വൈഭവ് കളിക്കുമ്പോള്‍ പുറത്ത് പോകുന്ന ഏക താരം അവനായിരിക്കും: അശ്വിന്‍
Cricket
വൈഭവ് കളിക്കുമ്പോള്‍ പുറത്ത് പോകുന്ന ഏക താരം അവനായിരിക്കും: അശ്വിന്‍
ഫസീഹ പി.സി.
Sunday, 7th June 2026, 7:38 am

ഇന്ത്യന്‍ ടി – 20 ക്യാപ്റ്റനായി ശ്രേയസ് അയ്യരെയും അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പാരമ്പരകളിലേക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശിയും ഈ മൂന്ന് ടീമിലും ഇടം പിടിച്ചിട്ടുണ്ട്.

ഇപ്പോള്‍ വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. ഒരു ക്യാപ്റ്റനെപ്പോലും ഫോം ഔട്ടിന്റെ പേരില്‍ ടീമില്‍ നിന്ന് ഒഴിവാക്കാമെങ്കില്‍ ആരുടെയും സ്ഥാനം സുരക്ഷിതമല്ലെന്നും വൈഭവ് പ്ലെയിങ് ഇലവനിലെത്തുമ്പോള്‍ ടീമില്‍ നിന്ന് പുറത്ത് പോകുന്ന ഏക താരം അഭിഷേക് ശര്‍മയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആർ. അശ്വിൻ. Photo: Mirror Now

വിക്കറ്റ് കീപ്പറാണെന്നുള്ളത് സഞ്ജുവിന് അനുകൂലമാണെന്നും താരം അഭിപ്രായപ്പെട്ടു. വൈഭവ് ഒരു ജനറേഷണല്‍ ടാലന്റാണെങ്കിലും താരത്തെ ഉടനെ തന്നെ കളിപ്പിക്കരുതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരു ക്യാപ്റ്റനെപ്പോലും ഫോം ഔട്ടിന്റെ പേരില്‍ ടീമില്‍ നിന്ന് ഒഴിവാക്കാമെങ്കില്‍ ഭാവിയില്‍ ആരുടെയും സ്ഥാനം സുരക്ഷിതമല്ല. അതിനാല്‍ തന്നെ സഞ്ജുവോ (സാംസണ്‍), അഭിഷേകോ (ശര്‍മ) എന്നതല്ല കാര്യം. എന്നാല്‍, വിക്കറ്റ് കീപ്പറാണെന്നത് സഞ്ജുവിന് അനുകൂലമാണ്. അതുകൊണ്ട്, വൈഭവ് ടീമിലെത്തുമ്പോള്‍ പുറത്ത് പോകുന്ന ഏക താരം അഭിഷേകായിരിക്കും.

വൈഭവ് ഒരു ജനറേഷണല്‍ ടാലന്റാണ്. പക്ഷേ അവന്‍ അവസരത്തിനായി കാത്തിരിക്കണം. ഏത് നിമിഷം അദ്ദേഹം ടീമിലെത്തിയാലും, വെള്ളത്തില്‍ മീന്‍ നീന്തുന്നത് പോലെ അനായാസമായി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമായി അവന്‍ മാറും,’ അശ്വിന്‍ ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ പറഞ്ഞു.

അഭിഷേക് ശർമ. Photo: BCCI/x.com

ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ അഭിഷേകിന് വലിയ പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളില്‍ താരം ഡക്കാവുകയും ചെയ്തിരുന്നു. പിന്നീട് ചെറിയ പ്രകടനങ്ങള്‍ നടത്തിയെങ്കിലും താരത്തിന്റെ സ്വതസിദ്ധമായ ശൈലിയിലായിരുന്നില്ല കളിച്ചത്.

വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com

അതേസമയം, വൈഭവ് ഐ.പി.എല്ലില്‍ മിന്നും പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. 16 മത്സരങ്ങളില്‍ 776 റണ്‍സെടുത്ത് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്.

Content Highlight: R Ashwin says Abhishek Sharma is only option to go out if Vaibhav Sooryavanshi has to play

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി