നോക്കിയിരുന്നോ ഇപ്പൊ തരാം... ചമ്പക്കുളം മൂലം വള്ളംകളിയില്‍ വി.ഡി സതീശനെതിരെ ഫ്ളക്സുയര്‍ത്തി പ്രതിഷേധം
Kerala News
നോക്കിയിരുന്നോ ഇപ്പൊ തരാം... ചമ്പക്കുളം മൂലം വള്ളംകളിയില്‍ വി.ഡി സതീശനെതിരെ ഫ്ളക്സുയര്‍ത്തി പ്രതിഷേധം
ആദര്‍ശ് എം.കെ.
Monday, 29th June 2026, 5:31 pm

കുട്ടനാട്: ചമ്പക്കുളം മൂലം വള്ളംകളിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പ്രതിഷേധം. വള്ളംകളി ദിവസം പ്രാദേശിക അവധി ആവശ്യപ്പെട്ട കുട്ടനാട് എം.എല്‍.എയോട് പരിശോധിച്ച് തീരുമാനമെടുക്കാം എന്ന് പറയുകയും തൊട്ട് പിന്നാലെ ഒരു കാരണവശാലും കൊടുക്കില്ലെന്ന് പറഞ്ഞത് പുറത്തായതിന്റെയും പശ്ചാത്തലത്തിലാണ് പ്രതിഷേധം.

‘സാര്‍, കുട്ടനാടിന് അവധി… ‘നോക്കിയിരുന്നോ ഇപ്പൊ തരാം” എന്ന പരിഹാസ രൂപേണയുള്ള വാചകങ്ങള്‍ എഴുതിയ ബാനറുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് വള്ളംകളി പ്രേമികള്‍ തങ്ങളുടെ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തിയത്.

കോന്നി എം.എല്‍.എ കെ.യു. ജനീഷ് കുമാര്‍ അടക്കമുള്ളവര്‍ ഇതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

സഭയില്‍ കുട്ടനാട് എം.എല്‍.എ റെജി ചെറിയാന്‍ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിക്ക് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണം മൈക്കിലൂടെ പുറത്തായതാണ് സംഭവങ്ങളുടെ തുടക്കം.

മൂലം വള്ളംകളി നടക്കുന്ന ജൂണ്‍ 29ന് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്നായിരുന്നു യു.ഡി.എഫ് എം.എല്‍.എ കൂടിയായ റെജി ചെറിയാന്റെ സബ്മിഷന്‍. അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്നായിരുന്നു ഇതിനോട് മുഖ്യമന്ത്രി വി.ഡി സതീശന്റെ മറുപടി.

എന്നാല്‍ ഇതിന് ശേഷം സീറ്റ് ഇരിക്കുമ്പോള്‍ തൊട്ടടുത്തുള്ള മന്ത്രിയോട് ‘ഒരു കാരണവശാലുംകൊടുക്കില്ല’ എന്ന് മുഖ്യമന്ത്രി പതിയെ പറഞ്ഞത് ഓഫ് ചെയ്യാത്ത മൈക്കിലൂടെ പുറത്തുവരികയായിരുന്നു.

ഇതിന് പിന്നാലെ മുസ്‌ലിം ലീഗ് നേതാവും മന്ത്രി.യുമായ പി.കെ. കുഞ്ഞാലിക്കുട്ടി സതീശനെ ന്യായീരിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നോട് നേരത്തെ സംസാരിച്ചുകൊണ്ടിരുന്ന കാര്യത്തിന്റെ തുടര്‍ച്ചയാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി തന്നോട് നേരത്തെ സംസാരിച്ചുകൊണ്ടിരുന്ന കാര്യത്തിന്റെ ബാക്കിപത്രമാണ് വിവാദമായ വാക്കുകള്‍. ഇടയില്‍ ചോദ്യം വന്നപ്പോള്‍ അതിന് മറുപടി നല്‍കി തിരികെ വന്ന് തന്നോടുള്ള സംസാരം തുടരുകയായിരുന്നു മുഖ്യമന്ത്രി ചെയ്തതെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

കുട്ടനാട് എം.എല്‍.എ റെജി ചെറിയാന്റെ ചോദ്യത്തിനല്ല മുഖ്യമന്ത്രി മറുപടി നല്‍കിയതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

‘മുഖ്യമന്ത്രി പറഞ്ഞത് കുട്ടനാട് എം.എല്‍.എയോട് അല്ലെന്ന് എനിക്ക് അറിയാം. അക്കാര്യത്തില്‍ ലോകത്തെ പറ്റിക്കാം, പക്ഷേ എന്നെ പറ്റിക്കാനാകില്ല’ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Content Highlight: Protest against CM V.D. Satheesan by raising banners during the Champakulam Moolam boat race

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.