പത്തും പന്ത്രണ്ടും സ്ക്രിപ്റ്റുകൾ കാത്തിരിക്കുമ്പോൾ സിനിമ കാണാൻ തോന്നാറില്ല: പൃഥ്വിരാജ്
Malayalam Cinema
പത്തും പന്ത്രണ്ടും സ്ക്രിപ്റ്റുകൾ കാത്തിരിക്കുമ്പോൾ സിനിമ കാണാൻ തോന്നാറില്ല: പൃഥ്വിരാജ്
നന്ദന. ടി
Saturday, 4th July 2026, 7:53 am

മലയാള സിനിമയിൽ നടനായും സംവിധായകനായും നിർമാതാവായും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. ‘വാസ്തവം’, ‘മുംബൈ പൊലീസ്’, ‘എന്ന് നിന്റെ മൊയ്തീൻ’, ‘ആടുജീവിതം’ തുടങ്ങി അഭിനയപ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയ പ്രകടനങ്ങൾ കാഴ്ചവെച്ച അദ്ദേഹം, ‘ലൂസിഫർ’, ‘ബ്രോ ഡാഡി’, ‘എമ്പുരാൻ’ എന്നീ ചിത്രങ്ങളിലൂടെ സംവിധായകനെന്ന നിലയിലും വിജയമുറപ്പിച്ചു.

പൃഥ്വിരാജ്.photo.screen grab/youtube

തന്റെ തന്നെ സിനിമകൾ വീണ്ടും കാണാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ്. പുതിയ ചിത്രമായ ‘ഐ നോബഡി’യുടെ പ്രമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ പഴയ സിനിമകളൊന്നും ഞാൻ ഹാബിച്വലി റീവാച്ച് ചെയ്യാറില്ല. പക്ഷേ ഞാൻ അഭിനയിച്ച ചില സിനിമകൾ വീണ്ടും കാണാൻ എനിക്ക് ഇഷ്ടമാണ്. ഷൂട്ടിങ്ങിനിടയിൽ കാരവനിൽ കാത്തിരിക്കുമ്പോൾ ടെലിവിഷനിൽ എന്റെ ഏതെങ്കിലും സിനിമ വരികയാണെങ്കിൽ ഇരുന്ന് കാണാറുണ്ട്. അതല്ലാതെ പ്രത്യേകിച്ച് സമയം കണ്ടെത്തി എന്റെ സിനിമകൾ റീവാച്ച് ചെയ്യുന്ന ആളല്ല ഞാൻ.

സത്യത്തിൽ ഇത്തരത്തിലുള്ള കണ്ടന്റ് കാണാൻ സമയം തന്നെ വളരെ കുറവാണ്. എനിക്ക് അതിൽ ഒരു കുറ്റബോധവുമുണ്ട്. ഉദാഹരണത്തിന്, ഒരു ദിവസം ഉച്ചയ്ക്ക് ഷൂട്ട് ഇല്ലെങ്കിൽ കുറച്ചുനേരം ഉറങ്ങി, റിലാക്സ് ചെയ്ത്, വൈകുന്നേരമാകുമ്പോൾ ഒരു സിനിമ കാണണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ അപ്പോൾ തന്നെ എനിക്ക് ഓർമ വരും, പത്തോ പന്ത്രണ്ടോ സിനിമകളുടെ സ്ക്രിപ്റ്റുകൾ വായിക്കാനുണ്ടെന്ന്.

ഞാൻ ആ സ്ക്രിപ്റ്റുകൾ വായിച്ച് ‘ചെയ്യാം’ എന്നോ ‘ചെയ്യില്ല’ എന്നോ പറയാൻ വേണ്ടി കുറച്ച് ആളുകൾ മാസങ്ങളായി കാത്തിരിക്കുകയാണ്. അപ്പോൾ ഞാൻ ആലോചിക്കും, അവരെ കാത്തിരുത്തി ഞാൻ ഇരുന്ന് സിനിമ കാണുന്നത് ശരിയല്ലെന്ന്. അതുകൊണ്ടാണ് എന്റെ ഫ്രീ ടൈമിന്റെ ഭൂരിഭാഗവും തിരക്കഥകൾ വായിക്കാനായി ചെലവഴിക്കുന്നത്.

സ്ക്രിപ്റ്റുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതു കൊണ്ട് പുസ്തകങ്ങൾ വായിക്കാൻ തന്നെ സമയം കിട്ടുന്നില്ല. അതിന് എന്താണ് പരിഹാരം എന്നെനിക്കറിയില്ല. അതുകൊണ്ടൊക്കെ തന്നെ എന്റെ സിനിമകൾ റീവാച്ച് ചെയ്യുക എന്ന ഇന്റലിജന്റ് ആയിട്ടുള്ള ഒരു ആക്ടിവിറ്റിയിലേക്ക് എത്തിപ്പെടാൻ മാത്രം സമയം എനിക്ക് കിട്ടാറില്ല, ‘പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ്.photo.screen grab

Content Highlight: Prithviraj talks about rewtaching his movies

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം