ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയും സോനം കപൂറും. കര്‍ഷകരുടെ ആശങ്ക അകറ്റണമെന്നും കര്‍ഷകര്‍ ഇന്ത്യയിലെ ഭക്ഷ്യ സൈനികരാണെന്നും പ്രിയങ്ക പറഞ്ഞു.

‘നമ്മുടെ കൃഷിക്കാര്‍ ഇന്ത്യയിലെ ഭക്ഷ്യ സൈനികരാണ്. അവരുടെ ഭയം ഇല്ലാതാക്കേണ്ടതുണ്ട്. അവരുടെ പ്രതീക്ഷകള്‍ നിറവേറ്റേണ്ടതുണ്ട്. പുരോഗമന ജനാധിപത്യമെന്ന നിലയില്‍, ഈ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുമെന്ന് നമ്മള്‍ ഉറപ്പാക്കണം,’ എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

കര്‍ഷകരുടെ പ്രതിഷേധത്തിന്റെ ചിത്രങ്ങളും ഡാനിയല്‍ വെബ്സ്റ്ററിന്റെ ഉദ്ധരണിയും ചേര്‍ത്തായിരുന്നു സോനം കപൂറിന്റെ പ്രതികരണം. ‘കൃഷി ആരംഭിക്കുമ്പോള്‍ മറ്റ് കലകള്‍ അതിനെ പിന്തുടരുന്നു. അതിനാല്‍ കര്‍ഷകരാണ് മനുഷ്യ നാഗരികതയുടെ സ്ഥാപകര്‍. ‘ എന്ന് സോനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നിരവധി പേരാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തുന്നത്, ഋതേഷ് ദേശ്മുഖ് ചലച്ചിത്ര പ്രവര്‍ത്തകരായ ഹന്‍സല്‍ മേത്ത, അനുഭവ് സിന്‍ഹ എന്നിവരും കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ചിരുന്നു.

Content Highlights: Priyanka Chopra and Sonam Kapoor support farmers Protest