ആരും ഓണക്കപ്പും നോക്കി വരേണ്ട, കപ്പ് മാമ്പറക്കല്‍ തറവാട്ടിലേക്കുള്ളതാണ്; പാക്കപ്പ് പാര്‍ട്ടിയില്‍ സൂചന നല്‍കി പൃഥ്വിരാജ്
Malayalam Cinema
ആരും ഓണക്കപ്പും നോക്കി വരേണ്ട, കപ്പ് മാമ്പറക്കല്‍ തറവാട്ടിലേക്കുള്ളതാണ്; പാക്കപ്പ് പാര്‍ട്ടിയില്‍ സൂചന നല്‍കി പൃഥ്വിരാജ്
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 23rd June 2026, 10:01 pm

ആവേശം കൊള്ളിച്ച ഒട്ടനവധി സിനിമകള്‍ റിലീസായ 2026ന്റെ ആദ്യ പകുതിയായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്. 200 കോടി കടന്ന വാഴ 2വും ദൃശ്യം 3യും നൂറടിച്ച ആട് 3യും അടക്കം വമ്പന്‍ ബിസിനസിനായിരുന്നു 2026ല്‍ മോളിവുഡ് സാക്ഷ്യം വഹിച്ചത്. ഈ കുതിപ്പ് രണ്ടാം പകുതിയിലും തുടരാന്‍ കെല്‍പുള്ള ചിത്രങ്ങളാണ് സൂപ്പര്‍ താരങ്ങള്‍ അണിയറയില്‍ ഒരുക്കിയിരിക്കുന്നത്. ഓണം റിലീസായെത്തുന്ന ചിത്രങ്ങളാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും കാണാം.

ഖലീഫ. Photo: X.com

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയും ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിമും നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബത്‌ലഹേം കുടുംബ യൂണിറ്റും തിയേറ്ററുകളിലേക്കെത്തുന്നതോടെ വലിയ മത്സരമായിരിക്കും ഓണത്തിന് നടക്കുക എന്നതില്‍ സംശയമില്ല.

2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്ത വലിയ പരാജയമായതിന് ശേഷം ദുല്‍ഖര്‍ ഒരു മലയാള ചിത്രവുമായി എത്തുന്നു എന്ന പ്രത്യകത ഐ ആം ഗെയിമിന് ഉണ്ട്. അതിനാല്‍ തന്നെ എല്ലാ പഴുതുകളുമടച്ച് വിന്നറാവാന്‍ തന്നെയായിരിക്കും ദുല്‍ഖര്‍ ചിത്രത്തിന്റെ ശ്രമം. എന്നാല്‍ മറുവശത്ത് ഓണക്കപ്പ് തൂക്കാന്‍ ആരും എത്തേണ്ടതില്ലെന്ന് ഉറക്കെ പറയുകയാണ് പൃഥ്വിരാജിന്റെ ഖലീഫ. കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് ചിത്രത്തിന്റെ പാക്കപ്പ് പാര്‍ട്ടിയില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ചിത്രത്തെ കുറിച്ച് കൂടുതല്‍ ഹൈപ്പ് പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്.

ചിത്രത്തിന്റെതായി നേരത്തേ വന്ന ടീസര്‍ വമ്പന്‍ ആക്ഷന്‍ ചിത്രമായി തന്നെയാണ് ഖലീഫ ഒരുക്കുന്നതെന്ന് സൂചന നല്‍കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ മരുഭൂമിയില്‍ വെച്ചുള്ള ഫൈറ്റ് സ്വീകന്‍സിനെയും ചേസ് സീനിനെയും കുറിച്ചാണ് പൃഥ്വി ചടങ്ങില്‍ സംസാരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായില്‍ ഷൂട്ട് ചെയ്ത പോര്‍ഷന്‍സ് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നും ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും പൃഥ്വി പറയുന്നു. മറ്റൊരു രാജ്യത്ത് ഷൂട്ട് ചെയ്്ത ചിത്രത്തിന് ഇത്രയും വലിയ ഒരു പാക്കപ്പ് പാര്‍ട്ടി ലഭിക്കുന്നത് തന്റെ ആദ്യത്തെ അനുഭവമാണെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

ഖലീഫ. Photo: X.com

ഖലീഫയില്‍ സ്വര്‍ണക്കള്ളക്കടത്തുകാരനായ മാമ്പറക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. എന്നാല്‍ വലിയ ഒരു വിഭാഗം പ്രേക്ഷകരും കാത്തിരിക്കുന്നത് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത് കാണാനായിട്ടാണ്. മാമ്പറക്കല്‍ അഹമദ് അലി എന്ന കഥാപാത്രമായി താരം കാമിയോ റോളുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ക്ലാഷിനൊരുങ്ങുന്ന ചിത്രങ്ങളില്‍ മുന്‍തൂക്കം ഖലീഫയ്ക്കാണെന്ന് കാണാം.

Content Highlight: Prithviraj’s Khalifa  leads in hype for onam clash Malayalam films

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.