ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു; വ്യാപക പ്രതിഷേധം
national news
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു; വ്യാപക പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd April 2023, 5:54 pm

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഉത്തര്‍ ദിനജ്പൂരില്‍ ബലാംത്സംഗത്തിനിരയായി കൊല്ലപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ദേശീയ വനിത കമ്മീഷന്‍ പശ്ചിമ ബംഗാള്‍ ഡി.ജി.പിയോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് നീതി തേടി ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതോടെ പൊലീസ് ലാത്തി വീശുകയും ചിലരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ചയാണ് രാജ്‌ബോങ്ഷി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയതെന്ന് എ.ബി.പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ സംഭവസ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് ട്വിറ്ററിലൂടെ പ്രചരിക്കുന്നത്. ഇതോടെയാണ് കേസില്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍ നോട്ടീസയച്ചത്.

‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതികളെ എത്രയും വേഗം പിടികൂടേണ്ടതുണ്ട്. മൃതദേഹത്തോട് അനാദരവ് കാണിച്ച് റോഡിലൂടെ വലിച്ചിഴച്ച പൊലീസുകാര്‍ക്കെതിരെയും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം. കേസിലെ വിശദമായ നടപടിക്രമത്തിന്റെ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം വനിത കമ്മീഷനില്‍ ഹാജരാക്കണം,’ വനിത കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.

അതേസമയം പൊലീസ് നടപടിക്ക് പിന്നാലെ മമത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി. ബംഗാളില്‍ ക്രമ സമാധാന നില തകര്‍ന്നെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് വേണ്ട യാതൊരു നടപടിയും സര്‍ക്കാര്‍ കൈകൊള്ളുന്നില്ലെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുകന്ത മജുംദാര്‍ ആവശ്യപ്പെട്ടു. ഗ്രാമ വാസികളുടെ മൊഴിയെടുക്കാത്ത പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും മരണം ആത്മഹത്യയാക്കി മാറ്റാനാണ് സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

Content Highlight: protest against police in west bengal alleged rape case