നമുക്ക് കിട്ടാവുന്നതില്‍ ഏറ്റവും നല്ല കാര്യമാണ് മറവി; പതിനെട്ട് വയസില്‍ ട്രോളുകള്‍ ഞാന്‍ ആസ്വദിച്ചിരുന്നില്ല: പ്രിയ വാര്യര്‍
Malayalam Cinema
നമുക്ക് കിട്ടാവുന്നതില്‍ ഏറ്റവും നല്ല കാര്യമാണ് മറവി; പതിനെട്ട് വയസില്‍ ട്രോളുകള്‍ ഞാന്‍ ആസ്വദിച്ചിരുന്നില്ല: പ്രിയ വാര്യര്‍
ഐറിന്‍ മരിയ ആന്റണി
Tuesday, 3rd February 2026, 5:12 pm

2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷണലായി മാറിയ നടിയാണ് പ്രിയ വാര്യര്‍. ചിത്രത്തിലെ കണ്ണിറുക്കുന്ന സീന്‍ വൈറലായതിന് പിന്നാലെ ആ വര്‍ഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിയായി പ്രിയ മാറിയിരുന്നു.

ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ താന്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പ്രിയ. കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ടെന്നും ആ പ്രായത്തില്‍ അത് ആസ്വദിച്ചില്ലെന്നും നടി പറയുന്നു.

‘ഒരു മനുഷ്യന് സംഭവിക്കാവുന്നതില്‍ ഏറ്റവും മികച്ച കാര്യമാണ് മറവി. ട്രോളുകളും മറ്റും തുടക്കകാലത്ത് ഒരുപാട് കേട്ടിട്ടുണ്ട്. പിന്നെ കുറെ കഴിയുമ്പോള്‍ അതിനോട് പൊരുത്തപ്പെടും. ഒരിക്കലും തുടക്കത്തില്‍ ഞാന്‍ ട്രോളുകള്‍ ആസ്വദിച്ചിരുന്നില്ല. ഞാന്‍ കരിയര്‍ തുടങ്ങുമ്പോള്‍ എനിക്ക് 18 വയസേ ഉണ്ടായിരുന്നുള്ളു.

ആ സമയത്ത് സോഷ്യല്‍ മീഡിയ അങ്ങനെ സജീവമല്ല. സോഷ്യല്‍ മീഡിയ ഒന്ന് കയറിവരുന്ന സമയമായിരുന്നു, ചുറ്റുമുള്ള അന്തരീക്ഷത്തെ ഞാനും മനസിലാക്കുന്നേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ ഒരു പതിനെട്ട് വയസില്‍ അത്തരത്തിലുള്ള ഹേറ്റ് കമന്റോ ട്രോളുകളോ ഒരിക്കലും ഞാന്‍ ആസ്വദിച്ചിട്ടില്ല. അതിനുള്ള മാനസികവസ്ഥ അപ്പോള്‍ ഇല്ല. ഇപ്പോഴാണ് എന്തൊക്കെ ആയാലും ‘ഡോണ്ട് കെയര്‍’ എന്ന ആറ്റിറ്റിയൂഡിലേക്ക് എത്തിയത്. കരിയര്‍ തുടങ്ങിയപ്പോള്‍ എനിക്കും അത് ബുദ്ധിമുട്ടായിരുന്നു,’ പ്രിയ വാര്യര്‍ പറയുന്നു.

ട്രോളുകള്‍ കിട്ടി കഴിയുമ്പോള്‍ സംസാരിക്കുന്നതിലും മറ്റും നമ്മള്‍ വളരെ കോണ്‍ഷ്യസാകുമെന്നും അത് നിങ്ങളെ മറ്റൊരു പേര്‍ഴ്‌സണാലിറ്റിയാക്കുമെന്നും പ്രിയ പറഞ്ഞു. തനിക്ക് ഒരു രീതിയിലുമുള്ള മീഡിയ ട്രെയ്‌നിങ് എടുക്കേണ്ട ആവശ്യം വന്നിട്ടില്ലെന്നും ട്രെയ്‌നിങ് മുഴുവന്‍ ട്രോളുകള്‍ തന്നെ പഠിപ്പിച്ചുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

മലയാളത്തിന് പുറമെ പ്രിയ ഇപ്പോള്‍ അന്യഭാഷകളിലും സജീവമാണ്. അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായയാണ് പ്രിയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയില്‍ ക്യാമിയോ റോളിലാണ് പ്രിയ എത്തിയത്.

Content Highlight: Priya Warrier on the trolls she faced early in her career

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.