ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ താന്‍ പങ്കെടുത്ത പരിപാടിയുടെ വേദി ശുദ്ധീകരണം നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഖാര്‍ഗെ മുതിര്‍ന്ന നേതാക്കളുടെ മൗനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാനും പിന്തുണ അറിയിക്കാനും നേതാക്കള്‍ തയ്യാറാകാത്തത് തന്നെ വേദനിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്നെ ശക്തമായി പിന്തുണയ്ക്കാത്ത് മുതിര്‍ന്ന നേതാക്കളെ ഖാര്‍ഗെ യോഗത്തിനുശേഷം വിമര്‍ശിച്ചു.
ഓഗസ്റ്റ് എട്ടിന് ഹല്‍ദ്വാനിയിലെ രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയിലാണ് ഖാര്‍ഗെ പ്രസംഗിച്ചത്. തുടര്‍ന്ന് സംഘപരിവാര്‍ അനുകൂല സംഘടനയായ ശ്രീരാം സേന പ്രവര്‍ത്തകര്‍ വേദിയില്‍ ശുദ്ധീകരണ ചടങ്ങ് നടത്തി. ഖാര്‍ഗെ ദളിത് നേതാവായതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോദിയാല്‍ ശക്തമായി പ്രതികരിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് രാജ്യസഭയില്‍ ഖാര്‍ഗെ രൂക്ഷമായി സംസാരിച്ചു. തന്റെ പ്രസംഗത്തില്‍ ഒരു മതത്തെയോ സമുദായത്തെയോ പരാമര്‍ശിച്ചിട്ടില്ലെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളാണ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ഇത്തരം നടപടികള്‍ എങ്ങനെ അനുവദിക്കപ്പെടുമെന്നും ഭരണഘടനയെ സംരക്ഷിക്കുന്നത് എങ്ങനെയാണെന്നും ഖാര്‍ഗെ ചോദിച്ചിരുന്നു.
ബി.ജെ.പി അധ്യക്ഷനും രാജ്യസഭയിലെ സഭാനേതാവുമായ ജെ.പി. നദ്ദ സംഭവം അപലപിക്കുകയും ബി.ജെ.പി ഇത്തരം നടപടികളെ പിന്തുണയ്ക്കുന്നില്ലെന്നും സഭയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തെ തുടര്‍ന്ന് സാമൂഹിക നീതിക്കും ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കാളോട് ഖാര്‍ഗെ ആവശ്യപ്പെട്ടു.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വനിയിലെ വേദിയില്‍ നടത്തിയ ശുദ്ധീകരണത്തെ സി.ഡ.ബ്ലു.സി ശക്തമായി അപലപിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Higlights: Purification Ritual Controversy’: Dissatisfaction over Congress’s silence; Kharge says no support was extended.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.