ഗോള്‍വാള്‍ക്കറിന് കേരളം ഉത്തരേന്ത്യന്‍ ബ്രാഹ്മണരുടെ ലൈംഗിക കോളനിയായിരുന്നു
Opinion
ഗോള്‍വാള്‍ക്കറിന് കേരളം ഉത്തരേന്ത്യന്‍ ബ്രാഹ്മണരുടെ ലൈംഗിക കോളനിയായിരുന്നു
ജെ. രഘു
Sunday, 6th December 2020, 8:15 pm

ഉത്തരേന്ത്യന്‍ ബ്രാഹ്മണരുടെ ലൈംഗിക കോളനിയായിരുന്നു കേരളമെന്ന് ഗുരുജി ഗോള്‍വാക്കര്‍ 1960 ഡിസംബര്‍ 17ന് ഗുജറാത്ത് സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. അന്ന് ആര്‍.എസ്.എസ് സര്‍സംഘ് ചാലക് ആയിരുന്ന ‘ഗുരുജി’ ഗോള്‍വാള്‍ക്കര്‍ പറഞ്ഞത് ഇങ്ങനെയാണ്. ”…ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറി സ്ഥിരവാസമാക്കിയത്, അവിടുത്തെ മനുഷ്യരെ ഉദ്ധരിക്കുന്നതിനു വേണ്ടിയാണ്. നമ്പൂതിരി കുടുംബത്തിലെ ഇളയ സന്താനങ്ങള്‍ക്ക്, നായര്‍ സ്ത്രീകളുമായുള്ള ‘സംബന്ധ’വ്യവസ്ഥയുണ്ടാക്കിയത്, സങ്കരപ്രജനനം (cross breading) പോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ്. എല്ലാ ജാതിയിലെയും സത്രീകളുടെ ആദ്യസന്താനം നമ്പൂതിരിയുടേതായിരിക്കണമെന്ന ധീരമായൊരു നിയമവും അവരുണ്ടാക്കി. ഈ നിയമമനുസരിച്ച്, നമ്പൂതിരി സന്താനത്തെ പ്രസവിച്ചശേഷം മാത്രമെ, സ്ത്രീകള്‍ സ്വന്തം ഭര്‍ത്താക്കന്മാരുടെ കുട്ടികളെ പ്രസവിക്കാവൂ. ഈ പരീക്ഷണം ഇന്ന് വ്യഭിചാരമെന്ന് ആക്ഷേപിക്കപ്പെടുമെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയായിരുന്നില്ല….” (ഈ പ്രസംഗം ആര്‍.എസ്.എസ്സിന്റെ ഇംഗ്ലീഷ് മുഖപത്രമായ ഓര്‍ഗനൈസറില്‍ 1961 ജനുവരി 12 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, 2004ല്‍ ഗോള്‍വാള്‍ക്കറുടെ ‘സമാഹൃത കൃതി’കള്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍, ഈ ഭാഗം ഒഴിവാക്കി.)

എം.എസ് ഗോള്‍വാള്‍ക്കര്‍

ഹിന്ദു ഐക്യത്തെക്കുറിച്ചും ഹിന്ദു സംസ്‌കാരത്തെക്കുറിച്ചും ഉച്ചൈസ്തരം പ്രസംഗിക്കുന്ന ഒരു സംഘടനയുടെ നേതാവിന്റെ വാക്കുകളാണിത്. ആര്‍.എസ്.എസുകാര്‍ ‘ഗുരുജി’ എന്നു മാത്രം വിളിക്കുന്ന ഗോള്‍വാള്‍ക്കറാണ് പറയുന്നത് ‘സംബന്ധ’വ്യവസ്ഥയുണ്ടാക്കിയതും മലയാളി സ്ത്രീകളെല്ലാം ‘ആദ്യരാത്രി’യില്‍ നമ്പൂതിരിയോടൊപ്പം ശയിക്കണമെന്ന ‘ധീര’മായ നിയമമുണ്ടാക്കിയതും ഉത്തരേന്ത്യന്‍ ബ്രാഹ്മണരാണെന്ന്.

ഇതിന്റെ പിന്നിലെ യുക്തി എന്താണ്? താഴ്ന്ന വംശജരും താഴ്ന്ന ജാതിക്കാരും ഉന്നതവംശജരായ ബ്രാഹ്മണരുമായി ലൈംഗികബന്ധമുണ്ടാക്കിയാല്‍, സന്തതികളുടെ ‘വംശഗുണം’ വര്‍ദ്ധിക്കുമെന്ന് മേല്‍പ്പറഞ്ഞ പ്രഭാഷണത്തില്‍ ‘ഗുരുജി’ വ്യക്തമാക്കിയിട്ടുണ്ട്. സങ്കരപ്രജനന പരീക്ഷണങ്ങള്‍ അടുത്തകാലത്തുമാത്രമാണ് പ്രചാരത്തില്‍ വന്നത്. പക്ഷേ മനുഷ്യരില്‍ ഈ പരീക്ഷണം നടത്താന്‍ ഇന്നും ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല. എന്നാല്‍, നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ഈ പരീക്ഷണം വിജയകരമായി നടത്തിയവരാണ് ഉത്തരേന്ത്യന്‍ ബ്രാഹ്മണരെന്നും ‘ഗുരുജി’ പ്രസംഗിച്ചു. അവര്‍ തെരഞ്ഞെടുത്ത പരീക്ഷണശാലയില്‍ വെച്ച് ‘നമ്പൂതിരിശാസ്ത്രജ്ഞര്‍’ സൃഷ്ടിച്ച സന്തതിപരമ്പരകളാണ് കേരളത്തിലെ മനുഷ്യര്‍!

കേരളത്തിലെ തദ്ദേശീയവാസികള്‍ സ്വതവേ വംശഗുണമില്ലാത്തവരും ബുദ്ധി കുറഞ്ഞവരുമായിരുന്നുവെന്നാണ്, ‘ഗുരുജി’ പരോക്ഷമായി പറയുന്നത്. അതുകൊണ്ടാണത്രേ, എ.ഡി എട്ടാം നൂറ്റാണ്ടോടടുപ്പിച്ച് ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ കേരളത്തിലെത്തിയത്. കേരളത്തില്‍ അധിവസിച്ചിരുന്ന ജനങ്ങളെ ‘ഉയര്‍ത്തുന്ന’തിനുവേണ്ടി ആദ്യം ‘സംബന്ധ’സമ്പ്രദായവും പിന്നീട് ‘ആദ്യരാത്രി ബന്ധ’വും അവരുണ്ടാക്കി. ഒരു സമുദായത്തിലെ സ്ത്രീകളെ മുഴുവന്‍ തങ്ങളുടെ വെപ്പാട്ടിമാരാക്കിയ ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍, കേരളീയ സംസ്‌കാരത്തെയും മൂല്യങ്ങളെയും കാമപ്പേക്കൂത്താക്കി മാറ്റുകയായിരുന്നു.

‘കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍’ എന്ന കൃതിയില്‍, ഇളംകുളം കുഞ്ഞന്‍പിള്ള പറയുന്നു: ‘കൊല്ലം നാലു മുതല്‍ ഏഴു വരെ ശതകങ്ങള്‍, നമ്പൂതിരിമാരുടെ പുളപ്പുകാലമാണ്. കേരള സ്ത്രീകള്‍ക്കു പാതിവ്രത്യം ആവശ്യമില്ലെന്ന് നമ്പൂതിരിമാര്‍ അവരുടെ ആവശ്യത്തിനു വേണ്ടി നിയമമുണ്ടാക്കി. ഈ നിയമം സ്വതന്ത്രകളായി ജീവിച്ചിരുന്ന ദേശവാസികളെയും നമ്പൂതിരിമാരുടെ കളത്രങ്ങളെയും സംബന്ധിച്ചിടത്തോളം ഏറെക്കുറേ ഫലിച്ചു.’

ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍, കേരളത്തില്‍ നടത്തിയത് കൂട്ടബലാത്സംഗ(mass rape)മായിരുന്നു. ബലാത്സംഗത്തിന് മാന്യതയും സാധൂകരണവും കിട്ടുന്നതിനു വേണ്ടി, ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ സൃഷ്ടിച്ച വ്യവസ്ഥയാണ് സംബന്ധം. ലോകത്തൊരു സ്ത്രീയും ബലാത്സംഗത്തിനു വഴങ്ങുകയില്ല. മലയാളി സ്ത്രീകളുടെ സഹജമായ പ്രതിരോധത്തെ തകര്‍ക്കുന്നതിനു വേണ്ടി ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ ബലാത്സംഗത്തിന് മതത്തിന്റെയും ധര്‍മത്തിന്റെയും പരിവേഷം നല്‍കി. ക്രമേണ ‘സനാതന ഹിന്ദുധര്‍മ്മ’ത്തിന്റെ പ്രതിച്ഛായ ആര്‍ജിച്ച ‘കൂട്ടബലാത്സംഗം’, സംബന്ധം എന്ന വിവാഹസമ്പ്രദായമായി പരിണമിക്കുകയാണുണ്ടായത്.

തുടര്‍ന്ന് ഒരു വിഭാഗം മലയാളി സ്ത്രീകള്‍ ‘കൂട്ടബലാത്സംഗ’ത്തെ ആന്തരികവല്‍കരിക്കുകയും ചെയ്തു. എ.ഡി എട്ടാം നൂറ്റാണ്ടുമുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ അനുസ്യൂതം തുടര്‍ന്നുവന്ന സംബന്ധം, വാസ്തവത്തില്‍, ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ മലയാളികള്‍ക്കെതിരെ നടത്തിയ ‘ലൈംഗികകുറ്റകൃത്യ’മാണ്. ഹിന്ദുയിസമെന്ന പേരില്‍ അവര്‍ മലയാളികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച വിത്തുകള്‍, പുരാണങ്ങള്‍, ദൈവങ്ങള്‍, മൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം ഈ ലൈംഗിക കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനുള്ള ഉപാധികള്‍ മാത്രമായിരുന്നു.

എം.എസ് ഗോള്‍വാള്‍ക്കര്‍ ആര്‍.എസ്.എസ് യോഗത്തില്‍

വ്യതിരിക്തവും സ്വതന്ത്രവുമായ സംസ്‌കാരവും ജീവിതരീതിയും പിന്തുടരുന്ന ഒരു ജനതയെ കീഴ്പ്പെടുത്തുന്നതിനും കൊള്ളയടിക്കുന്നതിനുമുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗം അവരെ ലൈംഗികമായി കീഴ്പ്പെടുത്തുകയെന്നതാണ്. തങ്ങള്‍ക്ക് അധീനമാകുന്ന പ്രദേശത്തെയും അവിടുത്തെ ജനതയെയും ലൈംഗികകോളനി(sexual colony)യാക്കുകയെന്ന തന്ത്രമാണ്, കേരളത്തില്‍ ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ ആവിഷ്‌കരിച്ചത്.

സാമ്പത്തികവും രാഷ്ട്രീയവും മതപരവുമായ താല്പര്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന കോളനിവല്‍ക്കരണത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍, ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ കേരളത്തില്‍ നടപ്പാക്കിയ ‘ലൈംഗിക കോളനിവല്‍ക്കരണം’ (sexual colony) തികച്ചും വ്യത്യസ്തമാണ്. ഒരു ജനസമൂഹത്തിലെ സ്ത്രീകളെ, ലൈംഗികാടിമകളാക്കുകയെന്നതിനര്‍ത്ഥം ആ ജനതയുടെ ആത്മാഭിമാനത്തെ വീണ്ടെടുക്കാനാവാത്തവണ്ണം തകര്‍ക്കുകയെന്നതാണ്.

ലൈംഗികകോളനിവല്‍ക്കരണത്തിന്, മതത്തിന്റെ പരിവേഷം നല്‍കുന്നതോടെ, ഇരകളാക്കപ്പെടുന്ന ജനങ്ങള്‍ പ്രതിരോധമില്ലാതെ അത് സ്വീകരിക്കാന്‍ അനുശീലിക്കപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ ‘ലൈംഗിക കോളനി’യില്‍ നിന്ന് പ്രതിഷേധങ്ങളും കലാപങ്ങളുമുണ്ടാകാതിരിക്കാന്‍, ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ കോളനിയെ ‘ഹൈന്ദവവത്ക്കരി’ച്ചു.

ഇന്ന് മലയാളികള്‍ സ്വന്തം മതമെന്ന മട്ടില്‍ പുലര്‍ത്തുന്ന ഹിന്ദുമതവിശ്വാസം, യഥാര്‍ത്ഥത്തില്‍, ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച ‘പുളപ്പുസംസ്‌കാര’മാണ്. മലയാളി സ്ത്രീകള്‍ക്കു പാതിവ്രത്യം ആവശ്യമില്ലെന്നു നിയമമുണ്ടാക്കിയ ഉത്തരേന്ത്യന്‍ ബ്രാഹ്മണരുടെ നിര്‍മിതിയാണ് ഹിന്ദുയിസം എന്ന സത്യം ഇനിയെങ്കിലും മലയാളികള്‍ തിരിച്ചറിയണം.

കൊളോണിയലിസത്തെ ന്യായീകരിക്കുന്നതിനുവേണ്ടി യൂറോപ്യന്‍ കൊളോണിയലിസ്റ്റുണ്ടാക്കിയ സിദ്ധാന്തമാണ് ‘സിവിലൈസിംഗ് മിഷന്‍'(civilizing mission) എന്നത്. കോളനികളിലെ ജനങ്ങളെ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാങ്കേതികമായും ഉയര്‍ത്തുന്ന ചരിത്രനിയോഗത്തിന്റെ നിര്‍വഹണം എന്ന വാദത്തിലൂടെയാണ്, കൊളോണിയലിസ്റ്റുകള്‍ സ്വയം ന്യായീകരിച്ചിരുന്നത്. എന്നാല്‍, കേരളത്തെ കോളനിവല്‍ക്കരിച്ച ഉത്തരേന്ത്യന്‍ ബ്രാഹ്മണരുടെ വാദം തികച്ചും വ്യത്യസ്തമായിരുന്നു.

ഉത്കൃഷ്ടമായ വംശഗുണമുള്ള ബ്രാഹ്മണ ബീജവും സ്വതവേ നികൃഷ്ടമായ മലയാളി സ്ത്രീയുടെ അണ്ഡവും തമ്മിലുള്ള സങ്കരബന്ധത്തിലൂടെ, മലയാളികളെ ‘ഉദ്ധരിക്കുന്ന’ സവിശേഷമായൊരു ചരിത്രനിയോഗമാണ് ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ ഏറ്റെടുത്തത്. ഈ ‘ചരിത്രനിയോഗത്തെ’യാണ് ഗോള്‍വാള്‍ക്കര്‍ അഭിമാനപൂര്‍വം സ്മരിച്ചത്.

12 നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ഉത്തരേന്ത്യന്‍ ബ്രാഹ്മണരുടെ ലൈംഗികകോളനിവത്ക്കരണത്തെ ധീരമായ പരീക്ഷണമെന്ന് നിര്‍വചിച്ച ഗോള്‍വാള്‍ക്കറും ആര്‍.എസ്.എസ്സും മലയാളികളെ അപമാനിക്കുകയാണ് ചെയ്തത്. ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ നൂറ്റാണ്ടുകളോളം മലയാളികള്‍ക്കു മേല്‍ നടപ്പാക്കിയ ‘കൂട്ടബലാത്സംഗ’ത്തെ cross breading എന്ന പേരില്‍ ന്യായീകരിച്ച ഗോള്‍വാള്‍ക്കറുടെ സംഘടനയായ ആര്‍.എസ്.എസ് മലയാളികള്‍ക്ക് അപമാനമാണ്.

ഉത്തരേന്ത്യന്‍ ബ്രാഹ്മണ കൊളോണിയലിസത്തിന്റെ വക്താവായ ആര്‍.എസ്.എസിനെതിരെ മലയാളിയുടെ ദേശീയബോധം സടകുടഞ്ഞെഴുന്നേല്‍ക്കേണ്ട സമയമായിരിക്കുന്നു. ആര്‍.എസ്.എസ്സുകാരുടെ മുഖത്തുനോക്കി ‘ക്വിറ്റ് കേരള’ എന്നുച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന പുതിയൊരു പ്രസ്ഥാനമാണ്, ഉത്തരേന്ത്യന്‍ ഹിന്ദു-ബ്രാഹ്മണ കോളോണിയലിസത്തില്‍ നിന്ന് കേരളത്തെ സ്വതന്ത്രമാക്കാനുള്ള ഏകമാര്‍ഗം.

കടപ്പാട്: ലെഫ്റ്റ്ക്ലിക് ന്യൂസ്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: J Raghu on Golwalkar Rajiv Gandhi Institute Controversy, ‘Golwalkar called Kerala a sexual colony of North Indian Brahmins’

ജെ. രഘു
എഴുത്തുകാരന്‍, സാമൂഹ്യനിരീക്ഷകന്‍