ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ സംസാരിച്ചിരുന്നു. എം.എസ്. ധോണി സി.എസ്.കെയുടെ വലിയൊരു ശക്തിയാണെന്നും ടീമിന്റെ മുന്നോട്ടുള്ള ദിശ മനസിലാക്കുന്നതില്‍ അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ടെന്നും സഹീര്‍ പറഞ്ഞു.
‘നടപടിക്രമങ്ങളെല്ലാം വളരെ ലളിതവും നേരിട്ടുള്ളതുമായിരുന്നു. സാധാരണ സി.എസ്.കെ രീതിയിലായിരുന്നു കാര്യങ്ങള്‍ നടന്നത്. തീര്‍ച്ചയായും, എം.എസ്. ധോണി സി.എസ്.കെയുടെ വലിയൊരു ശക്തിയാണ്. ടീമിന്റെ മുന്നോട്ടുള്ള ദിശ എന്തായിരിക്കണം എന്നത് മനസിലാക്കുന്നതില്‍ അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ട്.
ടീം ഉടമകളും സി.ഇ.ഒയുമായ രൂപ (ഗുരുനാഥ്), മിസ്റ്റര്‍ കാശി (വിശ്വനാഥന്‍) എന്നിവരും എന്നോട് സംസാരിച്ചിരുന്നു. സംഭാഷണം വളരെ ലളിതമായിരുന്നു ‘നിങ്ങള്‍ ലഭ്യനാണോ അല്ലയോ എന്ന് അറിയണം’ എന്നായിരുന്നു അവര്‍ പറഞ്ഞത്. എന്റെ ലഭ്യത അവര്‍ പരിശോധിച്ചു. ഞാന്‍ പറഞ്ഞു, ‘അതെ, സി.എസ്.കെയുടെ ഭാഗമാകാന്‍ എനിക്ക് ഏറെ താത്പര്യമുണ്ട്. ഇതൊരു വലിയൊരു അവസരവും അഭിമാനവുമാണ്,’ സഹീര്‍ ഖാന്‍ പറഞ്ഞു.
സഹീര്‍ ഖാന്‍
ചെന്നൈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് സഹീര്‍ ഖാനെ മുഖ്യ പരിശീലകനായി തെരഞ്ഞെടുത്ത വിവരം പങ്കുവെച്ചത്. 18 വര്‍ഷത്തെ പരിശീലനത്തിനൊടുവില്‍ ഓസീസ് ഇതിഹാസം സ്റ്റീഫന്‍ ഫ്‌ളെമ്മിങ് ചെന്നൈയുടെ പരിശീലകസ്ഥാനം രജിവെച്ചതോടെയാണ് ഫ്രാഞ്ചൈസി സഹീര്‍ ഖാനെ തെരഞ്ഞെടുത്തത്.
കളിക്കളത്തില്‍ നിന്ന് വിരമിച്ചശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ മാനേജ്‌മെന്റ്, മെന്ററിങ് മേഖലകളിലും സഹീര്‍ സജീവമായി. 2018 മുതല്‍ 2022 വരെ മുംബൈ ഇന്ത്യന്‍സില്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായും പിന്നീട് ഹെഡ് ഓഫ് ഗ്ലോബല്‍ ഡെവലപ്‌മെന്റായും പ്രവര്‍ത്തിച്ചു. 2025ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അദ്ദേഹത്തെ മെന്ററായി നിയമിച്ചിരുന്നു.
