വാരണാസിയിലെ കുംഭ എന്ന കഥാപാത്രത്തിലേക്ക് എങ്ങനെ എന്നെ കാസ്റ്റ് ചെയ്തു എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്: പൃഥ്വിരാജ്
Malayalam Cinema
വാരണാസിയിലെ കുംഭ എന്ന കഥാപാത്രത്തിലേക്ക് എങ്ങനെ എന്നെ കാസ്റ്റ് ചെയ്തു എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്: പൃഥ്വിരാജ്
അശ്വിന്‍ രാജേന്ദ്രന്‍
Friday, 3rd July 2026, 9:56 pm

യുവതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ അറിയപ്പെടുന്ന ചുരുക്കം ചില അഭിനേതാക്കളിലൊരാാണ് പൃഥ്വിരാജ്. അഭിനേതാവ് എന്നതിലുപരി മോളിവുഡില്‍ വമ്പന്‍ വിജയം നേടിയ രണ്ട് ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് താരം. കെ.ജി.എഫ് എന്ന ചിത്രത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറില്‍ പ്രഭാസിനൊപ്പം നായകതുല്യമായ വേഷമായിരുന്നു പൃഥ്വി അവതരിപ്പിച്ചത്. എന്നാല്‍ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന വാരണാസി.

ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന വിശേഷണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയുമാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങള്‍. ചിത്രത്തിന്റെ സെറ്റിലെ അനുഭവങ്ങളെ കുറിച്ചും സംവിധായകന്‍ രാജമൗലിയെ കുറിച്ചം പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം ഐ നോബഡിയുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

വാരണാസി. Photo: T Series

‘മലയാള സിനിമയ്ക്ക് പുറത്ത് ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളായിട്ടുള്ള സെറ്റാണ് വാരണാസി. മലയാളത്തില്‍ എല്ലാം നമ്മുടെ സുഹൃത്തുക്കളാണ്. രാജമൗലി സാറോട് എനിക്ക് ഭയങ്കരമായ റെസ്‌പെക്ട് ഉണ്ട്. ഉദാഹരണത്തിന് എസ്.എസ് രാജമൗലി സാറുടെ സെറ്റില്‍ ആരാണ് അദ്ദേഹം എന്ന് അറിയാത്തൊരാള്‍ വന്ന് ഇദ്ദേഹം സംവിധാനം ചെയ്യുന്നത് കണ്ടാല്‍, വര്‍ഷങ്ങളായി ഒരു സിനിമ ചെയ്യാന്‍ കാത്തിരുന്ന് ഒടുവില്‍ തന്റെ ആദ്യ സിനിമ ചെയ്യുന്ന ആളെ പോലെയാണ് തോന്നുക. അതില്‍ തന്നെയുണ്ട് നമ്മള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കേണ്ട കാര്യങ്ങളെല്ലാം.

അത്രയും ഹാര്‍ഡ് വര്‍ക്കിങ് ആണ് അദ്ദേഹം. രാവിലെ ഏഴ് മണിക്കാണ് കോള്‍ ഷീറ്റെങ്കില്‍ രാവിലെ അഞ്ചേമുക്കാലിന് ലൊക്കേഷനിലെത്തുന്ന ഏറ്റവും അവസാനം അവിടെ നിന്ന് പോകുന്ന സംവിധായകനാണ് അദ്ദേഹം. അവിടെ നിന്ന് പോയി കഴിഞ്ഞാലും ഓരോ സീനിന്റെയും കാര്യ പറഞ്ഞ് അദ്ദേഹം വോയിസ് മെസേജ് അയക്കും. ഞാന്‍ വ്യക്തിപരമായി അദ്ദേഹത്തിന്റെ വലിയ ഫാനാണ്. രാജമൗലി എന്ന സംവിധായകന്റെ സ്‌കില്ലും ക്രാഫ്റ്റും എല്ലാം ലോകം ഓള്‍റെഡി കണ്ടതാണ്. പക്ഷേ അദ്ദേഹത്തിന്റെ ഈ രീതികളെല്ലാം എനിക്ക് ഒരു ഡിസ്‌കവറി ആയിരുന്നു.

വാരണാസി. Photo: T Series

അദ്ദേഹം ആ ക്യാരക്ടര്‍ എന്നെ വിശ്വസിപ്പിച്ചേല്‍പ്പിച്ചതാണ് എന്ന കാര്യം എനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നുണ്ട്. എന്റെ ഒരു വലിയ ഭാഗ്യമോ, ഈശ്വരാനുഗ്രഹമോ ആയിട്ടാണ് ഞാന്‍ ഈ അവസരത്തെ കാണുന്നത്. അദ്ദേഹം ആ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ കുംഭ എന്ന ക്യാരക്ടറിലേക്ക് മലയാളത്തില്‍ നിന്നും പൃഥ്വിരാജ് എന്ന നടനെ കാസ്റ്റ് ചെയ്യാന്‍ എങ്ങനെ തോന്നി എന്ന് എനിക്കറിയില്ല. ചോദിച്ചിട്ടുണ്ടെങ്കിലും പെട്ടെന്ന് എന്തെങ്കിലും മറുപടി നല്‍കി അവസാനിപ്പിക്കുകയാണ് അദ്ദേഹം ചെയ്യാറുള്ളത്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithiviraj talks about Varansi movie location and Rajamouli

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.