'നീ ചെയ്താല്‍ മതി നിന്നെക്കൊണ്ട് സാധിക്കും എന്ന് മമ്മൂക്ക പറഞ്ഞില്ലായിരുന്നെങ്കില്‍ ഇന്ന് ഞാനുണ്ടാകുമായിരുന്നില്ല: രഞ്ജിത്ത് ശങ്കര്‍
Mollywood
'നീ ചെയ്താല്‍ മതി നിന്നെക്കൊണ്ട് സാധിക്കും എന്ന് മമ്മൂക്ക പറഞ്ഞില്ലായിരുന്നെങ്കില്‍ ഇന്ന് ഞാനുണ്ടാകുമായിരുന്നില്ല: രഞ്ജിത്ത് ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th March 2018, 2:44 pm

 

മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. തന്റെ പുതിയ ചിത്രം “ഞാന്‍ മേരിക്കുട്ടി” തുടങ്ങുന്നതിനു മുന്നോടിയായി മമ്മൂട്ടിക്ക് നന്ദി പറഞ്ഞുകൊണ്ട് സംവിധായകന്‍ രഞ്ജിത് ശങ്കറിട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത്.

ഞാന്‍ മേരിക്കുട്ടിയുടെ ചിത്രീകരണം ആരംഭിച്ച മൂവാറ്റുപുഴയില്‍ ഇതേ ലൊക്കേഷനില്‍ വച്ചാണ് താന്‍ മമ്മൂട്ടിയ്ക്ക് പാസഞ്ചര്‍ സിനിമയുടെ തിരക്കഥ പറഞ്ഞുകൊടുത്തതെന്നും രഞ്ജിത് ശങ്കര്‍ പോസ്റ്റില്‍ പറയുന്നു.


പളുങ്ക് എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലായിരുന്നു അദ്ദേഹം തിരക്കഥ കേള്‍ക്കാന്‍ തയ്യാറായത്. അന്നാദ്യമായാണ് ഒരു സിനിമയുടെ സെറ്റ് താന്‍ കാണുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. തിരക്കഥ കേട്ട് അദ്ദേഹത്തിന് അതിഷ്ടമായി. ആരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഞാന്‍ തന്നെയെന്ന്. ചിരിച്ചുകൊണ്ട് മമ്മൂക്ക പറഞ്ഞു നിന്നെക്കൊണ്ട് അതു സാധിക്കുമെന്ന്.

അന്നദ്ദേഹം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ ഇന്ന് ഞാനൊരു സംവിധായകനാവില്ലായിരുന്നുവെന്നും രഞ്ജിത്ത് പോസ്റ്റില്‍ കുറിച്ചു. തന്റെ പത്താമത്തെ ചിത്രമാണിത്. അതിനെല്ലാം മമ്മൂക്കയോട് നന്ദിയുണ്ടെന്നും രഞ്ജിത് പറഞ്ഞു.

മേരിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതയാത്രയെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മേരിക്കുട്ടിയായി എത്തുന്നത് ജയസൂര്യയാണ്. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.