അച്ഛന് മലയാള സിനിമയെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു, സീനിയേഴ്സ് ആയ മോഹൻലാലും മമ്മൂട്ടിയൊക്കെ അതിന് നന്ദി പറയണം: പൃഥ്വിരാജ്
Malayalam Cinema
അച്ഛന് മലയാള സിനിമയെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു, സീനിയേഴ്സ് ആയ മോഹൻലാലും മമ്മൂട്ടിയൊക്കെ അതിന് നന്ദി പറയണം: പൃഥ്വിരാജ്
കെ.എസ് ഷാബിന
Saturday, 4th July 2026, 1:56 pm

മലയാള സിനിമയിൽ സ്വന്തം പേര് ഒരു ബ്രാൻഡാക്കി മാറ്റിയ നടനും സംവിധായകനുമാണ് പൃഥ്വിരാജ് സുകുമാരൻ. മലയാളത്തിൽ മാത്രമല്ല, അന്യഭാഷാ ചിത്രങ്ങളിലും ഇന്ന് താരം സജീവ സാന്നിധ്യമാണ്. ‘നന്ദനം’ എന്ന ആദ്യ ചിത്രത്തിലൂടെ നടനായി തുടക്കം കുറിച്ച അദ്ദേഹം, പിന്നീട് മലയാള സിനിമയിലെ സർവകാല റെക്കോഡുകളും തകർത്ത ‘ലൂസിഫർ’ എന്ന ചിത്രത്തിലൂടെ മുൻനിര സംവിധായകരുടെ നിരയിലേക്കും തന്റെ പേര് ചേർത്തുവെച്ചു.

മലയാള സിനിമയുടെ പ്രിയനടനായിരുന്ന സുകുമാരന്റെ മകൻ കൂടിയായ പൃഥ്വിരാജ്, തന്റെ അച്ഛന്റെ വലിയ സിനിമാ സ്വപ്നങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ഇപ്പോൾ. ഏറ്റവും പുതിയ ചിത്രമായ ഐ നോബഡിയുടെ പ്രമോഷന്റെ ഭാഗമായായി ദി ക്യൂ വിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുകുമാരൻ.Photo:The Indian Express

‘എന്റെ അച്ഛൻ ഒരു അക്കാദമീഷ്യനും ഇംഗ്ലീഷ് അധ്യാപകനും ആയിരുന്നു. പക്ഷേ, അച്ഛൻ പഠിപ്പിച്ചത് കൊണ്ടല്ല ഇന്ന് നിങ്ങൾ എല്ലാവരും കളിയാക്കുന്ന രീതിയിലുള്ള എന്റെ ഇംഗ്ലീഷ് ഉണ്ടായത്. അദ്ദേഹം എല്ലാ കാര്യങ്ങളെയും വളരെ അക്കാദമിക് ആയിട്ടാണ് സമീപിച്ചിരുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

അന്ന് കെ.കരുണാകരൻ സാർ അച്ഛനെ കെ.എസ്.എഫ്.ഡി.സി ചെയർമാനാക്കിയപ്പോഴും വളരെ വിവേകത്തോടെയും അക്കാദമിക് ശൈലിയിലുമാണ് അദ്ദേഹം ആ പദവിയെ കൈകാര്യം ചെയ്തത്. ചുമതലയേറ്റയുടൻ അദ്ദേഹം ചെയ്ത ആദ്യ കാര്യം, ഓഫീസ് കലാഭവനിൽ നിന്നും ചിത്രാഞ്ജലി കോംപ്ലക്സിലേക്ക് മാറ്റുകയായിരുന്നു. കാരണം അച്ഛന്റെ കാഴ്ചപ്പാടിൽ തീയേറ്ററുകൾ മാറ്റിനിർത്തിയാൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഏറ്റവും വലിയ അസറ്റ് ചിത്രാഞ്ജലി സ്റ്റുഡിയോ ആണ്. അതുകൊണ്ട് ഓഫീസ് അവിടെ ഇരുന്ന് വേണം പ്രവർത്തിക്കാൻ എന്ന ചിന്തയിലാണ് അദ്ദേഹം അത് മാറ്റിയത്.

മോഹൻലാൽ.മമ്മൂട്ടി.പൃഥ്വിരാജ്:Hollywoodnews

ചിത്രാഞ്ജലിയെക്കുറിച്ച് വലിയ സ്വപ്നങ്ങളും നല്ലൊരു കാഴ്ചപ്പാടും അച്ഛനുണ്ടായിരുന്നു. അതിൽ വിചാരിച്ചതെല്ലാം പൂർത്തിയാക്കാൻ അച്ഛന് സാധിച്ചിട്ടില്ല. അന്ന് ഇതൊക്കെ മനസ്സിലാക്കാനുള്ള പ്രായം എനിക്കില്ലായിരുന്നു, ഞാൻ ഒരു കൊച്ചുകുട്ടിയായിരുന്നു.”

പിന്നീട്, ഈ അടുത്ത കാലത്ത് ഞാൻ ചിത്രാഞ്ജലിയിൽ പോയപ്പോൾ മധു അങ്കിൾ ആയിരുന്നു അവിടെ ചെയർമാൻ. എന്റെ പുതിയ ചിത്രമായ ‘ഐ നോബഡി’യുടെ ലൊക്കേഷനിൽ അദ്ദേഹം വന്നിരുന്നു. അന്ന് മധു അങ്കിൾ എന്നോട് പറഞ്ഞു; ‘സുകുവേട്ടൻ പണ്ട് പറഞ്ഞിരുന്നു, ഇവിടെ ഇതുപോലെയൊരു വലിയ സ്റ്റുഡിയോ കോംപ്ലക്സ് വരണമെന്ന്’. അങ്ങനെയൊരു ദീർഘവീക്ഷണം അച്ഛനുണ്ടായിരുന്നു.

ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ ചലച്ചിത്ര വ്യവസായത്തെ ഇത്രയധികം അഡ്രസ്സ് ചെയ്ത പരിഗണിച്ച മറ്റൊരു ബജറ്റ് എന്റെ ഓർമ്മയിലില്ല. അത് തീർച്ചയായും വലിയ സന്തോഷം നൽകുന്ന കാര്യമാണ്. നിലവിൽ സിനിമയ്ക്കുള്ളിൽ നിലനിൽക്കുന്ന മമ്മൂട്ടിയും മോഹൻലാലും ഞാനും അടക്കമുള്ള മുതിർന്ന ആളുകളാണ് ഇതിന് നന്ദി പറയേണ്ടത്’, പൃഥ്വിരാജ് പറഞ്ഞു.

Content Highlight:Prithviraj Sukumaran Talks about his father sukumaran

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.