സി.ജെ.പി, ഇടത് പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികളെ വിലക്കുന്ന സർക്കുലർ പിൻവലിച്ച് തമിഴ്നാട് സർക്കാർ
India
സി.ജെ.പി, ഇടത് പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികളെ വിലക്കുന്ന സർക്കുലർ പിൻവലിച്ച് തമിഴ്നാട് സർക്കാർ
റെന്വര്‍ പി
Wednesday, 19th August 2026, 3:56 pm

ചെന്നൈ: കോക്രോച്ച് ജനതാ പാർട്ടിയോ (സി.ജെ.പി) ഇടത് പക്ഷ പാർട്ടികളോ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ സംസ്ഥാനത്തെ സ്കൂൾ, കൊളേജ് വിദ്യാർത്ഥികൾ പങ്കെടുക്കുന്നതിനെ വിലക്കാൻ നിർദേശിക്കുന്ന തമിഴ്നാട് സർക്കാരിന്റെ സർക്കുലർ പിൻവലിച്ചു.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ സർക്കുലറിലാണ് സി.ജെ.പിയുടെയോ ഇടത് പക്ഷ പാർട്ടികളോ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നത് തടയണമെന്ന നിർദേശമുണ്ടായിരുന്നത്.

സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ജില്ലാ ഭരണകൂടങ്ങൾ എന്നിവ വിദ്യാർത്ഥികൾ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കാളികളാവാതിരിക്കുന്നതിനായി ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ടായിരുന്നു.

ഇത്തരം പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നതിനെ നിരുത്സാഹപ്പെടുത്താനോ തടയാനോ വേണ്ട ഉചിതമായ നടപടികൾ ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കണം. ഇക്കാര്യത്തിൽ എന്തെല്ലാം നടപടികളെടുത്തു എന്ന് വിശദീകരിക്കുന്ന റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.

പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള സർക്കുലർ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കൊളേജുകൾക്ക് അയച്ചിരുന്നു. ഈ സർക്കുലർ പ്രകാരമുള്ള എല്ലാ നിർദേശങ്ങളും പിൻവലിക്കുന്നതായി വകുപ്പ് ഇന്ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഈ ഉത്തരവ് സംസ്ഥാനത്തെ എല്ലാ ആർട്സ് ആൻഡ് സയൻസ് കൊളേജ് പ്രിൻസിപ്പൽമാർക്കും അയച്ചതായും വകുപ്പ് വ്യക്തമാക്കി.

ഈ മാസം 14ന് ഉന്നത വിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറിയിൽ നിന്ന് ഉന്നത വിദ്യാഭ്യാസ ഡയരക്ടറേറ്റിന് ലഭിച്ച ഒരു കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മാസം 17ന് വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘വിദ്യാർത്ഥികളും യുവാക്കളും പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുക്കുന്നത് തടയാൻ സ്കൂൾ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, പൊലീസ് വകുപ്പുകളും ജില്ലാ ഭരണകൂടവും സംയുക്തമായി പ്രവർത്തിക്കണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു,’ എന്ന് ഉന്നത വിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറിയുടെ കത്തിൽ പറയുന്നു.

ഇക്കാര്യത്തിൽ വകുപ്പ് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ഓഗസ്റ്റ് 20നുള്ളിൽ നൽകണമെന്നും സ്പെഷ്യൽ സെക്രട്ടറിയുടെ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി വിജയ്ക്ക് തന്നെയാണ് സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും. സർക്കുലർ പുറപ്പെടുവിച്ചതിൽ തമിഴ്നാട് സർക്കാരിനും മുഖ്യമന്ത്രി വിജയ്ക്കും എതിരെ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് സർക്കാർ ഈ സർക്കുലർ പിൻവലിച്ചത്.

സി.ജ.പിയിൽ നിന്നടക്കം തമിഴ്നാട് സർക്കാർ നടപടിയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തമിഴ്നാട് സർക്കാരിന്റെ സർക്കുലർ ഭരണഘടനാ വിരുദ്ധവും യുക്തിയില്ലാത്തതുമാണെന്നായിരുന്നു സി.ജെ.പി കോ കൺവീനർ സൗരവ് ദാസ് അഭിപ്രായപ്പെട്ടത്.

ഈ വിഷയത്തിൽ ഡി.എം.കെയും വിജയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ബി.ജെ.പിയെ ഭയക്കുന്നതിനാലാണ് വിജയ് സി.ജെ.പിയെ എതിർക്കുന്നതെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പരാമർശത്തിന് സമാനമാണ് വിജയ്‌യുടെ ഈ നീക്കമെന്നും ശരവണൻ അണ്ണാദുരൈ അഭിപ്രായപ്പെട്ടിരുന്നു.

മാതാപിതാക്കളോട് തനിക്ക് വോട്ട് ചെയ്യാൻ അപേക്ഷിക്കണമെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വിജയ് കുട്ടികളോട് പറഞ്ഞത്. എന്നാൽ യുവാക്കളും വിദ്യാർത്ഥികളും പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്നാണ് വിജയ് ഇപ്പോൾ പറയുന്നതെന്നും സരവണൻ അണ്ണാദുരൈ എക്സ് പോസ്റ്റിൽ പറഞ്ഞിരുന്നു.

അതേസമയം, ബി.ജെ.പി നേതാവ് വിനോജ് പി. സെൽവം സർക്കലുറിനെ പിന്തുണച്ചു. സി.ജെ.പിയും ഇടത് സംഘടനകളും അരാജകത്വത്തിന്റെ ഏജന്റുമാരാണെന്നും ബി.ജെ.പി നേതാവ് അഭിപ്രായപ്പെടുകയും ചെയ്തു.

സമീപ ദിവസങ്ങളിലെ തമിഴ്നാട് സർക്കാരിന്റെ മറ്റൊരു സർക്കുലറിനെതിരെയും വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്. താലൂക്കിലെ എല്ലാ വില്ലേജുകളിലെയും സി.പി.ഐ, സി.പി.ഐ.എം അംഗങ്ങളുടെ പേരും വിലാസവും ആവശ്യപ്പെട്ട് ദിണ്ടിഗലിലെ ഗുജിലിയാംപാറൈ തഹസിൽദാർ ഇന്നലെ പുറപ്പെടുവിച്ച സർക്കുലറാണിത്. ഇടതുപക്ഷ പാർട്ടികൾ സർക്കുലറിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു.

ദിണ്ടിഗൽ എം.പി ആർ. സച്ചിതാനന്ദം ഉൾപ്പെടെയുള്ളവർ നടപടിയെ നിയമവിരുദ്ധമെന്ന് വിമർശിച്ചിരുന്നു. സി.പി.ഐ, സി.പി.ഐ.എം നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതിഷേധം ശക്തമായതിന് പിന്നാലെ മണിക്കൂറുകൾക്കകം തഹസിൽദാരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവും ടി.വി.കെ സർക്കാർ പുറപ്പെടുവിച്ചു.

എന്ത് സാഹചര്യത്തിലാണ് തഹസിൽദാർ ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് വ്യക്തമല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പ്രതികരിച്ചു. ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിന് പിന്നിലെ യഥാർഥ കാരണങ്ങൾ ഔദ്യോഗിക അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: ‘Prevent students from joining CJP, Left protests’- Vijay govt’s controversial order

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.