അവർ ത്രിവർണ പതാക ഉയർത്തിയാണ് ചെങ്കോട്ടയിൽ എത്തിയത്; ദേശീയ പതാക ഉയർന്നു തന്നെ നിന്നു; വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി രജ്ദീപ് സർദേശായി
national news
അവർ ത്രിവർണ പതാക ഉയർത്തിയാണ് ചെങ്കോട്ടയിൽ എത്തിയത്; ദേശീയ പതാക ഉയർന്നു തന്നെ നിന്നു; വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി രജ്ദീപ് സർദേശായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th January 2021, 7:15 pm

ന്യൂദൽഹി: ദൽഹിയിൽ നടന്ന ട്രാക്ടർ മാർച്ചിനിടെ കർഷകർ ചെങ്കോട്ടയിൽ നിന്ന് ത്രിവർണ പതാക മാറ്റിയെന്ന പ്രചരണത്തിന് മറുപടിയുമായി മുതിർന്ന മാധ്യമപ്രവർത്തകൻ രജ്ദീപ് സർദേശായി.

ത്രിവർണ പതാക ആരും തൊട്ടിട്ടില്ല, അത് ഉയർന്നുതന്നെയാണ് നിൽക്കുന്നത്. ചെങ്കോട്ടയിലെ ദേശീയ പതാക മാറ്റി നിഷാൻ സാഹിബ് ഒരു ​ഘട്ടത്തിലും സ്ഥാപിച്ചിട്ടില്ല. അവിടെകൂടിയതിൽ ഭൂരിഭാ​ഗം ആളുകളും ത്രിവർണ പതാകയാണ് വീശിയത്, എന്നാണ് രജ്ദീപ് സർദേശായി പറഞ്ഞത്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധം നടത്തിയ കർഷകരെ ഖലിസ്ഥാനികളെന്ന് വിളിച്ചുള്ള പ്രചരണങ്ങൾ ശക്തമാകുകയാണ്.

 

കർഷകർ ഖലിസ്ഥാനികളാണെന്ന ​ഹാഷ് ടാ​ഗ് ഇതിനോടകം ട്വിറ്ററിൽ ട്രെൻഡിങ്ങിൽ നാലാമതാണ്. ഈ ഘട്ടത്തിലാണ് കർഷകർ ത്രിവർണ പതാക മാറ്റി ഖലിസ്ഥാനി പതാക ഉയർത്തിയെന്ന പ്രചരണവും ശക്തമാകുന്നത്. ഇതിനോടകം തന്നെ പല മുതിർന്ന നേതാക്കളും ചെങ്കോട്ടയിൽ പതാക ഉയർത്തിയ കർഷകരുടെ നടപടിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

ചെങ്കോട്ടയിൽ ഉയർത്തിയ പതാക നിഷാൻ സാഹിബ് എന്നാണ് അറിയപ്പെടുന്നത്. സിഖ് മതവിശ്വാസത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന പതാകയാണിത്. സാധാരണയായി ​ഗുരുദ്വാരകൾക്ക് മുകളിലായാണ് ഈ പതാക ഉയർത്താറുള്ളത്. ഈ പതാകയ്ക്കുള്ളിൽ നീല നിറത്തിലുള്ള സിഖ് ചിഹ്നവുമുണ്ട്. ഇത് ഖണ്ട എന്നാണ് അറിയപ്പെടുന്നത്. ഇരട്ടത്തലയുള്ള വാളാണ് ഈ നീലനിറമുള്ള ഭാ​ഗത്തുള്ള ചിഹ്നം.സാഫ്രോൺ നിറത്തിലുള്ള ഒരു ആവരണവും ഈ പതാകയ്ക്കുണ്ട്

സത്യത്തെ അസത്യത്തിൽ നിന്ന് വേർതിരിച്ച് അറിയാനുള്ള ശക്തമായ ഉപകരണമാണ് ഖണ്ടയെന്ന് സിഖ് മതവിശ്വാസികൾ വിശ്വസിക്കുന്നു. നിഷാൻ ഷാഹിബിന്റെ ചുമതലയുള്ള ഭായ് ആലം സിം​ഗ് എന്നൊരാളെ ഒരു യുദ്ധത്തിൽ മു​ഗൾ സൈന്യം പിടികൂടി പതാക ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടുവെന്നൊരു കഥയുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajdeep Sardesai About Farmers protest in red fort