ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.
2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്. റെഡ് ബോളില്‍ കഴിഞ്ഞ സമീപകാലങ്ങളില്‍ ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനങ്ങള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഫോര്‍മാറ്റില്‍ തിരിച്ചുവരാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ലങ്കന്‍ സാഹചര്യങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇടം നേടിയിട്ടുണ്ട്. ഈ പരമ്പരയിലൂടെ തിരിച്ചുവരവ് ലക്ഷ്യമിടുന്ന ജഡേജക്ക് ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 350 വിക്കറ്റുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് ജഡേജയ്ക്ക് നടന്നുകയറാന്‍ സാധിക്കും.
ജഡേജ 350 വിക്കറ്റുകള്‍ സ്വന്തമാക്കിയാല്‍ മറ്റൊരു റെക്കോഡും താരത്തിന്റെ പേരില്‍ കുറിക്കപ്പെടും. റെഡ് ബോള്‍ ക്രിക്കറ്റില്‍ 4000 റണ്‍സും 350 വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നറായും ജഡേജയ്ക്ക് മാറാന്‍ സാധിക്കും.
ഇതിനുമുമ്പ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് മാത്രമാണ് ഇത്തരത്തിലുള്ള അവിശ്വസനീയ നേട്ടം കൈപിടിയിലാക്കിയിട്ടുള്ളൂ. 5428 റണ്‍സും 434 വിക്കറ്റും നേടിയാണ് കപില്‍ ദേവ് തന്റെ കരിയര്‍ അവസാനിപ്പിച്ചത്.
എന്നാല്‍ കപില്‍ ദേവ് ഒരു ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ഈ പരമ്പരയില്‍ രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ചരിത്രത്തില്‍ ആദ്യ സ്പിന്നറായി തന്റെ പേര് രേഖപ്പെടുത്താനും ജഡേജക്ക് സാധിക്കും.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി 2012ല്‍ അരങ്ങേറ്റം കുറിച്ച ജഡേജ മൂന്ന് വര്‍ഷത്തോളം ടീമില്‍ സ്ഥിര സാന്നിധ്യമായിരുന്നില്ല. എന്നാല്‍ 2015 മുതല്‍ അങ്ങോട്ട് ജഡേജക്ക് ഇന്ത്യന്‍ ടീമിനൊപ്പം സുവര്‍ണ കാലഘട്ടമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയാണ് ജഡേജ ഐതിഹാസികമായ ഒരു ടെസ്റ്റ് കരിയര്‍ സ്വന്തമാക്കിയത്.
ആറ് സെഞ്ച്വറികളും 28 അര്‍ധ സെഞ്ച്വറികളും അടക്കം 4095 റണ്‍സാണ് ബാറ്റിങ്ങില്‍ ജഡേജ അടിച്ചെടുത്തത്. ബൗളിങ്ങില്‍ 348 തവണയാണ് ജഡേജ എതിരാളികളെ പുറത്താക്കിയത്. ശ്രീലങ്കക്കെതിരെ ജഡേജ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.