എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ എന്‍.എസ്.എസ് നിര്‍ദേശിച്ചിട്ടില്ല: ആര്‍. ബാലകൃഷ്ണപിള്ള
D' Election 2019
എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ എന്‍.എസ്.എസ് നിര്‍ദേശിച്ചിട്ടില്ല: ആര്‍. ബാലകൃഷ്ണപിള്ള
ന്യൂസ് ഡെസ്‌ക്
Monday, 25th March 2019, 7:23 pm

തിരുവനന്തപുരം: എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ എന്‍എസ്എസ് നിര്‍ദേശിച്ചിട്ടില്ലെന്ന് ആര്‍.ബാലകൃഷ്ണപിള്ള. എന്‍.എസ്.എസ് രാഷ്ട്രീയ കക്ഷിയല്ലെന്നും സമദൂര നിലപാട് തുടരുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. എസ്.എസ്.എസിന്റെ പത്തനാപുരം താലൂക്ക് യൂണിറ്റ് പ്രസിഡന്റാണ് ബാലകൃഷ്ണപിള്ള.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍.എസ്.എസ് ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കുമെന്നും മറ്റ് മണ്ഡലങ്ങളില്‍ യു.ഡി.എഫിനും അനുകൂലമായ നിലപാടുമെടുക്കണമെന്ന് എന്‍.എസ്.എസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശിച്ചിതായി എന്‍.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് ടി.കെ.പ്രസാദിന്റെ വെളിപ്പെടുത്തലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബാലകൃഷ്ണ പിള്ളയുടെ പ്രതികരണം.

സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ സമദൂര നയമല്ല എന്‍.എസ്.എസ് പുലര്‍ത്തുന്നതെന്നും ഇടത് സ്ഥാനാര്‍ഥികളുമായി സഹകരിക്കേണ്ടതില്ലായെന്നാണ് വാക്കാല്‍ നല്‍കിയ നിര്‍ദേശമെന്നും പ്രസാദ് പറഞ്ഞിരുന്നു.
എന്‍.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടതിനുപിന്നാലെയാണ് മുന്‍ പ്രസിഡന്റിന്റെ ആരോപണമുണ്ടായത്. യു.ഡി.എഫ്, ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ നിര്‍ദേശം തള്ളിയതിന്റെ പേരിലാണ് എന്‍.എസ്.എസ് മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ടിരുന്നത്.

15 അംഗ യൂണിയന്‍ കമ്മിറ്റിയില്‍ പ്രസിഡന്റ് ഒഴികയുള്ള അംഗങ്ങളെ ചങ്ങനാശേരിയിലെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. അംഗങ്ങള്‍ രാജി വച്ചതോടെ കമ്മിറ്റി പിരിച്ചുവിടുകയും അഞ്ചംഗ അഡ്ഹോക് കമ്മിറ്റിയെ നിയമിക്കുകയും ചെയ്യുകയായിരുന്നു.

യു.ഡി.എഫിനും ബി.ജെ.പിക്കും അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ നിര്‍ദ്ദേശം തള്ളിയാണ് മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയത്.

താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.ടി.കെ. പ്രസാദും നാല് അംഗങ്ങളുമാണ് ഇവിടെ നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാട് ചോദ്യം ചെയ്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം കരയോഗം പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിക്കണമെന്ന അറിയിപ്പ് യൂണിയന്‍ കമ്മിറ്റി നിരാകരിച്ചിരുന്നു. ചില മണ്ഡലങ്ങളില്‍ ബി.ജെ.പിക്കും ചിലയിടങ്ങളില്‍ യു.ഡി.എഫിനും പിന്തുണ നല്‍കുകയെന്ന നയത്തിനെതിരായി വിയോജനക്കുറിപ്പ് നല്‍കിയതും പുറത്താക്കലിന് കാരണമായി.

“എന്‍.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടത് നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാടിനെ എതിര്‍ത്തതിലുള്ള പ്രതികാരമാണെന്ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.ടി.കെ. പ്രസാദ് പറഞ്ഞിരുന്നു.

കരയോഗാംഗങ്ങളെ ഇടതു പക്ഷത്തിനെതിരായി അണിനിരത്തി വോട്ട് യു.ഡി.എഫിന് ഉറപ്പാക്കണമെന്നുള്ള നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതാണ് നടപടിക്കു കാരണമായത്.

മതേതര സ്വഭാവം ഉള്‍ക്കൊള്ളുന്നതായിരിക്കണം എന്‍.എസ്.എസ് നയമെന്നും ഇതര ജാതി മത വിഭാഗങ്ങള്‍ക്ക് ദോഷകരമായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും എന്‍.എസ്.എസിന് രാഷ്ട്രീയമില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവര്‍ക്കും എന്‍.എസ്.എസില്‍ അംഗമാകാമെന്നും അവര്‍ നായര്‍ സമുദായ അംഗങ്ങള്‍ ആകണമെന്ന് മാത്രമേ നിബന്ധനയുള്ളൂവെന്നും സമുദായാചാര്യന്‍ പറഞ്ഞിരുന്നു. നേതൃത്വത്തിന്റെ ഇത്തരം ചെയ്തികള്‍ ജനാധിപത്യ വിരുദ്ധമാണെന്നും ടി.കെ പ്രസാദ് പ്രതികരിച്ചിരുന്നു.