നൂറോളം പുതുമുഖങ്ങളെ അണിനിരത്തി രാജേഷ് മാധവന്‍ സംവിധാനം ചെയ്ത ‘പെണ്ണും പൊറാട്ടും’ മലയാള സിനിമയില്‍ ചര്‍ച്ചാ വിഷയമായി മാറുകയാണ്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ നടനായി വെള്ളിത്തിരയിലേക്കെത്തിയ രാജേഷിന്റെ ആദ്യ സംവിധാന സംരംഭമാണ് പെണ്ണും പൊറാട്ടും.

അന്താരാഷ്ട്ര രാജ്യാന്തര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ചിത്രം ഫെബ്രുവരി 13നാണ് തിയേറ്ററുകളിലെത്തിയത്. നൂറോളം പുതുമുഖങ്ങള്‍ക്ക് പുറമെ ഇരുനൂറോളം മൃഗങ്ങളും അണിനിരക്കുന്ന ചിത്രം സറ്റയര്‍ ഴോണറിലാണൊരുങ്ങിയത്. ചിത്രത്തിന്റേതായി വന്ന ട്രെയ്‌ലര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

ഇപ്പോഴിതാ സിനിമയെ കുറിച്ച് രാജേഷ് മാധവന്‍ മാതൃഭൂമി ദിനപത്രത്തോട് പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ കാസര്‍കോട്ടുകാരെക്കൊണ്ട് അഭിനയിപ്പിച്ചതുപോലെ ഇതില്‍ പാലക്കാട്ടുകാര്‍ തന്നെ വേണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

‘കൊല്ലങ്കോട്, ചിറ്റൂര്‍ എന്നീ പ്രദേശങ്ങളിലെ ആളുകളെയാണ് സിനിമയില്‍ കാസ്റ്റ് ചെയ്തത്. അവര്‍ സ്വാഭാവികമായി സംസാരിക്കുന്ന പ്രാദേശിക ഭാഷ തന്നെയാണ് സിനിമയിലും അവതരിപ്പിച്ചത്. അതിനുവേണ്ടി പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല.

ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ കാസര്‍ഗോഡുകാരെക്കൊണ്ട് അഭിനയിപ്പിച്ചത് പോലെ ഇതില്‍ പാലക്കാട്ടുകാര്‍ തന്നെ വേണമെന്നത് എന്റെ ആഗ്രഹമായിരുന്നു. മുമ്പ് ചെയ്തിട്ടുള്ള അതേ പാറ്റേണ്‍ തന്നെയാണ് ഈ സിനിമയിലും സ്വീകരിച്ചത്. കാസ്റ്റിങ്ങിലാണ് കൂടുതല്‍ സമയവും പ്രയത്‌നവും വേണ്ടി വന്നത്,’ രാജേഷ് മാധവന്‍ പറയുന്നു.

പെണ്ണും പൊറാട്ടും സിനിമയിലെ രംഗത്തില്‍ നിന്ന്/youtube.com

വളരെ മാജിക്കലായിട്ടാണ് ഞാന്‍ സിനിമയെ കണ്ട് തുടങ്ങിയതെന്നും ജീവിച്ചിരിക്കുന്ന ഈ ലോകമല്ലാതെ സിനിമാറ്റിക്കായിട്ടുള്ള മറ്റൊരു ലോകം നമുക്കെല്ലാവര്‍ക്കുമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറയുന്നു. സിനിമ സ്വപ്നം കണ്ടുനടന്ന കാസര്‍ഗോട്ടുകാരന് പത്തുവര്‍ഷം മുമ്പ് നാട്ടില്‍ മേല്‍വിലാസം ഉണ്ടാക്കിത്തന്ന സിനിമയാണ് മഹേഷിന്റെ പ്രതികാരമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

സന്തോഷ് ടി.കുരുവിളയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചമന്‍ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.

Content Highlight: Rajesh Madhavan talks about the casting of the movie Pennum Porattum

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ