കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മികച്ച വിജയം നേടുകയും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാവുകയും ചെയ്തതോടെ ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട മസ്ജിദിന് മോദിയുടെ പേര് നല്‍കിയെന്ന പ്രചരണമായിരുന്നു കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത്. മോദി ആരാധകരാണ് ഈ പ്രചരണം നടത്തിയിരുന്നത്. എന്നാല്‍ ഈ പ്രചരണത്തെ ഫാക്ട് ചെക്കിംഗ് വെബ്ബ് സൈറ്റുകള്‍ പൊളിച്ചു.

 

ബംഗളൂരിവിലെ മോദി മസ്ജിദിനെയാണ് പുതിയ മസ്ജിദ് ആയി മോദി ആരാധകര്‍ പ്രചരിപ്പിക്കുന്നത്. ഏതാണ്ട് 1849ല്‍ നിര്‍മ്മിച്ച ഈ മസ്ജിദിന് നരേന്ദ്രമോദിയുമായി യാതൊരു ബന്ധവുമില്ല. അക്കാലത്തെ പ്രമുഖ വ്യവസായിയാരുന്ന മോദി അബ്ദുള്‍ ഖഫൂറാണ് ഈ മസ്ജിദ് നിര്‍മ്മിക്കുന്നത്. അദ്ദേഹത്തിന്റെ അനുസ്മരണാര്‍ത്ഥമാണ് ഈ പേര് മസ്ജിദിന് നല്‍കിയത്. മോദി അബ്ദുള്‍ ഖഫൂറിന്റെ കുടുംബം വേറെയും മസ്ജിദുകള്‍ ബംഗളൂരുവില്‍ നിര്‍മ്മിച്ചിട്ടുണ്ട്. തന്നേരി പ്രദേശത്ത് മോദി റോഡ് എന്ന പേരില്‍ ഒരു റോഡും ഉണ്ട്.

ഈ മസ്ജിദിന് ഏതാണ്ട് 170 വര്‍ഷം പ്രായവും പ്രധാനമന്ത്രിക്ക് ഏതാണ്ട് 69 വയസ്സും പ്രായം ഉണ്ടാവുമെന്ന് മോഡി മസ്ജിദ് ഇമാം ഗുലാം റബ്ബാനി പറഞ്ഞു. രണ്ട് ദശകമായി അദ്ദേഹമാണ് മോദി മസ്ജിദിലെ ഇമാം.

2015ല്‍ മസ്ജിദിന്റെ ഒരു ഭാഗം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി ഉദ്ഘാടനം നടന്ന അതേ ദിവസങ്ങളിലാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയാവുന്നത്. ഇതിനെ തുടര്‍ന്നാണ് പ്രചരണം ഊര്‍ജ്ജിതമായത്.