അമിത്ഷായ്ക്ക് പാര്‍ലമെന്റില്‍ വരാന്‍ പോലും ധൈര്യമോ മാന്യതയോ ഇല്ല: രാഹുല്‍ ഗാന്ധി
India
അമിത്ഷായ്ക്ക് പാര്‍ലമെന്റില്‍ വരാന്‍ പോലും ധൈര്യമോ മാന്യതയോ ഇല്ല: രാഹുല്‍ ഗാന്ധി
റെന്വര്‍ പി
Wednesday, 5th August 2026, 10:02 pm

ന്യൂദല്‍ഹി: ദല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങള്‍ക്കും പ്രതിഷേധക്കാര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും പൊലീസ് നടപടികളിലും കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രതിഷേധത്തില്‍ പങ്കാളികളായ യുവാക്കള്‍ക്കൊപ്പം ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് അതിക്രമത്തില്‍ പെല്ലറ്റ് ഗണ്‍ ആക്രമണം നേരിട്ട ഝാര്‍ഘണ്ഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനി നൂതന്‍ ടോപ്പോ, ആക്രമണങ്ങള്‍ നേരിട്ട മറ്റ് വിദ്യാര്‍ത്ഥികളായ ഫര്‍ഹനാസ്, ഭാരത്, മുസ്‌കാന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ രാഹുലിനൊപ്പം പങ്കെടുത്തിരുന്നു. മുംബൈയില്‍ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനം തടഞ്ഞ റിയ ആഹിറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വാര്‍ത്താ സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ രാഹുല്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഉത്തരവാദി അമിത് ഷാ ആണെന്ന് രാഹുല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് എന്താണ് സമ്മതിച്ചതെന്ന് പറയാനുള്ള ധൈര്യമോ മാന്യതയോ അമിത് ഷാ കാണിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

‘ഇതിനെല്ലാം ഉത്തരവാദിയായ മനുഷ്യന്‍. ഈ യുവതിക്കെതിരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച് വെടിവെക്കാന്‍ ഉത്തരവിട്ട മനുഷ്യന്‍. ആ യുവാവിനെതിരെ പെല്ലറ്റ് ഗണ്‍ ആക്രമണം നടത്താന്‍ പറഞ്ഞ മനുഷ്യന്‍. പൊലീസുകാരെ ഇവര്‍ക്കെതിരെ തിരിച്ച മനുഷ്യന്‍. ആഭ്യന്തര മന്ത്രി അമിത്ഷാ ആണ് ആ മനുഷ്യന്‍. അയാള്‍ പാര്‍ലമെന്റില്‍ വരാനുള്ള മാന്യത പോലും കാണിച്ചില്ല. എന്താണ് പറ്റിയതെന്ന് പറയാനുള്ള മാന്യതയോ ധൈര്യമോ അയാള്‍ കാണിച്ചില്ല’ രാഹുല്‍ ഗാന്ധി പറഞ്ഞു.

സമരത്തില്‍ പങ്കെടുത്ത 15 വയസുള്ള പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അയക്കം ഗുണ്ടകളെ അയച്ച് മാപ്പ് പറയിപ്പിക്കുന്നതായി രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകളുടെ വീടുകളിലേക്ക് ഗുണ്ടകളെ അയക്കുകയും അവരെ മാപ്പ് പറയാന്‍ നിര്‍ബന്ധിക്കുകയുമാണ്. 15 വയസ്സുള്ള പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരെ ഇത്തരത്തില്‍ ഗുണ്ടകളെ അയച്ചുവെന്ന് രാഹുല്‍ വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സമരത്തില്‍ പങ്കെടുത്ത യുവാക്കളുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്നും രാഹുല്‍ അറിയിച്ചു. അവരുമായി പ്രധാനമായും ചര്‍ച്ച ചെയ്തത് പൊലീസ് അതിക്രമങ്ങളെക്കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കുകയും പൊലീസ് മര്‍ദനം അതിക്രമങ്ങളോ സൈബര്‍ ആക്രമണങ്ങളോ നേരിടുകയും ചെയ്ത യുവാക്കളും രാഹുലിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഈ യുവാക്കള്‍ക്ക് നിരന്തപമായ പീഡനം, ഭീഷണി, ലാത്തിചാര്‍ജ്, ശാരീരിക ആക്രമണങ്ങള്‍ എന്നിവ നേരിടേണ്ടി വന്നുവെന്ന് രാഹുല്‍ പറഞ്ഞു. ഒരു അക്രമവും ചെയ്യാത്ത യുവാക്കള്‍ക്കാണ് ഇതെല്ലാം നേരിടേണ്ടി വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അനീതി ആര്‍ക്കെതിരെയാണെങ്കിലും അതിനെതിരെ പ്രതികരിക്കണമെന്ന് കരുതുന്നവരാണ് ഈ യുവാക്കളെന്ന് അവരോട് ചര്‍ച്ച നടത്തിയപ്പോള്‍ മനസിലായെന്നും രാഹുല്‍ വ്യക്തമാക്കി. അവരെയോര്‍ത്ത് താന്‍ അഭിമാനിക്കുന്നതായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അവര്‍ ആരോടും ക്ഷമാപണം നടത്തേണ്ടതില്ലെന്നും രാഹുല്‍ പറഞ്ഞു. ‘നിങ്ങളെയെല്ലാം ഓര്‍ത്ത് ഞാന്‍ വളരെ അഭിമാനിക്കുന്നു. നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ക്ഷമാപണം സ്വീകരിക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവും ഉദിക്കുന്നില്ല. ആരോടും ക്ഷമാപണം നടത്തേണ്ടതില്ല.’ രാഹുല്‍ വ്യക്തമാക്കി.

‘അവര്‍ ഭരണഘടനയെ പ്രതിരോധിച്ചു. ‘ഇന്ത്യ എന്ന ആശയം’ അവര്‍ സംരക്ഷിച്ചു. ഇന്ത്യയുടെ ഭാവി സംരക്ഷിച്ചു. രാജ്യത്ത് തകര്‍ന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പരാതിപ്പെടുന്നത് ഒരു കുറ്റകൃത്യമല്ല. അതില്‍ വ്യവസ്ഥിതിയില്‍ മാറ്റം വരേണ്ടതുണ്ട്. അത് തിരുത്തേണ്ടതുണ്ട്, അവര്‍ ആവശ്യപ്പെട്ടത് അത്രയേയുള്ളൂ.

അവര്‍ അക്രമത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല.അവര്‍ ആക്രമണകാരികളായിരുന്നില്ല. അവരെ തല്ലുകയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗുണ്ടകളെ അവരുടെ വീടുകളിലേക്ക് അയച്ചത് മുതല്‍ (ക്ഷമാപണം നടത്താന്‍ നിര്‍ബന്ധിതരാക്കുന്നത് വരെ ചെയ്തു,’ രാഹുല്‍ പറഞ്ഞു.

Content Highlight: Rahul Gandhi About Police violence against NEET Protest and Protesters

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.