2022ലെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് സിനിമ വീണ്ടും തിയേറ്ററിലെത്തുകയാണ്. അതിന് മുന്നോടിയായി തന്റെ പുതിയ സിനിമാ പ്ലാനുകളെ കുറിച്ച് സംസാരിക്കുകയാണ് ഹൃദയത്തിന്റെ നിര്‍മാതാവായ വിശാഖ് സുബ്രഹ്മണ്യം.

ധ്യാന്‍ സംവിധാനം ചെയ്യുന്ന സിനിമ 2024ല്‍ താന്‍ നിര്‍മിക്കുമെന്നും വിനീതിന്റെ അഭിനയ തിരക്കുകള്‍ മാറി കഴിയുമ്പോള്‍ ഉറപ്പായും അടുത്ത സിനിമയുണ്ടാകുമെന്നും വിശാഖ് പറഞ്ഞു. പ്രണവുമൊത്ത് മറ്റൊരു സിനിമ ഈ വര്‍ഷം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ധ്യാന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമ ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങും. എന്നാല്‍ 2024ലേ അത് സംഭവിക്കൂ. നിലവില്‍ 10 ചിത്രങ്ങള്‍ ധ്യാന്‍ അഭിനയിച്ച് തീര്‍ക്കാനുണ്ട്. അത് കഴിഞ്ഞിട്ടേ അവന്‍ സംവിധാനത്തിലേക്ക് വരത്തൊള്ളു. ധ്യാന്‍ ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ വിഷയം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.

ഈ വര്‍ഷം ഒരു ചിത്രം ചെയ്യാനാണ് ഇപ്പോഴത്തെ പ്ലാന്‍. മെറിലാന്റിന്റെയും ഫന്റാസ്റ്റിക് ഫിലിംസിന്റെയും ബാനറില്‍ ഓരോ ചിത്രങ്ങളുടെ പ്രഖ്യാപനം ഈ വര്‍ഷം പ്രതീക്ഷിക്കാം. എന്നാല്‍ ഉടനെ പ്രഖ്യാപനം കാണില്ല.

ഈ പ്രോജക്ടുകളുടെ കാര്യത്തില്‍ അവസാന തീരുമാനമെടുക്കാന്‍ മൂന്നുമാസം വേണ്ടി വരും. സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ പുരോഗമിക്കുന്നതേയുള്ളു. സിനിമയില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന താരങ്ങളോടും കഥ പറയണം. ഈ വര്‍ഷത്തിന്റെ പകുതിയാകുമ്പോള്‍ പ്രഖ്യാപനം ഉണ്ടാകും.

വിനീത് ശ്രീനിവാസനുമൊത്തുള്ള പ്രോജക്ട് ഇനിയും സംഭവിക്കും. ഞങ്ങള്‍ രണ്ടു പേരും നല്ല സുഹൃത്തുക്കളായതിനാല്‍ ഏപ്പോള്‍ വേണമെങ്കിലും സിനിമ നടക്കാം. വിനീത് ഇപ്പോള്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ്. അത് കഴിഞ്ഞാല്‍ മാത്രമേ വിനീത് തിരക്കഥ എഴുതാന്‍ ഇരിക്കൂ. അത് കഴിഞ്ഞ് സമയമെല്ലാം ഒത്തുവന്നാല്‍ ഞങ്ങള്‍ ഒരുമിച്ചുള്ള സിനിമ നടക്കും.

പ്രണവ് ടൂറൊക്കെ കഴിഞ്ഞ് വന്നതേയുള്ളു. അടുത്ത മാസം മുതല്‍ അവന്‍ കഥയൊക്കെ കേട്ട് തുടങ്ങും. പ്രണവിന്റെ ഒരു സിനിമയുടെ പ്രഖ്യാപനവും ഈ വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ട്,’ വിശാഖ് സുബ്രഹ്മണ്യം പറഞ്ഞു.

content highlight: producer visakh subrahmaniam talks about his new movie plans