ന്യൂദൽഹി: കോണ്‍ഗ്രസ്, എ.എ.പി. സഖ്യത്തിൽ തീരുമാനം വൈകുന്നതിന് ഉത്തരവാദി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നാലു സീറ്റുകൾ ആം ആദ്മി പാർട്ടിക്ക് നൽകാൻ തയ്യാറായെങ്കിലും കെജ്രിവാൾ നിലപാട് മാറ്റുകയാണ് ഉണ്ടായതെന്ന് രാഹുൽ പറഞ്ഞു.
‘കോണ്‍ഗ്രസ് വാതിൽ തുറന്നിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ്, എ.എ.പി. സഖ്യം വന്നാൽ ബി.ജെ.പി. തുടച്ചുനീക്കപ്പെടും. സഖ്യതീരുമാനത്തിൽ സമയം അതിക്രമിക്കരുത്’ രാഹുൽ പറഞ്ഞു.
അതേസമയം, രാഹുലിനു മറുപടിയുമായി കെജ്രിവാൾ രംഗത്തെത്തി. ഡൽഹിയിലെ സഖ്യത്തിന്റെ കാര്യത്തിൽ എ.എ.പി. എന്ത് മലക്കം മറിയലാണ് നടത്തിയതെന്ന് രാഹുൽ വ്യക്തമാക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.
എന്നാൽ ഉത്തർപ്രദേശ് ഉൾപ്പെടെ എല്ലായിടത്തും മോദി വിരുദ്ധ വോട്ടുകൾ രാഹുൽ ഭിന്നിപ്പിക്കുകയാണെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി. നേരത്തെ ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ച് ഡൽഹിയിൽ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
