ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കെ.എസ്.യു പ്രവര്‍ത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന് പൊലീസിന്റെ മൊഴി
Kerala
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കെ.എസ്.യു പ്രവര്‍ത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന് പൊലീസിന്റെ മൊഴി
രാഗേന്ദു. പി.ആര്‍
Thursday, 12th March 2026, 5:03 pm

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പൊലീസിന്റെ നിര്‍ണായക മൊഴി. മന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയ കെ.എസ്.യു പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് മൊഴി നല്‍കിയിരിക്കുന്നത്.

കരിങ്കൊടിയുമായാണ് പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ചതെന്നും പൊലീസ് അന്വേഷണ സംഘത്തോട് പറഞ്ഞു.

ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റിരുന്നു.

ഇതേ തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിടുകയും ചെയ്തു. കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ ഉള്‍പ്പടെ അഞ്ച് പേരാണ് അറസ്റ്റിലായത്.

എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നാണ് പൊലീസിന്റെ മൊഴി. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം കേസില്‍ അറസ്റ്റിലായ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും ജാമ്യം ലഭിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വധശ്രമം ഉള്‍പ്പടെയുള്ള ഒമ്പത് വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്.

മന്ത്രിയുടെ മൊഴി പോലും രേഖപ്പെടുത്താത്ത കേസിലാണ് പൊലീസ് നടപടിയെടുത്തതെന്ന് പ്രതിഭാഗം വാദിച്ചു.

തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസ് പരാജയപ്പെട്ടതായും കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. സി.എച്ച്. മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍, ബിഥുല്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രവര്‍ത്തകര്‍.

Content Highlight: Protest against Veena George; Police statement that KSU activists did not have weapons

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.