കേരള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടിയിലധികം കളക്ഷന്‍ നേടി ഇന്‍ഡസ്ട്രി ഹിറ്റും ആഗോളതലത്തില്‍ 320 കോടിയിലധികം കളക്ഷനും നേടി സ്വപ്നക്കുതിപ്പ് നടത്തുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകന്‍ ഒരുക്കിയത്. ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടമാണ് ഇപ്പോള്‍ ബെത്ലഹേം സ്വന്തമാക്കിയിരിക്കുന്നത്.

നിവിനും മമിതയ്ക്കും പുറമെ സംഗീത് പ്രതാപ്, ശ്യാം മോഹന്‍, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്രിന്ദ, മീനാക്ഷി തുടങ്ങി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയവരെല്ലാം തങ്ങളുടെ ഭാഗം മികച്ചതാക്കിയപ്പോള്‍ മറ്റൊരു മികച്ച റോം-കോം എന്റര്‍ടെയിനറായിരുന്നു മലയാളികള്‍ക്ക് ലഭിച്ചത്. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു മമിത അവതരിപ്പിച്ച നായിക കഥാപാത്രത്തിന്റെ അമ്മയായ ബിജി. മഞ്ജുശ്രീ നായര്‍ എന്ന ആര്‍ട്ടിസ്റ്റായിരുന്നു കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചത്.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ചിത്രവുമായി ബന്ധപ്പെട്ട് ബിയോണ്ട് ദി മൈക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഗിരീഷ് എ.ഡി തന്റെ ചിത്രങ്ങളിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് മഞ്ജുശ്രീ നായര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നമ്മള്‍ എത്ര ചിത്രത്തില്‍ അഭിനയിച്ചു എന്ന് നോക്കിയിട്ടല്ല ഗിരീഷ് ആര്‍ടിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതെന്നും ചിത്രത്തിലെ കഥാപാത്രത്തിന് അനുയോജ്യമാണോ എന്നാണ് അദ്ദേഹം ശ്രദ്ധിക്കാറുള്ളതെന്നും മഞ്ജുശ്രീ പറഞ്ഞു.

‘ഓപ്പണ്‍ ഓഡിഷനെ കുറിച്ച് എനിക്ക് വലിയ ധാരണയില്ല. ഒരു സംവിധായകന്‍ നമ്മുടെ എല്ലാ പടവും കാണണമെന്നില്ല. നമ്മുടെ എല്ലാ വര്‍ക്കുകളും അവര്‍ക്ക് അറിയത്തില്ലായിരിക്കും. ചിലപ്പോള്‍ നമ്മളെ ആദ്യമായിട്ടായിരിക്കും കാണുന്നത്. പക്ഷേ അവര്‍ക്ക് എങ്ങനെ മനസിലാകും അവരുടെ സ്‌ക്രിപ്റ്റിന് നമ്മള്‍ ആപ്റ്റാണോ എന്നുള്ളത്?. അവര്‍ക്ക് അത് ചെയ്യിപ്പിച്ച് നോക്കിയാല്‍ മാത്രമേ അറിയാന്‍ പറ്റുകയുള്ളൂ.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com

അതുകൊണ്ട് തന്നെ ഓഡിഷന്‍ ചെയ്യാന്‍ എനിക്ക് ഒരു മടിയുമില്ല. ബെത്‌ലഹേമിന്റെ സമയത്തായാലും അവര്‍ സ്‌ക്രിപ്റ്റ് വെച്ചിട്ടാണ് നമ്മളെ കൊണ്ട് ചെയ്യിപ്പിച്ചത്. ക്രൈം ഫയലിന്റെ ഓഡിഷന്റെ സമയത്ത് എന്നെക്കൊണ്ട് പല പല കഥാപാത്രങ്ങളെ ചെയ്യിപ്പിച്ച് നോക്കിയിട്ടുണ്ട്. ബി.കെ.യുവില്‍ ഇത് മാത്രമാണ് ചെയ്യിപ്പിച്ച് നോക്കിയത്. ഗിരീഷിന് എന്നെ പരിചയമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് നമ്മള്‍ ഇരുപത് സിനിമ ചെയ്തു എന്ന് പറഞ്ഞാലും ഗിരീഷിന് അത് ബാധകമല്ല. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഈ ആള്‍ പറ്റുമോ എന്നായിരിക്കും ഗിരീഷ് നോക്കുന്നത്. കുറച്ചെങ്കിലും ചെയ്യുമ്പോള്‍ ബാക്കി അവരില്‍ നിന്നെടുക്കാം എന്ന കോണ്‍ഫിഡന്‍സും ഗിരീഷിനുണ്ടായിരിക്കും,’ താരം പറഞ്ഞു.

Content Highlight: Manjushree Nair talks about Bethlehem Kudumba unit movie