2026ലെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും മികച്ച ബാറ്ററെയും ബൗളറെയും പ്രവചിച്ച് ഇതിഹാസം ആര്‍. അശ്വിന്‍. ഇത്തവണ മുംബൈയുടെ മികച്ച ബാറ്ററായി തിലക് വര്‍മയെയും ബൗളറായി ജസ്പ്രീത് ബുംറയെയുമാണ് അശ്വിന്‍ തെരഞ്ഞെടുത്തത്. ബുംറയ്ക്ക് പുറമെ അഫ്ഗാന്‍ പേസര്‍ അല്ലാ ഗസന്‍ഫാറിനും ബൗളിങ്ങില്‍ തിളങ്ങാന്‍ കഴിയുമെന്ന് അശ്വിന്‍ പറഞ്ഞു. തന്റെ യുട്യൂബ് ചാനലായ ആഷ് കി ബാത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം.
‘എന്റെ അഭിപ്രായത്തില്‍, ഇത്തവണ മുംബൈയുടെ ഏറ്റവും മികച്ച ബാറ്റര്‍ തിലക് വര്‍മയായിരിക്കും. ഏറ്റവും മികച്ച ബൗളര്‍ ആരാണെന്ന് ഞങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറയല്ലാതെ മറ്റാരെയും ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.
മുംബൈ ഇലവനില്‍ മറ്റൊരു ബൗളറെ തെരഞ്ഞെടുക്കണമെങ്കില്‍, നിങ്ങള്‍ക്ക് അല്ലാ ഗസന്‍ഫര്‍ എന്ന് പറയാം. ഇത്തവണ അവര്‍ അവനെ കളിപ്പിക്കും. അവനും നന്നായി കളിക്കാന്‍ കഴിയും. അവന്‍ ന്യൂ ബോളില്‍ പന്തെറിയും, ഡ്രിഫ്റ്റും ചെയ്യാന്‍ കഴിയും. കൂടാതെ അവന്‍ സ്ലോ ബോളും എറിയും,’ അശ്വിന്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിലും ഐ.പി.എല്ലിലും മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെച്ച താരമാണ് തിലക് വര്‍മ. ഐ.പി.എല്ലില്‍ 51 ഇന്നിങ്‌സില്‍ നിന്ന് 1038 റണ്‍സാണ് താരം നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി 46 ഇന്നിങ്‌സില്‍ നിന്ന് 955 റണ്‍സും താരം സ്വന്തമാക്കി. ഇത്തവണ മുംബൈക്ക് വേണ്ടി തിലകിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
2026 ടി – 20 ലോകകപ്പുമായി ജസ്പ്രീത് ബുംറ. Photo: Shebas/x.com
മുംബൈയുടെ എക്കാലത്തെയും സൂപ്പര്‍ താരമായ ജസ്പ്രീത് ബുംറയുടെ പ്രകടനമികവ് ഓരോ സീസണ്‍ വരുമ്പോഴും ഒരുപടി മുന്നിലാണ്. ലോകോത്തര ബൗളര്‍ എന്ന ബഹുമതിയുള്ള ബുംറയുടെ ഇത്തവണത്തെ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അതോടൊപ്പം അശ്വിന്‍ എടുത്തുപറഞ്ഞ അഫറ്ഗാന്‍ പേസര്‍ അള്ളാ ഗസന്‍ഫാര്‍ മികവ് പുലര്‍ത്തുമെന്നാണ് വിശ്വാസം. അന്താരാഷ്ട്ര ടി-20യില്‍ 14 ഇന്നിങ്‌സില്‍ നിന്ന് 23 വിക്കറ്റും ടി-20 ഫോര്‍മാറ്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റുമാണ് താരത്തിനുള്ളത്.
അതേസമയം ഐ.പി.എല്‍ 2026നുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഈ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. മാര്‍ച്ച് 28 മുതലാണ് 19ാം സീസണിന് തുടക്കമാവുന്നത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തോടെയാണ് ഈ സീസണിന് തിരശീലയുയരുക. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി. ആരാധകരുടെ ഇഷ്ട ടീമായ മുംബൈ ഇന്ത്യന്‍സിന്റെ മത്സരം മാര്‍ച്ച് 29ന് വാംഖഡെയില്‍ വെച്ച് നടക്കും. മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയാണ് എതിരാളികള്‍.
Content Highlight: R Ashwin Predicts Mumbai Indians Best Batter And Bowler In IPL 2026