[] തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി സംവിധായകനായ രാജീവ് നാഥ് ചുമതലയേല്‍ക്കും. അക്കാദമിയുടെ വൈസ് ചെയര്‍മാനായി ജോഷി മാത്യുവിനെയും തെരഞ്ഞെടുത്തു. ആര്യാടന്‍ ഷൗക്കത്ത്, ക്യമാറമാന്‍ രാമചന്ദ്രബാബു എന്നിവരാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ പുതുതായുള്ള അംഗങ്ങള്‍. പ്രിയദര്‍ശന്‍ രാജി വെച്ച ഒഴിവിലേക്കാണ് രാജീവ് നാഥിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

1976 മുതല്‍ മലയാള സിനിമയില്‍ സജീവമായുള്ള രാജീവ് നാഥ് 1998ല്‍ “ജനനി” എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ആദ്യ സിനിമയായ “തണല്‍” ആ വര്‍ഷത്തെ മികച്ച സംവിധാകയകനുള്ള സംസ്ഥാന അവാര്‍ഡും രാജീവിന് നേടിക്കൊടുത്തു. 2009ല്‍ ഇറങ്ങിയ “പകല്‍ നക്ഷത്രങ്ങളാണ്” രാജീവിന്റെ അവസാനമിറങ്ങിയ ചിത്രം.