ഇന്ത്യന്‍ ടീമില്‍ താരങ്ങളുടെ പരിക്കില്‍ ആശങ്ക അറിയിച്ച് മുന്‍ താരം ആര്‍. അശ്വിന്‍. സൂപ്പര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പരിക്ക് ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അശ്വിന്‍. താരങ്ങളുടെ പരിക്ക് കൈകാര്യം ചെയ്യുന്നതില്‍ ഉത്തരവാദിത്വം ഉറപ്പാക്കേണ്ടതുണ്ടെന്ന് അശ്വിന്‍ പറഞ്ഞു.

മാത്രമല്ല തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ വരുണ്‍ ചക്രവര്‍ത്തി അനുമതി തേടിയിരുന്നെങ്കിലും താരത്തെ വിട്ടയച്ചില്ലായിരുന്നു, എന്നാല്‍ ഒരു മാസം കൊണ്ട് തിരിച്ചെത്തേണ്ട വരുണ്‍ രണ്ടോ മൂന്നോ മാസം പുനരധിവാസത്തിലായിരുന്നു എന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

‘മൂന്ന് ഫോര്‍മാറ്റുകള്‍ക്കും പ്രത്യേക ടീമുകള്‍ രൂപീകരിക്കേണ്ട സമയം എത്തിയിരിക്കുകയാണ്. ഒന്നിലധികം ഫോര്‍മാറ്റുകളില്‍ കളിക്കാന്‍ കഴിയുന്ന ചില താരങ്ങള്‍ ഉണ്ടാകാം. എന്നാല്‍, താരങ്ങളുടെ പരിക്ക് കൈകാര്യം ചെയ്യുന്നതില്‍ എവിടെയെങ്കിലും ഉത്തരവാദിത്വം ഉറപ്പാക്കേണ്ടതുണ്ട്.

അദ്ദേഹം (വരുണ്‍ ചക്രവര്‍ത്തി) മൂന്ന്-നാല് മാസത്തോളം അവിടെ ഉണ്ടായിരുന്നുവെന്ന് എനിക്കറിയാം. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ചക്രവര്‍ത്തി അനുമതി തേടിയിരുന്നു, എന്നാല്‍ അദ്ദേഹത്തെ വിട്ടയച്ചില്ല. ഒരു മാസത്തിനുള്ളില്‍ തിരിച്ചെത്തേണ്ടിയിരുന്ന അദ്ദേഹം രണ്ടോ മൂന്നോ മാസം അവിടെ തുടരുകയായിരുന്നു.വരുണ്‍ ചക്രവര്‍ത്തി

ഒരു താരമെന്ന നിലയില്‍, പരിശീലനം ശരിയായ രീതിയിലാണോ നടക്കുന്നത്, ചെയ്യുന്ന രീതിയും വ്യായാമങ്ങളും ശരിയാണോ എന്നൊക്കെ സ്വയം പരിശോധിക്കേണ്ടതുണ്ട്. എനിക്ക് സൈഡ് സ്ട്രെയിന്‍ ഉണ്ടായിട്ടുള്ളത് 2015ല്‍ ഒരിക്കല്‍ മാത്രമാണ്. അന്ന് ഒളിമ്പിക് ലിഫ്റ്റിങ് ചെയ്യുന്നതിനിടെയായിരുന്നു അത്,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അടുത്ത കാലത്തായി ഇന്ത്യയുടെ മികച്ച താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായിരുന്നു. വരുണ്‍ ചക്രവര്‍ത്തി, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയ ഒട്ടനവധി താരങ്ങള്‍ക്ക് മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. നിലവില്‍ ബുംറയും റെഡ്ഡിയും ഇന്ത്യന്‍ സ്‌ക്വാഡില്‍ തിരിച്ചെത്തിയെങ്കിലും വരുണ്‍ ചക്രവര്‍ത്തി, പാണ്ഡ്യ തുടങ്ങിയ താരങ്ങള്‍ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്.

ഇതുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ഓഫ് എക്‌സലന്‍സ് മേധാവിയായ വി.വി.എസ്. ലക്ഷ്മണ്‍ താരങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നു.

Content Highlight: R. Ashwin Talking About Injury Concern Of Indian Cricket Players