കൊച്ചി: തനിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ കോടതി ഉത്തരവിട്ടതില്‍ സന്തോഷമുള്ളതായി അന്‍സിബ ഹസന്‍. എന്നാല്‍ തനിക്ക് നീതി ലഭിക്കാന്‍ ഹൈക്കോടതി വരെ പോകേണ്ടി വന്നുവെന്നും അന്‍സിബ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.
തന്റെ പരാതിയില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ച സമയത്ത് തന്നെയാണ് ഉന്നതരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെയോ ഉന്നതരായിട്ടുള്ള ഏതെങ്കിലും വ്യക്തികള്‍ക്കെതിരെയൊ ഒരു വാക്കോ രണ്ടു വാക്കോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു എന്നുള്ള കാരണത്താല്‍ പലര്‍ക്കും എതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയതെന്നും അന്‍സിബ ചൂണ്ടിക്കാട്ടി.
അത്തരത്തില്‍ ഒരു വാക്കോ രണ്ടു വാക്കോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു എന്നുള്ള കാരണത്താല്‍ പലര്‍ക്കും എതിരെ എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ഒരു നാട്ടിലാണ് എനിക്ക് നീതി ലഭിക്കാതിരുന്നത് എന്ന് ആലോചിക്കുമ്പോഴാണ് ഭയങ്കര വിഷമം ഉണ്ടാകുന്നത്. എന്തൊരു വിവേചനമാണ് അവിടെ നടന്നിട്ടുള്ളതെന്നും അന്‍സിബ പറഞ്ഞു.
ഇത്തരത്തില്‍ ആളുകളെ നോക്കി ഇന്ന ആള്‍ക്ക് നീതി കൊടുത്തേക്കാം, ഇന്ന ആള്‍ക്ക് നീതി കൊടുക്കേണ്ട ആവശ്യമില്ല എന്ന് നോക്കിയിട്ടാണോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും ഒരാള്‍ക്ക് നീതി കൊടുക്കേണ്ടതും. ഇന്ത്യയിലുള്ള എല്ലാ പൗരന്മാരും ഒരേപോലെ തന്നെയാണ്. ഈ നാട്ടിലുള്ള എല്ലാ പൗരന്മാര്‍ക്കും ഒരേ മൗലികാവകാശങ്ങള്‍ തന്നെയാണ് ഉള്ളത്. അപ്പോ അത് ഒരാള്‍ക്ക് നിഷേധിക്കപ്പെടുമ്പോള്‍ നമുക്ക് ഭയങ്കര വിഷമം തോന്നുമെന്നും അവര്‍ വ്യക്തമാക്കി.
‘ഞാന്‍ കൊടുക്കുന്നത് മൂന്നാമത്തെ പരാതിയാണ്. ഞാന്‍ മൂന്ന് പരാതികളും പോലീസ് സ്റ്റേഷനുകളില്‍ കൊടുത്തിട്ടും മൂന്ന് പരാതിക്കും പോലീസുകാര്‍ എഫ്.ഐ.ആര്‍ ഇട്ടില്ല എന്നുള്ളത് ഭയങ്കര വിഷമം തോന്നുന്ന ഒരു കാര്യമാണ്. മൂന്ന് പരാതികളിലും പ്രഥമ ദൃഷ്ടാ തന്നെ കേസ് എടുക്കാന്‍ പറ്റുന്ന കാര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും പോലീസുകാര്‍ അതില്‍ കേസ് എടുത്തില്ല.
മൂന്ന് പോലീസ് സ്റ്റേഷനില്‍ ആയിരുന്നു കേസ് കൊടുത്തിരുന്നത്. മൂന്ന് പോലീസ് സ്റ്റേഷനിലും കേസ് എടുത്തില്ല. പകരം ഞാന്‍ കോടതിയെ സമീപിച്ചിട്ടാണ് കോടതിയാണ് മൂന്ന് കേസിലും എഫ്.ഐ.ആര്‍ ഇടാന്‍ വേണ്ടിയിട്ട് നിര്‍ദ്ദേശിച്ചിട്ടുള്ളത്,’ അന്‍സിബ പറഞ്ഞു.
കോടതി എഫ്.ഐ.ആര്‍ ഇടാന്‍ നിര്‍ദ്ദേശിക്കുന്ന കേസുകള്‍ തീര്‍ച്ചയായിട്ടും പോലീസുകാര്‍ക്കും എഫ്.ഐ.ആര്‍ രേഖപ്പെടുത്താമല്ലോ. ഒരു സാധാരണ പൗരന് നീതി ലഭിക്കണം എന്നുണ്ടെങ്കില്‍ പോലീസ് സ്റ്റേഷനില്‍ പോയാല്‍ നീതി കിട്ടില്ല കോടതിയില്‍ തന്നെ പോണം എന്ന് പറയുമ്പോള്‍ എന്തൊരു കഷ്ടമാണെന്നും അവര്‍ ചോദിച്ചു.
ആഭ്യന്തര മന്ത്രി അടക്കം പറഞ്ഞിട്ടും പോലീസ് നടപടി എടുത്തില്ല എന്നതാണ് ഇതില്‍ ഏറ്റവും വലിയ വിഷമം ഉണ്ടാക്കുന്ന മറ്റൊരു കാര്യം. ആഭ്യന്തര മന്ത്രിയെ പോലും കബളിപ്പിച്ചുകൊണ്ടാണ് ഈ കേസില്‍ എ.ഫ്‌ഐ.ആര്‍ ഇട്ടിട്ടുണ്ടെന്ന് പോലീസുകാര്‍ പറഞ്ഞത്. അന്ന് എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ടായിരുന്നെങ്കില്‍ ഇന്ന് ഹൈക്കോടതി ഇടപെട്ടിട്ട് ഈ കേസില്‍ എഫ്.ഐ.ആര്‍ ഇടണം എന്ന് പറയേണ്ട ആവശ്യമില്ലായിരുന്നല്ലോയെന്നും അന്‍സിബ ചോദിച്ചു.
തനിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്ക്കെതിരെ കേസെടുക്കാന്‍ എറണാകുളം മജിസ്‌ട്രേട്ട് കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. നേരത്തെ അന്‍സിബയുടെ പരാതി വീണ്ടും കേള്‍ക്കാനും കേസെടുക്കേണ്ട കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്നു പരിശോധിക്കാനും ഹൈക്കോടതി മജിസ്‌ട്രേട്ട് കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് ശേഷമാണ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
യുട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന് പാലാരിവട്ടം പൊലീസിലും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും അന്‍സിബ പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് അന്‍സിബ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. എന്നാല്‍ പരാതിയില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് അന്ന് കോടതി ഉത്തരവിട്ടത്.
തുടര്‍ന്ന് മജിസ്‌ട്രേട്ട് കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്നും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അന്‍സിബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതി വീണ്ടും പരിഗണിക്കാന്‍ മജിസ്‌ട്രേട്ട് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
Content Highlight: Ansiba Hassan Response After Court order to Register FIR
