അഞ്ച് മത്സരത്തില്‍ നാല് ഡക്ക്; അഭിഷേകിന്റെ കാര്യത്തില്‍ ശാസ്ത്രിക്ക് ആശങ്കയില്ല; തിരിച്ചുവരവിനായി ഉപദേശവും
T20 world cup
അഞ്ച് മത്സരത്തില്‍ നാല് ഡക്ക്; അഭിഷേകിന്റെ കാര്യത്തില്‍ ശാസ്ത്രിക്ക് ആശങ്കയില്ല; തിരിച്ചുവരവിനായി ഉപദേശവും
ആദര്‍ശ് എം.കെ.
Monday, 16th February 2026, 2:25 pm

ടി-20 ലോകകപ്പില്‍ തുടര്‍ച്ചയായി പൂജ്യത്തിന് പുറത്തായ അഭിഷേക് ശര്‍മയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഒടുവില്‍ കളിച്ച അഞ്ചില്‍ നാല് മത്സരത്തിലും താരം പൂജ്യത്തിന് പുറത്തായെങ്കിലും അഭിഷേകിന്റെ കാര്യത്തില്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം കൂടിയായ ശാസ്ത്രി അഭിപ്രായപ്പെട്ടു.

ക്രീസില്‍ കുറച്ചുകൂടി സമയം ചെലവഴിക്കാന്‍ അഭിഷേക് തയ്യാറാകണമെന്നാണ് ശാസ്ത്രി ആവശ്യപ്പെടുന്നത്. ഐ.സി.സി റിവ്യൂവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

‘അവന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ അവന്‍ സ്വയം അല്‍പം സമയം നല്‍കേണ്ടതുണ്ട്.

ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കാം, ഫോം നഷ്ടപ്പെടാം. എന്നാല്‍ എന്നാല്‍ ഫോം വീണ്ടെടുക്കുന്നത് വരെ അവന്‍ ക്രീസില്‍ അല്പം കൂടി സമയം ചെലവഴിക്കാന്‍ തയ്യാറാകണം,’ ശാസ്ത്രി പറഞ്ഞു.

ക്രീസില്‍ നിലിയുറപ്പിച്ചുകഴിഞ്ഞാല്‍ തുടര്‍ന്നങ്ങോട്ട് തകര്‍ത്തടിക്കാന്‍ താരത്തിന് സാധിക്കുമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. തുടക്കത്തില്‍ നേരിടുന്ന ഡോട്ട് ബോളുകള്‍ പിന്നീട് വലിയ ഷോട്ടുകളിലൂടെ നികത്താന്‍ അഭിഷേകിന് സാധിക്കുമെന്നാണ് ശാസ്ത്രിയുടെ വിലയിരുത്തല്‍.

പാകിസ്ഥാനെതിരെ പൂജ്യത്തിന് പുറത്തായ അഭിഷേകിന്‍റെ നിരാശ.

‘പിന്നീട് ആ ഡോട്ട് ബോളുകളെ ബൗണ്ടറികളായും സിക്‌സറുകളായും മാറ്റുക എന്നത് അവനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമല്ല,’ മുന്‍ പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ തന്റെ ആദ്യ മത്സരത്തില്‍ യു.എസ്.എയ്‌ക്കെതിരെ ഗോള്‍ഡന്‍ ഡക്കായാണ് താരം മടങ്ങിയത്. അനാരോഗ്യം മൂലം രണ്ടാം മത്സരത്തില്‍ കളത്തിലിറങ്ങാതിരുന്ന അഭിഷേക് മൂന്നാം മത്സരത്തിന് മുന്നോടിയായി ആരോഗ്യം വീണ്ടെടുത്തിരുന്നു.

നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്ത് വന്‍ തിരിച്ചുവരവിനൊരുങ്ങിയ താരം പാകിസ്ഥാനെതിരെയും നിരാശപ്പെടുത്തി. നാല് പന്ത് നേരിട്ടാണ് താരം പൂജ്യത്തിന് മടങ്ങിയത്.

ലോകകപ്പിന് മുന്നോടിയായി ന്യൂസിലാന്‍ഡിനെതിരെ നടന്ന പരമ്പരയില്‍ ബാറ്റെടുത്ത അവസാന രണ്ട് മത്സരത്തിലും താരം പൂജ്യത്തിനാണ് മടങ്ങിയത്.

അതേസമയം, പാകിസ്ഥാനെതിരായ മത്സരത്തില്‍ 40 പന്തില്‍ 77 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

‘സ്വപ്‌നതുല്യമായ പ്രകടനമാണ് അവന്‍ പുറത്തെടുത്തത്. ആ പിച്ചില്‍ (കൊളംബോ) 200-ന് അടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുക എന്നത് അവിശ്വസനീയമാണ്,’ ശാസ്ത്രി പറഞ്ഞു.

പാകിസ്ഥാനെതിരായ വിജയത്തിന് പിന്നാലെ സൂപ്പര്‍ 8ന് യോഗ്യത നേടാനും ഇന്ത്യയ്ക്ക് സാധിച്ചു. നിലവില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം കൂടിയാണ് ഇന്ത്യയ്ക്ക് കളിക്കാനുള്ളത്. ഫെബ്രുവരി 18ന് അഹമ്മദാബാദില്‍ നമീബിയക്കെതിരെയാണ് ഇന്ത്യയുടെ മത്സരം.

 

Content Highlight: Ravi Shastri backs Abhishek Sharma after consecutive ducks

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.