ലണ്ടന്‍: സയണിസം ഒരുതരം വംശീയതയാണെന്നും താന്‍ ഒരു സയേണിസ്റ്റ് വിരുദ്ധനാണെന്നും ബ്രിട്ടനിലെ ഗ്രീന്‍ പാര്‍ട്ടി നേതാവ് സാക്ക് പോളാന്‍സ്‌കി. ലണ്ടനില്‍ നടന്ന ജൂത സമുദായാംഗങ്ങള്‍ പങ്കെടുത്ത ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പൊളാന്‍സ്‌കി ഈ കാര്യം പറഞ്ഞത്. ജൂത സമുദായ അംഗമാണ് പൊളാന്‍സ്‌കി.
‘ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനും വംശഹത്യ നടത്തുന്നതിനുമുള്ള ഒരു പ്രക്രിയയായാണ് സയണിസത്തെ നിര്‍വചിക്കുന്നതെങ്കില്‍ അത് വംശീയത തന്നെയാണ്. പ്രായോഗികതലത്തില്‍ സിയോണിസം അത്തരമൊന്നായി മാറിയിട്ടുമുണ്ട്,’ എന്ന് പൊളാന്‍സ്‌കി പറഞ്ഞു.
സിയണിസം വംശീയമാണോ എന്ന ചോദ്യത്തിനുള്ള മറുപടി ആയിട്ടാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. ഇക്കാര്യം പറഞ്ഞതിന് ശേഷം അദ്ദേഹത്തിന് സദസില്‍ നിന്ന് കൂവലും പ്രതിഷേധവും നേരിടേണ്ടിവന്നതായി ജൂതൂഷ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സയണിസം എന്ന പദത്തെ ആളുകള്‍ വ്യത്യസ്തമായാണ് മനസ്സിലാക്കുന്നതെന്നും പൊളാന്‍സ്‌കി പറഞ്ഞു. തന്റെ സയണിസ്റ്റ് വിരുദ്ധ പ്രഖ്യാപനം സദസ്സിലുള്ള ചിലര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കുമെന്ന് പോളാന്‍സ്‌കി വ്യക്തമാക്കി.
ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനും വംശഹത്യ നടത്താനുമാണ് ഇസ്രഈല്‍ സ്വയം നിര്‍ണ്ണയാവകാശം വിനിയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജൂതന്മാര്‍ എവിടേക്കാണ് പോകേണ്ടത് എന്ന ചോദ്യമുയര്‍ന്നപ്പോഴാണ് അദ്ദേഹം ഈ കാര്യം പറഞ്ഞതെന്നും ജൂതൂഷ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ എട്ടിന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇസ്രഈല്‍ അനുകൂല സംഘടനകളായ ‘ബോര്‍ഡ് ഓഫ് ഡെപ്യൂട്ടീസ് ഓഫ് ബ്രിട്ടീഷ് ജ്യൂസ്’, ‘ലണ്ടന്‍ ജൂതൂഷ് ഫോറം’ എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പൊളാന്‍സ്‌കി.
നേരത്തെ ‘നോണ്‍-സയണിസ്റ്റ്’ അഥവാ സയണിസ്റ്റ് പക്ഷത്തല്ലാത്തയാള്‍ എന്നായിരുന്നു പൊളാന്‍സ്‌കി സ്വയം വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ ‘ആന്റി-സയണിസ്റ്റ് അഥവാ സയണിസ്റ്റ് വിരുദ്ധന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന തരത്തില്‍ അദ്ദേഹം മാറിയെന്നും ‘ജൂതൂഷ് ന്യൂസ്’ വിലയിരുത്തി.
ഇസ്രാഈലിനെതിരായ വിമര്‍ശനങ്ങളെയും ജൂതവിരുദ്ധതയെയും (ആന്റി-സെമിറ്റിസം) വേര്‍തിരിച്ചു കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇസ്രഈല്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നതും ജൂതവിരുദ്ധതയും തമ്മില്‍ വേര്‍തിരിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. പലപ്പോഴും ഇവ രണ്ടും കൂട്ടിക്കുഴയ്ക്കാറുണ്ട്,’ പോളാന്‍സ്‌കി പറഞ്ഞു.
‘ലോകമെമ്പാടുമുള്ള വംശഹത്യാ പഠന വിദഗ്ധര്‍ പലരും ഇതിനെ ഒരു വംശഹത്യയായി അംഗീകരിക്കുന്നുണ്ട്. അതിനെ അങ്ങനെ വിളിക്കുന്നത് ജൂതവിരുദ്ധതയല്ല. ജൂത സമൂഹം എന്ന നിലയില്‍ നാം ഇക്കാര്യം തിരിച്ചറിയേണ്ടതുണ്ട്; അതിനെ ജൂതവിരുദ്ധത എന്ന് വിളിക്കുമ്പോള്‍, ജൂതന്മാര്‍ എന്ന നിലയില്‍ നമ്മുടെ തന്നെ സുരക്ഷ കുറയ്ക്കുകയാണ് നാം ചെയ്യുന്നത്,’ അദ്ദേഹം പറഞ്ഞു.
ഗ്രീന്‍ പാര്‍ട്ടിയില്‍ത്തന്നെ നടക്കുന്ന ഒരു ചര്‍ച്ചയ്ക്കിടയിലാണ് പോളാന്‍സ്‌കിയുടെ ഈ പരാമര്‍ശങ്ങളും വരുന്നത്. സയണിസത്തെ വംശീയമെന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രമേയം വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഗ്രീന്‍ പാര്‍ട്ടി അംഗങ്ങള്‍ പദ്ധതിയിടുന്നുണ്ട്.
Content Highlight: Zionism is racism, says Green leader Zack Polanski
