അവര്‍ക്ക് വിരാടിനെയും രോഹിത്തിനെയും തൊടാന്‍ പോലും പറ്റില്ല: തുറന്നടിച്ച് ആര്‍. അശ്വിന്‍
Cricket
അവര്‍ക്ക് വിരാടിനെയും രോഹിത്തിനെയും തൊടാന്‍ പോലും പറ്റില്ല: തുറന്നടിച്ച് ആര്‍. അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 21st July 2026, 7:44 am

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും കുറിച്ച് സംസാരിച്ച് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. കളിക്കണമെന്ന് ആഗ്രഹമുള്ള കാലത്തോളം വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും പുറത്താക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ മാനേജ്‌മെന്റ് അവരെ താഴെ ഇറക്കാന്‍ ശ്രമിച്ചാല്‍ അത് ‘മേല്‍ക്കൂര തകര്‍ക്കും’ എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ബൗളര്‍മാര്‍ക്കായി ആളുകള്‍ സംസാരിച്ചുതുടങ്ങിയാല്‍ ഷമി, സിറാജ്, ഭുവനേശ്വരെയും മാനേജ്‌മെന്റിന് പുറത്താക്കാന്‍ പ്രയാസമായിരിക്കുമെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി.

‘അവര്‍ക്ക് വിരാടിനെയും രോഹിത്തിനെയും തൊടാന്‍ പോലും പറ്റില്ല. അത് അവരുടെ യോഗ്യതകള്‍ കാരണമാണ്. മറ്റൊരു കാര്യം, ഇരുവരും ബാറ്റര്‍മാരാണ്, അവര്‍ക്ക് ഒരു സൈന്യമുണ്ട്. നിങ്ങള്‍ അവരെ താഴെയിറക്കിയാല്‍ അത് മേല്‍ക്കൂര തകര്‍ക്കും.

പക്ഷേ ഷമി, സിറാജ്, ഭുവനേശ്വര്‍ എന്നിവരെ തെരഞ്ഞെടുത്തില്ലെങ്കില്‍, പരമാവധി പതിനായിരം പേര്‍ മാത്രമേ ചോദ്യങ്ങള്‍ ഉന്നയിക്കൂ. ഒരുപാട് ബഹളം ഉണ്ടാകില്ല. ബൗളര്‍മാര്‍ക്കായി ആളുകള്‍ ബഹളം വയ്ക്കുന്ന ഒരു ദിവസം വന്നാല്‍, അവരെയും പുറത്താക്കാന്‍ പ്രയാസമായിരിക്കും. യഥാര്‍ത്ഥത്തില്‍, വിരാടിനെയും രോഹിത്തിനെയും പുറത്താക്കുക അസാധ്യമാണ്.വിരാട് കോഹ്‌ലി, രോഹിത് ശർമ

ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയ എല്ലാ പരിചയസമ്പന്നരായ ബൗളര്‍മാരും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്, അവര്‍ക്കെല്ലാം നല്ലൊരു അവസരമുണ്ട്. അവര്‍ക്ക് സൗത്ത് ആഫ്രിക്കയിലെ വിക്കറ്റുകളില്‍ സഹായം ലഭിക്കും. ഈ സാഹചര്യത്തില്‍ എല്ലാവരെയും മത്സരത്തില്‍ നിര്‍ത്തേണ്ടതുണ്ട്,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലായ ആഷ് കി ബാത്തില്‍ പറഞ്ഞു.

അതേസമയം ഇന്ത്യയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് സ്വന്തമാക്കിയത്. സീരീസ് ഡിസൈഡറില്‍ മത്സരത്തില്‍ 27 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

മത്സരം പരാജയപ്പെട്ടെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ രണ്ട് മത്സരത്തില്‍ നിറം മങ്ങിയെങ്കിലും സീരീസ് ഡിസൈഡറില്‍ സെഞ്ച്വറി നേടിയായിരുന്നു രോഹിത് തിളങ്ങിയത്. 110 പന്തില്‍ 17 ഫോറുകളും അഞ്ച് സിക്‌സുകളും അടക്കം 138 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. രോഹിത്തിന് പുറമെ വിരാട് കോഹ്‌ലി 60 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 74 റണ്‍സ് നേടി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 77 റണ്‍സും നേടിയിരുന്നു.

ലോര്‍ഡ്‌സിലെ ഏകദിന മത്സരത്തിന് മുന്നോടിയായി രോഹിത് ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

Content Highlight: R Ashwin Supports Rohit Sharma, Virat Kohli And Indian Senior Bowlers

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ