മുസ്‌ലിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണം; അണികളോട് ആഹ്വാനം ചെയ്ത് രാജാ സിങ്
national news
മുസ്‌ലിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണം; അണികളോട് ആഹ്വാനം ചെയ്ത് രാജാ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd April 2023, 6:47 pm

ഹൈദരാബാദ്: മുസ്‌ലിങ്ങള്‍ക്കെതിരെ വീണ്ടും വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി മുന്‍ എം.എല്‍.എ ടി. രാജാ സിങ്. മുസ്‌ലിം പണ്ഡിതന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നാണ് ഇത്തവണ രാജാ സിങ് ആവശ്യപ്പെട്ടിരിക്കുന്നത്.

ശനിയാഴ്ച പുറത്തിറക്കിയ പുതിയ വീഡിയോയിലാണ് അണികളോട് മുസ്‌ലിം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യിപ്പിക്കുന്നതിന് ക്യാമ്പയിന്‍ ആരംഭിക്കാന്‍ രാജാസിങ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുസ്‌ലിങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യിപ്പിക്കുകയാണെന്നും അതിന് പ്രതികാരം ചെയ്യണമെന്നുമാണ് രാജാ സിങ്ങിന്റെ നിര്‍ദേശം.

‘കഴിഞ്ഞ കുറച്ച് കാലങ്ങളായി നമ്മുടെ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ചിലയാളുകള്‍ ബ്ലോക്ക് ചെയ്യിക്കുകയാണ്. അവര്‍ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ നമ്മളും അതേ നാണയത്തില്‍ തിരിച്ചടി നല്‍കണം.

നമ്മളും മുസ് ലിം നേതാക്കന്മാരുടെയും പണ്ഡിതന്മാരുടെയും രാഷ്ട്രീയക്കാരുടെയും അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കണം. അതിനായി ക്യാമ്പയിന്‍ ആരംഭിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്,’ രാജാ സിങ് പറഞ്ഞതായി സിയാസത് റിപ്പോര്‍ട്ട് ചെയ്തു.

ഇതിന് മുന്‍പും മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗവുമായി രാജാ സിങ് രംഗത്തെത്തിയിരുന്നു. രാമ നവമി ആഘോഷങ്ങള്‍ക്കിടെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളാകുമെന്ന പ്രസംഗത്തെ തുടര്‍ന്ന് രാജാ സിങ്ങിനെതിരെ തെലങ്കാന പൊലീസ് കേസെടുത്തിരുന്നു.

പിന്നാലെ ബി.ജെ.പി രാജാ സിങ്ങിന്റെ എം.എല്‍.എ സ്ഥാനം സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കലാപാഹ്വാനം നടത്തുകയും മത വികാരം വ്രണപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രസംഗത്തിനിടെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്നും അതിന്റെ തലസ്ഥാനം ദല്‍ഹിയായിരിക്കില്ലെന്നും രാജാ സിങ് പറഞ്ഞിരുന്നു.

Content Highlight: raja sing hate comment against Muslims