ന്യൂദല്‍ഹി: റാഫേല്‍ കരാര്‍ വിഷയത്തില്‍ ബി.ജെ.പിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശക്തമായി ഉയരുന്നതിനിടെ, പ്രധാനമന്ത്രി മോദിയെ ലക്ഷ്യം വച്ചുള്ള വിമര്‍ശനങ്ങള്‍ വീണ്ടും നടത്തിയിരിക്കുകയാണ് പാകിസ്താന്‍. കരാര്‍ ഇന്ത്യയുടെ പനാമയാണെന്നാണ് പാകിസ്താന്‍ ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധ്രിയുടെ പ്രസ്താവന.

നവാസ് ഷെരീഫ് പനാമ അഴിമതിയില്‍ കുരുങ്ങിയ പോലെയാണ് മോദി റാഫേല്‍ കരാര്‍ വിഷയത്തില്‍ അകപ്പെട്ടിരിക്കുന്നതെന്ന് ചൗധ്രി പറയുന്നു. “വിവാദത്തില്‍ നിന്നും രക്ഷപ്പെടാനായി ഇന്ത്യ ആഭ്യന്തര രാഷ്ട്രീയത്തെ അന്താരാഷ്ട്ര തലത്തിലേക്ക് കൊണ്ടുപോകുകയാണ്. പാകിസ്താനു മേലേക്ക് വിഷയത്തിന്റെ ഭാരം മാറ്റാനാണ് അവര്‍ ശ്രമിക്കുന്നത്” ചൗധ്രി പറയുന്നു.

 

Also Read: മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയ ഡിജിറ്റല്‍ ഇന്ത്യ പൊള്ളയെന്ന് റിപ്പോര്‍ട്ട് : 90% ഇടപാടും കറന്‍സി മാര്‍ഗ്ഗം തന്നെ

 

ഇത് രണ്ടാം തവണയാണ് പാകിസ്താന്‍ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളുമായി രംഗത്തെത്തുന്നത്. പാകിസ്താന്റെ ക്ഷണമനുസരിച്ച് നടക്കാനിരുന്ന സമാധാന ചര്‍ച്ചകള്‍ അതിര്‍ത്തിയിലെ സൈനികന്റെ ക്രൂര ഹത്യയെത്തുടര്‍ന്ന് ഇന്ത്യ റദ്ദു ചെയ്തതിനു ശേഷമാണിത്.

നേരത്തേ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റാഫേല്‍ വിഷയത്തില്‍ മോദിയെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ ഉദ്ധരിച്ച്, അവ പാകിസ്താനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അധിക്ഷേപങ്ങളെ വിശദീകരിക്കുന്നു എന്ന് ചൗധ്രി അഭിപ്രായപ്പെട്ടിരുന്നു. മോദിയും അംബാനിയും ചേര്‍ന്ന് പ്രതിരോധ സേനയ്ക്കു മേലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.