രണ്ടാംമൂഴം തര്‍ക്കം; ശ്രീകുമാര്‍ മേനോനെതിരെ എം.ടി സുപ്രീം കോടതിയില്‍ ; തടസഹരജി നല്‍കി
Malayalam Cinema
രണ്ടാംമൂഴം തര്‍ക്കം; ശ്രീകുമാര്‍ മേനോനെതിരെ എം.ടി സുപ്രീം കോടതിയില്‍ ; തടസഹരജി നല്‍കി
ന്യൂസ് ഡെസ്‌ക്
Tuesday, 3rd December 2019, 8:49 am

ന്യൂദല്‍ഹി: എം.ടി വാസുദേവന്‍ നായരുടെ വിഖ്യാതകൃതിയായ രണ്ടാംമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍
എം.ടി വാസുദേവന്‍ നായര്‍ സുപ്രീംകോടതിയില്‍ തടസഹരജി നല്‍കി.

സിനിമയാക്കുന്നതില്‍ നിന്ന് വി.എ ശ്രീകുമാര്‍ മേനോനെ തടയണമെന്നാവശ്യപ്പെട്ടാണ് എം.ടി വാസുദേവന്‍ നായര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ശ്രീകുമാര്‍ മേനോന്‍ ഹരജി ഫയല്‍ ചെയ്താല്‍ തങ്ങളുടെ വാദം കേള്‍ക്കാതെ മറ്റുഹരജികള്‍ പരിഗണിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് എം.ടി വാസുദേവന്‍ നായര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥ പ്രകാരം കക്ഷികള്‍ തമ്മില്‍ എന്തങ്കിലും തര്‍ക്കമുണ്ടായാല്‍ ആര്‍ബ്രിട്ടേഷന്‍ അതില്‍ നിലനില്‍ക്കുമോ എന്ന് കോഴിക്കോട് മുനിസിഫ് കോടതി തീരുമാനിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഇതിനെതിരെ ശ്രീകുമാര്‍ മേനോന്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാലാണ് എം.ടി തടസ ഹരജി നല്‍കിയത്. തര്‍ക്കം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടണം എന്ന ശ്രീകുമാറിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

നേരത്തെ തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് എം.ടി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതിനാലാണ് ഹരജി നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് സിനിമയുടെ ഇംഗ്ലീഷ്, മലയാളം തിരക്കഥകള്‍ കേസ് കഴിയുന്നതുവരെ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി വിവിധ ഭാഷകളിലായി ഇന്ത്യയിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് പറഞ്ഞ സമയത്ത് ആരംഭിച്ചിരുന്നില്ല.

അതേസമയം, 1000 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്കായി 18 കോടിയോളം രൂപ ചെലവിട്ടെന്നും കേസിനെത്തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാവ് പിന്മാറിയെന്നും ശ്രീകുമാര്‍ മേനോന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

DoolNews Video