മലയാള സിനിമയുടെ ഖ്യാതി ലോകമെമ്പാടും എത്തിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ചിത്രമായിരുന്നു ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. മലയാളം എന്ന ചെറിയ ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരു ലേഡി സൂപ്പര്‍ ഹീറോ ഴോണറില്‍ സിനിമയൊരുക്കി വന്‍ വിജയമാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും നേടിയത്. മലയാളത്തിലെ സീനിയര്‍ സംവിധായകരിലൊരാളായ പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണി പ്രിയദര്‍ശന്‍ ചന്ദ്ര എന്ന അമാനുഷിക ശക്തിയുള്ള കഥാപാത്രമായി എത്തിയ ചിത്രം 300 കോടിയിലധികം തിയേറ്ററുകളില്‍ നിന്നും നേടിയിരുന്നു.
തിയേറ്ററുകളിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്‌സ്റ്റാറില്‍ റിലീസിനായ ചിത്രം രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മാതൃഭൂമി ലിറ്ററേച്ചര്‍ ഫെസ്റ്റിഫല്‍ വേദിയില്‍ ലോകഃയുടെ സംവിധായകന്‍ ഡൊമിനിക് അരുണുമായുള്ള സെക്ഷനില്‍ സംസാരിക്കവെയായിരുന്നു ചിത്രത്തെക്കുറിച്ചും സംവിധായകനെ കുറിച്ചും പ്രിയദര്‍ശന്‍ സംസാരിച്ചത്.
‘എനിക്ക് ഒരിക്കലും ചിന്തിക്കാന്‍ പറ്റാത്ത വേറയൊരു രീതിയില്‍ സിനിമയെ കാണുന്ന ഒരു കൂട്ടം യുവ സംവിധായകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ഡൊമിനിക്. അവരുടെതായ കാഴ്ച്ചപാട് എനിക്ക് ഒരിക്കലും ലഭിക്കില്ല. ഞാനെത്രത്തോളം സിനിമയെ പുതിയ രീതിയില്‍ കാണാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരുടെ രീതിയില്‍ കാണാന്‍ എനിക്ക് സാധിക്കില്ല. കാരണം അവര്‍ വളര്‍ന്ന ചുറ്റുപാട് അവര്‍ ആഗ്രഹിക്കുന്ന സിനിമ എല്ലാം വേറെയാണ്,’ പ്രിയദര്‍ശന്‍ പറഞ്ഞു.
പ്രിയദര്‍ശന്‍ മാതൃഭൂമി ലിറ്ററേച്ചര്‍ ഫെസ്റ്റിഫലില്‍. Photo: screen grab/ Mathrubhumi news/ youtube.com
താന്‍ സിനിമ പഠിച്ചത് ചാര്‍ളി ചാപ്‌ളിനില്‍ നിന്നുമാണെങ്കില്‍ ഡൊമിനിക് പഠിച്ചത് അവഞ്ചേഴ്‌സ് പോലുള്ള സിനിമകളില്‍ നിന്നുമാകാമെന്നും ഇതിനെ അവിടെ നിന്നും അഡാപ്റ്റ് ചെയ്ത് എങ്ങനെ വിശ്വസനീയമായി നമ്മുടെ കള്‍ച്ചറിലേക്ക് കൊണ്ടുവരാം എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ചിത്രത്തില്‍ നസ്‌ലെന്‍, ചന്തു സലീം, ടൊവിനോ തോമസ്, സാന്‍ഡി മാസ്റ്റര്‍, അരുണ്‍ കുര്യന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്നതിലുപരി 50000 ഷോകള്‍ പൂര്‍ത്തിയാക്കിയ ചിത്രം, ഏറ്റവും കൂടുതല്‍ ഫുട്ഫാള്‍ നേടിയ മലയാള ചിത്രം തുടങ്ങിയ നേട്ടങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. പല ചാപ്റ്ററുകളായി ഒരുങ്ങുന്ന ലോകഃ യൂണിവേഴ്‌സില്‍ ടൊവിനോ അവതരിപ്പിക്കുന്ന ചാത്തന്റെ കഥയാണ് അടുത്തതായി വരാനിരിക്കുന്നത്.
Content Highlight: Priyadarshan talks about Lokah chapter one movie and director Dominic Arun
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.