മലയാള സിനിമയില്‍ വേറിട്ട കഥകളും പരീക്ഷണങ്ങളും സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് യാത്രകളിലേക്ക് തിരിഞ്ഞതിനെക്കുറിച്ചും പുതിയ സിനിമയുടെ നീണ്ടുനിന്ന എഴുത്തിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അദ്ദേഹം.

പുതിയ തലമുറയിലെ സംവിധായകര്‍ക്ക് വലിയ ബജറ്റുകള്‍ ലഭിക്കുമ്പോള്‍, തൊട്ടുമുന്‍പുള്ള തലമുറയിലെ സംവിധായകരെ നിര്‍മാതാക്കള്‍ അത്രത്തോളം വിശ്വസിക്കുന്നില്ലെന്ന് ലാല്‍ ജോസ് പറയുന്നു. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാല് വര്‍ഷമായി ഒരു സിനിമയുടെ തിരക്കഥാ ജോലികളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും അതിനിടയിലെ ഇടവേളകളിലാണ് യാത്രകള്‍ ആരംഭിച്ചതെന്നും ലാല്‍ ജോസ് പറഞ്ഞു. കെ.എന്‍. പ്രശാന്തിന്റെ ‘പൊനം’ എന്ന നോവല്‍ സിനിമയാക്കാനുള്ള ശ്രമത്തിലായിരുന്നു ഈ കാലയളവില്‍ താനെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യമായി വെബ് സീരീസായി ചെയ്യാമെന്ന ആലോചനയിലാണ് ‘പൊനം’ സിനിമയുടെ എഴുത്തുകാരനെ സമീപിച്ചതെന്നും പിന്നീട് അത് സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞു.

നിരവധി കഥാപാത്രങ്ങളും സംഭവങ്ങളും ഉള്‍പ്പെടുന്ന ബൃഹത്തായ നോവലായതിനാല്‍ അത് സിനിമയിലേക്ക് ചുരുക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘പൊനം’ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ തന്നെ ഏകദേശം മൂന്ന് വര്‍ഷമെടുത്തു.. തിരക്കഥ പൂര്‍ണമായി എഴുതിയ ശേഷം വീണ്ടും വെട്ടിച്ചുരുക്കി മാറ്റിയെഴുതുന്ന രീതിയിലായിരുന്നു എഴുത്ത്. എഴുത്തുകാരനായ കെ.എന്‍. പ്രശാന്തിന്റെ ആദ്യ തിരക്കഥ കൂടിയായതിനാല്‍ സമയത്തിന്റെ കാര്യത്തിലും നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു,’ ലാല്‍ ജോസ് വ്യക്തമാക്കി.

സിനിമയ്ക്ക് രണ്ട് പ്രധാന താരങ്ങളെ ആവശ്യമുണ്ടെന്നും ഏകദേശം 30 കോടി രൂപയാണ് ബജറ്റെന്നും ലാല്‍ ജോസ് പറഞ്ഞു. എന്നാല്‍ ഇത്രയും വലിയ ബജറ്റുള്ള സിനിമയ്ക്ക് ആവശ്യമായ നിര്‍മാതാവിനെ കണ്ടെത്തുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ടുകളാണ് ചിത്രം നീളാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘പുതിയ സംവിധായകര്‍ക്ക് 50 ഉം 100 കോടിയൊക്കെ കിട്ടുന്നുണ്ട്. തൊട്ടുമുന്‍പുള്ള തലമുറയിലെ സംവിധായകരെ അത്രയും പ്രൊഡ്യൂസേഴ്സ് വിശ്വസിക്കുന്നില്ല. അതിന്റെ ഒരു പ്രശ്നമുണ്ട്. അതുകൊണ്ട് അത് അടുത്ത വര്‍ഷത്തേക്ക് മാറ്റി. ഈ ഓഗസ്റ്റില്‍ ഷൂട്ട് ചെയ്യാനിരുന്നതായിരുന്നു,’ ലാല്‍ ജോസ് പറഞ്ഞു.

അവസാനമിറങ്ങിയ തന്റെ സിനിമകള്‍ സാമ്പത്തികമായി വിജയിക്കാത്തതും ഇതിന് ഒരു കാരണമായിരിക്കാമെന്ന് ലാല്‍ ജോസ് അഭിപ്രായപ്പെട്ടു. എന്നാല്‍ താന്‍ എല്ലാകാലത്തും പിന്തുടര്‍ന്നത് വിജയിച്ച സിനിമകളുടെ ഫോര്‍മുലയായിരുന്നില്ലെന്നും വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാ കാലത്തും ഞാന്‍ ചെയ്തിരുന്ന സിനിമകളൊക്കെ പാത്ത് ബ്രേക്കിങ് ആയിരുന്നു. ഒഴുക്കിനൊപ്പം പോയ ആളായിരുന്നില്ല ഞാന്‍. എന്റെ തന്നെ ഹിറ്റായ സിനിമയെ ഞാന്‍ ഫോളോ ചെയ്തിട്ടില്ല. വ്യത്യസ്തം തേടുന്നവര്‍ക്ക് വഴി ചിലപ്പോള്‍ മുടങ്ങും. ചിലപ്പോള്‍ കുഴിയില്‍ വീഴും,’ ലാല്‍ ജോസ് പറഞ്ഞു.

’41’, ‘തട്ടുംപുറത്ത് അച്യുതന്‍’, ‘വെളിപാടിന്റെ പുസ്തകം’, ‘സോളമന്റെ തേനീച്ചകള്‍’, ‘മ്യാവൂ’ എന്നീ സിനിമകള്‍ പ്രതീക്ഷിച്ച രീതിയില്‍ കളക്ഷന്‍ നേടിയില്ലെന്നും ലാല്‍ ജോസ് പറഞ്ഞു.

താന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ടെറിട്ടറിയിലുള്ള സിനിമയായിരിക്കും ‘പൊനം’. കേരള-കര്‍ണാടക അതിര്‍ത്തിയിലെ വനപ്രദേശമാണ് ചിത്രത്തിന്റെ പശ്ചാത്തലം. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പകയുടെ കഥ പറയുന്ന സിനിമ ആക്ഷന്‍ ഓറിയന്റഡ് സ്വഭാവത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍ഗോഡും കര്‍ണാടകയും മംഗലാപുരവുമൊക്കെ കഥയുമായി ബന്ധപ്പെട്ട് വരും. മലയാളത്തിനൊപ്പം കന്നഡയിലും ചിത്രം പുറത്തിറക്കാനാണ് പദ്ധതിയെന്നും ലാല്‍ ജോസ് വ്യക്തമാക്കി. വ്യത്യസ്തമായ പശ്ചാത്തലവും കഥയും കാരണം മറ്റ് ഭാഷകളിലുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമയായിരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

Content Highlight: Producers don’t trust our generation of filmmakers says Lal Jose