[share]
[] കൊച്ചി: വോട്ടിങ്ങില്‍ നടുവിരലില്‍ മഷിപുരണ്ടതിന് വിശദീകരണവുമായി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് രംഗത്തെത്തി. തന്റെ ചൂണ്ടുവിരലിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും നടുവിരലില്‍ മഷിപുരണ്ടത് തികച്ചും യാദൃശ്ചികമായിരുന്നെന്നും രഞ്ജിനി പറഞ്ഞു.
പോളിങ് ഉദ്യോഗസ്ഥര്‍ തന്നെയാണ് നടുവിരലില്‍ മഷിപുരട്ടിയത്. ചൂണ്ടുവിരലില്‍ കാറിന്റെ ചാവിയും മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. ഇതിനാലായിരിക്കാം അവര്‍ എന്റെ നടുവിരലില്‍ മഷിപുരട്ടിയത്. ഉദ്യോഗസ്ഥര്‍ ആരും തന്നെ ചൂണ്ടുവിരല്‍ എവിടെ എന്ന് ചോദിച്ചില്ല- രഞ്ജിനി വിശദീകരിച്ചു.
താന്‍ കന്നിവോട്ട് ചെയ്തു എന്ന് കാണിച്ച് രഞ്ജിനി ഹരിദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ മഷി അടയാളമുള്ളത് ഇടതുകൈയിലെ നടുവിരലിലായിരുന്നു. ഇത് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത് വലിയ വിവാദമായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമപ്രകാരം വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. എന്നാല്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ വലതുകൈയിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടത്. മഷി പുരട്ടാന്‍ അനുവദിക്കുന്നില്ലെങ്കില്‍ അയാളെ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയാനും ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. രഞ്ജിനിയ്ക്ക് ഇടതുകൈയിലെ ചൂണ്ടുവിരലിന് ഒരു കുഴപ്പവും ഇല്ലെന്നിരിക്കെ നടുവിരലില്‍ മഷി പുരട്ടിയത് നിയമവിരുദ്ധമാണ്.
