് കളക്ഷനില്‍ കാര്യമായ ഇടിവ് സംഭവിക്കാന്‍ കാരണമാകുമെന്നും ഇതായിരിക്കും റെയ്‌സില്‍ നിന്നും പിന്മാറാനുള്ള കാരണമെന്നും പലരും അഭിപ്രായപ്പെടുന്നു.

Photo: X.com

ഓഗസ്റ്റ് 20ന് റിലീസിന് തയ്യാറെടുത്ത് പ്രൊമോഷനുകളെല്ലാം ആരംഭിച്ച ഘട്ടത്തില്‍ ഐ ആം ഗെയിമിന്റെ റിലീസ് മാറ്റിവെക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നവരുമുണ്ട്. 2023ല്‍ പുറത്തിറങ്ങി പരാജയപ്പെട്ട കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായി മലയാളത്തില്‍ പുറത്തിറങ്ങുന്ന ചിത്രമെന്ന രീതിയില്‍ വലിയ പ്രതീക്ഷയായിരുന്നു ഐ ആം ഗെയ്മിന് മേല്‍ ആരാധകര്‍ക്കുണ്ടായത്. മാറ്റിവെക്കുകയാണെങ്കില്‍ റിലീസ് ഡേറ്റ് ഇനിയും നീളുമെന്ന ആശങ്കയും പ്രേക്ഷകര്‍ക്കുണ്ട്.

Content Highlight: Reports of Dulquer Salmaan’s I’m Game out Of onam clash release