പൊതുസ്ഥലത്ത് പുകവലിച്ചതിന് രണ്‍ബീര്‍ കപൂര്‍ മാപ്പു പറഞ്ഞു. പുകവലിച്ചതിന് മാപ്പു ചോദിക്കുന്നതായി അഭിഭാഷകന്‍ വഴി ഉദൈയ്പൂര്‍ കോടതിയെ രണ്‍ബീര്‍ അറിയിക്കുകയായിരുന്നു. അതേ സമയം ഷൂട്ടിങ്ങിന്റെ ഭാഗമായിരുന്നു തന്റെ പുകവലിയെന്നും രണ്‍ബീര്‍ വ്യക്തമാക്കി.[]

പൊതുസ്ഥലത്ത് പുകവലിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കോടതിയില്‍ ഹാജരാവാന്‍ രണ്‍ബീറിന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ രണ്‍ബീര്‍ ഹാജരായിരുന്നില്ല.

നടന് പകരം അദ്ദേഹത്തിന്റെ അഭിഭാഷകനാണ് കോടതിയിലെത്തിയത്. ഉദൈയ്പൂരില്‍ ചിത്രീകരിച്ച ജാനി ദിവാനിയെന്ന ചിത്രത്തില്‍ താന്‍ പുകവലിച്ച് അഭിനയിച്ചത് ഫോട്ടോ എടുക്കുകയാണുണ്ടായതെന്നാണ് രണ്‍ബീറിന്റെ അഭിഭാഷകന്റെ വാദം.

കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍ ആഗസ്റ്റ് 27ലേക്ക് മാറ്റി.

ഗണ്ടാഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ പിച്ചോല തടാകത്തിന് സമീപമുള്ള ലൊക്കേഷനില്‍  രണ്‍ബീര്‍ പുകവലിക്കുന്ന രംഗമാണ് കേസിനാധാരം. ജാഗ്ദിഷ് ചൗക് സ്വദേശിയായ ഹാരിഷാണ് ഗണ്ടാഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

രണ്‍ബീര്‍ പുകവലിക്കുന്ന ന്യൂസ്‌പേപ്പര്‍ റിപ്പോര്‍ട്ടും ചിത്രങ്ങളും വീഡിയോകളും തെളിവായി പോലീസ് ശേഖരിച്ചിരുന്നു.