രാജസ്ഥാനില്‍ മുഖ്യമന്ത്രി ആരാണെന്ന് രാഹുല്‍ഗാന്ധി തീരുമാനിക്കും: അശോക് ഗെഹ്‌ലോട്ട്
Election Results 2018
രാജസ്ഥാനില്‍ മുഖ്യമന്ത്രി ആരാണെന്ന് രാഹുല്‍ഗാന്ധി തീരുമാനിക്കും: അശോക് ഗെഹ്‌ലോട്ട്
ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2018, 12:47 pm

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എന്നാല്‍ മുഖ്യമന്ത്രി ആരാകുമെന്നത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് നിലവില്‍ സച്ചിന്‍ പൈലറ്റും അശോക് ഗെഹ്‌ലോട്ടും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ അശോക് ഗെഹ്‌ലോട്ടിന്റെ പ്രതികരണം.

അശോക് ഗെഹ്‌ലോട്ട് ഇപ്പോള്‍ സര്‍ദാര്‍പുര മണ്ഡലത്തില്‍ ലീഡ് ചെയ്യുകയാണ്. ടോങ്ക് മണ്ഡലത്തില്‍ സച്ചിന്‍ പൈലറ്റും ലീഡ് ചെയ്യുകയാണ്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സച്ചിന്‍ പൈലറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെ മുന്നേറ്റം കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റ് ഒരു വര്‍ഷമാവുന്ന രാഹുല്‍ഗാന്ധിക്കുള്ള സമ്മാനമാണെന്ന് സച്ചിന്‍പൈലറ്റ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം രാഹുല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷപദവി ഏറ്റെടുത്തതിന് പിന്നാലെ ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയോട് പരാജയപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ രാജസ്ഥാനില്‍ ബി.ജെ.പി മന്ത്രിമാര്‍ വലിയ തിരിച്ചടി നേരിടുകയാണ്. മുഖ്യമന്ത്രി വസുന്ധര രാജെ മുന്നേറുമ്പോള്‍ മന്ത്രിസഭയിലെ പ്രധാനപ്പെട്ട മന്ത്രിമാരെല്ലാം പിന്നിലാണ്.

രാജസ്ഥാനില്‍ 2013-ല്‍ 163 സീറ്റുകളാണ് ബി.ജെ.പി നേടിയിരുന്നത്. അതേസമയം കോണ്‍ഗ്രസ് വെറും 21 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു.