ന്യൂദല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍- എസ്.എസ്.ആര്‍) നടപടികള്‍ തടഞ്ഞുവെച്ച് യുവാക്കളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കാന്‍ ബി.ജെ.പി നീക്കമെന്ന് കോണ്‍ഗ്രസ്. യുവാക്കള്‍ ബി.ജെ.പിയെ തള്ളിക്കളഞ്ഞതിനാലാണ് അവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള നീക്കമെന്നും കോണ്‍ഗ്രസ് മാധ്യമ വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
‘ജെന്‍-സീ വോട്ടര്‍മാര്‍ക്കെതിരെ ആര്‍.എസ്.എസ്-ബി.ജെ.പി-തെരഞ്ഞെടുപ്പ് കമ്മീഷന്‍ സഖ്യം നടത്തുന്ന പോരാട്ടം,’ ആണ് ഈ നീക്കം.
ഫോം ആറി-ല്‍ വരുത്തിയ നിയമവിരുദ്ധവും’ അംഗീകാരമില്ലാത്തതുമായ മാറ്റങ്ങളിലൂടെയും 2024 ജനുവരി മുതല്‍ ‘സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍’ (വോട്ടര്‍ പട്ടിക പുതുക്കല്‍) നടപടികള്‍ തടഞ്ഞുവെച്ചുകൊണ്ടും ‘ജെന്‍-സീ’ വിഭാഗത്തെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നടത്തുന്ന ആസൂത്രിതമായ ഗൂഢാലോചനയാണിതെന്നും പവന്‍ ഖേര പറഞ്ഞു.
യുവതലമുറ ബി.ജെ.പിയെ തള്ളിക്കളഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ, അവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് അകറ്റിനിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024നു ശേഷം പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള നടപടികളൊന്നും രാജ്യത്ത് നടന്നിട്ടില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നടപ്പ് വര്‍ഷമായ 2026-27ലേക്കുള്ള എസ്.എസ്.ആര്‍. നടപടികളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സാധാരണയായി മേയ് അവസാനത്തോടെയാണ് ഇത് പ്രഖ്യാപിക്കാറുള്ളത്.
വര്‍ഷം തോറും 18 വയസ് പൂര്‍ത്തിയാകുന്നവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്ന നടപടിയാണ് എസ്.എസ്.ആര്‍. ഈ നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നുത്. ഇതോടെ പതിനെട്ട് വയസ് പൂര്‍ത്തിയാകുന്ന ദശലക്ഷക്കണക്കിന് ജെന്‍സി വോട്ടര്‍മാര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തടസമാവുമെന്നാണും റിപ്പോര്‍ട്ടിലുണ്ട്.
എസ്.ഐ.ആര്‍ തുടങ്ങിയതിനുശേഷം മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളില്‍ത്തന്നെ വിഷയത്തില്‍ എതിര്‍പ്പുകളുയര്‍ന്നതായി ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ 14 തവണ എസ്.ഐ.ആര്‍ നടപടികളെ ഔദ്യോഗിക റെക്കോര്‍ഡില്‍ എതിര്‍ത്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് എസ്.എസ്.ആര്‍ മുടങ്ങിയതായും കണ്ടെത്തിയത്.
എല്ലാ വര്‍ഷവും നടത്തിവരുന്ന സ്വാഭാവികമായ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ എത്രയും വേഗം പുനരാരംഭിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെടുന്നതായാണ് വിവരം.
എന്നാല്‍, നിലവില്‍ പലയിടത്തും തുടരുന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടപടികള്‍ക്കിടയില്‍ പ്രത്യേകമായി വാര്‍ഷിക പുതുക്കല്‍ ആവശ്യമുണ്ടോ എന്ന വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നിയമോപദേശം തേടിയതാണ് നടപടികള്‍ വൈകാന്‍ ഇടയാക്കിയത്.
2024ന് ശേഷം വാര്‍ഷിക പുതുക്കല്‍ നടന്നിട്ടില്ല. 2025ല്‍ ബീഹാറില്‍ എസ്.ഐ.ആര്‍ പ്രഖ്യാപിച്ചതോടെയാണ് നടപടി ക്രമങ്ങള്‍ തടസപ്പെട്ടത്. 1958 മുതല്‍ രാജ്യത്ത് മുടങ്ങാതെ പിന്തുടര്‍ന്ന് പോരുന്ന സുപ്രധാന കാമ്പയിനാണിത്. എന്നാല്‍ 2025-26 കാലയളവിലും ഇത് പൂര്‍ണമായി നടത്തിയിട്ടില്ല.
ഇത്തരത്തില്‍ എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായുള്ള കമ്മീഷനകത്തെ വിയോജിപ്പുകള്‍ കാരണം വോട്ട് ചേര്‍ക്കല്‍ നടപടികള്‍ വൈകുന്നത് രാജ്യത്തെ ഭാവി വോട്ടര്‍മാരുടെ പങ്കാളിത്തത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കകള്‍ ഉയരുന്നുണ്ട്.
Content Highlight: Congress Response on Reports About SSR
