സഞ്ജുവും ലിവിങ്‌സ്റ്റണും മിന്നി; രാജസ്ഥാന് അനായാസജയം
IPL 2019
സഞ്ജുവും ലിവിങ്‌സ്റ്റണും മിന്നി; രാജസ്ഥാന് അനായാസജയം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th April 2019, 11:57 pm

ജയ്പുര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ അനായാസജയം നേടി രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. ഹൈദരാബാദ് ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ മറികടന്നത്.

മലയാളിതാരം സഞ്ജു സാംസണ്‍ (32 പന്തില്‍ 48 നോട്ടൗട്ട്), ലിയാം ലിവിങ്സ്റ്റണ്‍ (26 പന്തില്‍ 44) എന്നിവരുള്‍പ്പെടെ രാജസ്ഥാനുവേണ്ടി ബാറ്റ് വീശിയ എല്ലാവരും കൃത്യതയോടെ ബാറ്റ് വീശിയപ്പോള്‍ രാജസ്ഥാന്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ വിജയം നേടി. ഓപ്പണര്‍ അജിന്‍ക്യ രഹാനെ (39), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (22) എന്നിവരും മികച്ച പ്രകടനം നടത്തി.

ഹൈദരാബാദിനു വേണ്ടി ഷാക്കിബ് അല്‍ ഹസന്‍, റാഷിദ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ടോസ് നേടിയ രാജസ്ഥാന്‍ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

36 പന്തില്‍ 61 റണ്‍സെടുത്ത മനീഷ് പാണ്ഡെയുടെ മികവിലായിരുന്നു ഹൈദരാബാദ് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ പിറന്ന ഏക അര്‍ധസെഞ്ചുറിയും ഇതാണ്. ഡേവിഡ് വാര്‍ണര്‍ (37) മാത്രമാണു പാണ്ഡെയ്ക്കു പുറമേ ഹൈദരാബാദ് നിരയില്‍ മികച്ച പ്രകടനം നടത്തിയത്. മധ്യനിര തകര്‍ന്നടിഞ്ഞതാണു മികച്ച തുടക്കം മുതലെടുക്കാന്‍ ഹൈദരാബാദിനു കഴിയാതെ പോയത്.

രാജസ്ഥാനു വേണ്ടി വരുണ്‍ ആരോണ്‍, ഒഷേന്‍ തോമസ്, ശ്രേയസ് ഗോപാല്‍, ജയദേവ് ഉനദ്കട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

12 മത്സരങ്ങളില്‍ നിന്ന് അഞ്ചു ജയവുമായി രാജസ്ഥാന്‍ ഇതോടെ ആറാം സ്ഥാനത്തെത്തി. അതേസമയം 11 മത്സരങ്ങളില്‍ നിന്ന് ഇത്രയും ജയങ്ങളുള്ള ഹൈദരാബാദ് നാലാം സ്ഥാനത്താണ്.

11 മത്സരങ്ങളില്‍ നിന്ന് 611 റണ്‍സുമായി ഹൈദരാബാദ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഇപ്പോള്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്‌സ്മാനുള്ള ഓറഞ്ച് ക്യാപ്പിന്റെ ഉടമ.